പത്തനംതിട്ട : അതിക്രമങ്ങളെ സംബന്ധിച്ചുള്ള അവബോധം കുട്ടികള്‍ക്ക് നല്‍കുന്നതില്‍ മാധ്യമങ്ങള്‍ക്കുള്ളത് വലിയ പങ്കെന്ന് ജില്ലാ കളക്ടര്‍ ഡോ. ദിവ്യ എസ് അയ്യര്‍ പറഞ്ഞു. അതിക്രമത്തിനിരയാകുന്ന കുട്ടികളെ സംബന്ധിക്കുന്ന വാര്‍ത്തകള്‍ റിപ്പോര്‍ട്ട് ചെയ്യുമ്പോള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ സംബന്ധിച്ച് മാധ്യമപ്രവര്‍ത്തകര്‍ക്ക് അവബോധം നല്‍കുന്നതിനായി ജില്ലാ ചൈല്‍ഡ് പ്രോട്ടക്ഷന്‍ യൂണിറ്റിന്റെ ആഭിമുഖ്യത്തില്‍ പത്തനംതിട്ട ഹില്‍സ് പാര്‍ക്കില്‍ സംഘടിപ്പിച്ച പരിശീലന പരിപാടി ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു ജില്ലാ കളക്ടര്‍.
കുട്ടികള്‍ക്ക് നേരെയുള്ള അതിക്രമം വര്‍ധിച്ച് വരുന്ന കാലഘട്ടമാണ്.
ചെറുപ്രായത്തിലുള്ള കുട്ടികള്‍ക്ക് ഇതൊന്നും തിരിച്ചറിയാന്‍ കഴിയില്ല. ഗുഡ് ടച്ച്, ബാഡ് ടച്ച് എന്താണെന്ന് നമ്മുടെ കുട്ടികളെ നാം ബോധവാന്മാരാക്കണം. കൂടാതെ സ്വയം ബോധ്യപ്പെടുകയും വേണം. മറ്റുള്ളവരുടെ ഭാവി നിര്‍ണയിക്കുന്ന വലിയ ഉദ്യമമാണ് മാധ്യമ പ്രവര്‍ത്തകരുടേത്. വിവേചനങ്ങള്‍ക്കും ചൂഷണങ്ങള്‍ക്കും ഇരയാക്കപ്പെടുന്ന കുട്ടികള്‍ക്ക് കുടുംബത്തിന്റെ പിന്തുണ അത്യാവശ്യമാണ്. സ്ത്രീകളുടെ ശക്തി ലൈംഗികതയാണ്.
മനുഷ്യരാശിയുടെ പ്രത്യുത്പാദനത്തിന് തന്നെ കാരണമായി നില്‍ക്കുന്നത്. സ്ത്രീയുടേയും പുരുഷന്റേയും ലൈംഗികതയെ ഒരു പോലെ അംഗീകരിക്കണം.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
പുരുഷന്റെ ലൈംഗികത ശരിയും സ്ത്രീകളുടെ ലൈംഗികത തെറ്റുമാണ് എന്ന പൊതുബോധമാണ് സമൂഹത്തിനുള്ളത്. അത്തരം ചിന്തകള്‍ മാറേണ്ട കാലമായിട്ടുണ്ട്. പെണ്‍കുട്ടികള്‍ക്ക് അവരുടെ ശരീരവും, ലൈംഗികതയെപ്പറ്റിയും സംസാരിക്കാനുള്ള പൊതു സ്ഥലം ഇന്നും ഉണ്ടായിട്ടില്ലെന്നും കളക്ടര്‍ പറഞ്ഞു.
ഡിസ്ട്രിക്ട് മോട്ടോര്‍ ആക്‌സിഡന്റ് ക്ലെയിം ട്രിബ്യൂണല്‍ ജഡ്ജ് എസ്. ശ്രീരാജ്, അഡ്വ. ആര്‍. കിരണ്‍രാജ് എന്നിവര്‍ പരിശീലനം നയിച്ചു. പ്രസ് ക്ലബ് സെക്രട്ടറി എ. ബിജു അധ്യക്ഷത വഹിച്ച ചടങ്ങില്‍ ജില്ലാ ശിശുസംരക്ഷണ ഓഫീസര്‍ നിത ദാസ്, മാധ്യമ പ്രവര്‍ത്തക എസ്. ഗീതാഞ്ജലി, ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ സി. മണിലാല്‍, പ്രൊട്ടക്ഷന്‍ ഓഫീസര്‍ ബിനി മറിയം ജേക്കബ്, മാധ്യമ പ്രവര്‍ത്തകര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.