ആലപ്പുഴ: എടത്വായിൽ വ്യത്യസ്ഥ സംഭവങ്ങളിൽ പാടത്തും റോഡിലെ പുൽതകിടിക്കും തീ പിടിച്ചു. ഫയർ ഫോഴ്സിന്റേയും നാട്ടുകാരുടേയും ശ്രമഫലമായി രണ്ടിടത്തും തീ അണച്ചു. എടത്വ ഗ്രാമപഞ്ചായത്ത് രണ്ടാം വാർഡിൽ തായങ്കരി പുത്തൻ വരമ്പിനകം പാടശേഖരത്തും, തിരുവല്ല – അമ്പലപ്പുഴ സംസ്ഥാനപാതയിൽ നീരേറ്റുപുറം പാലത്തിന്റെ അപ്രോച്ച് റോഡിലെ പുൽത്തകടിക്കുമാണ് തീപിടിച്ചത്. പുത്തൻ വരമ്പിനകം പാടശേഖരത്തെ കൊയ്ത്ത് കഴിഞ്ഞ് നെല്ല് സംഭരിക്കുന്നതിന് മുൻപ് കൊച്ചുതറ കോളനിക്ക് സമീപം കച്ചിക്ക് തീ കൊളുത്തിയതാണ് പടരാൻ കാരണമെന്ന് പ്രദേശവാസികൾ പറയുന്നു. പുക പടർന്നതോടെ കോളനിയിലെ രോഗികളും ഭിന്നശേഷിക്കാർക്കും വീടിനുള്ളിൽ പോലും കഴിച്ചുകൂടാൻ പറ്റാത്ത അവസ്ഥയായിരുന്നു. വാർഡ് മെമ്പർ ജിമോൻ ജോസഫ് എടത്വ പോലീസിലും ഫയർഫോഴ്സിലും അറിയിച്ചതിനെ തുടർന്ന് തിരുവല്ല ഫയർഫോഴ്സിന്റെ നേത്യത്വത്തിൽ നാട്ടുകാരുടെ സഹകരണത്തോടെ തീ അണച്ച് കോളനിക്കാരെ സുരക്ഷിതരാക്കി. വ്യാഴാഴ്ച വൈകിട്ടാണ് നീരേറ്റുപുറം പാലത്തിന്റെ അപ്പ്രോച്ച് റോഡിലെ പുൽതകിടിക്ക് തീ പടർന്നത്. പുൽത്തകടിയിൽ പടർന്ന തീ അണക്കാൻ നാട്ടുകാർ ശ്രമിച്ചെങ്കിലും
തീ ആളിപ്പടർന്നതിനെ തുടർന്ന് തിരുവല്ല ഫയർ സ്റ്റേഷൻ ഓഫീസർ ആർ ബാബുവിന്റെ നേതൃത്വത്തിലുള്ള സംഘമാണ് തീ അണച്ചത്.
തീ പടർന്നതോടെ പുക ചുരുൾ പടർന്ന് സംസ്ഥാന പാതയിൽ ഏറെ നേരം ഗതാഗതം സ്തംഭിച്ചിരുന്നു. തീ അണച്ച ശേഷം ഗതാഗതം പുനസ്ഥാപിച്ചു.
വ്യത്യസ്ഥ സംഭവങ്ങളിൽ
പാടത്തും റോഡിലെ പുൽതകിടിയിലും തീ പിടിച്ചു
Advertisements