ഹൈദരാബാദ്: വിരുന്നെത്തിയവരാണെന്ന യാതൊരു മര്യാദയും കാട്ടാതെ , സ്വന്തം മൈതാനത്ത് ഹൈദരാബാദിനെ തല്ലിയൊടുത്തിയ ജോസെട്ടന്റെ മികവിൽ രാജസ്ഥാന് ഉജ്വല വിജയം. ആദ്യ പവർ പ്ലേയിൽ നടത്തിയ അഴിഞ്ഞാട്ടത്തിൽ ഇംഗ്ലീഷ് താരം ജോസ് ബട്ലർ നൽകിയ തുടക്കം, സഞ്ജുവും ജയ്സ്വാളും പിൻതുടർന്നതോടെ രാജസ്ഥാൻ രാജകീയമായി തന്നെ വിജയം ആഘോഷിച്ചു…!
ടോസ് നേടിയ ഹൈദരാബാദ് സ്വന്തം മൈതാനത്ത് രാജസ്ഥാനെ ബാറ്റിംങിനയച്ചത് ആഴമേറിയ സ്വന്തം ബൗളിംങ് നിരയിലുള്ള ആത്മവിശ്വാസത്തിലായിരുന്നു. ആ ആത്മവിശ്വാസത്തിന്മേലുള്ള ആണിയായിരുന്നു ജോസ് ബട്ലറുടെ കടന്നാക്രമണം. 22 പന്തിൽ മൂന്നു സിക്സും ഏഴു ഫോറും പറത്തിയ ബട്ലർ 54 റണ്ണാണ് അടിച്ചു കൂട്ടിയത്. അഞ്ചാം ഓവറിന്റെ അഞ്ചാം പന്തിൽ ബട്ലർ പുറത്താകുമ്പോൾ 85 റണ്ണാണ് രാജസ്ഥാന്റെ സ്കോർ ബോർഡിലുണ്ടായിരുന്നത്..!
പവർപ്ലേയുടെ ആനുകൂല്യം പൂർണമായും മുതലാക്കിയ ബട്ലറെ അടികൊണ്ടു വലഞ്ഞ ഫറൂഖി തന്നെ ബൗൾഡാക്കുകയായിരുന്നു. ബട്ലർ പുറത്തായതിനു പിന്നാലെ ആദ്യം അടി തുടഞ്ഞി വച്ച ജയ്സ്വാളും സഞ്ജുവും ഒത്ത് ചേർന്നു. 37 പന്തിൽ ഒൻപത് ഫോർ മാത്രം അടിച്ച ജയ്സ്വാൾ 54 റണ്ണുമായി പുറത്താകുമ്പോൾ ടീം സ്കോർ 139 ൽ എത്തിയിരുന്നു. പിന്നാലെ ദേവ് ദത്ത് പടിക്കലും (02) , റിയാൻ പരാഗും (7) പുറത്തായെങ്കിലും സഞ്ജു ഒരു വശത്ത് വെടിക്കെട്ട് തുടർന്നു.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
16 പന്തിൽ 22 റണ്ണടിച്ച ഹിറ്റ്മേയർ കൂടി എത്തിയതോടെ സഞ്ജു ആക്രമണം കടുപ്പിച്ചു. ഇതിനിടെ നടരാജനെ സിക്സറിനു പറത്താനുള്ള സഞ്ജുവിന്റെ ശ്രമം അവസാനിച്ചത് ബൗണ്ടറി ലൈനിൽ അഭിഷേക് ശർമ്മയുടെ കയ്യിലാണ്. 32 പന്തിൽ നാലു സിക്സും മൂന്നു ഫോറും പറപ്പിച്ച സഞ്ജു 55 റണ്ണെടുത്താണ് പുറത്തായത്. അവസാന ഓവറുകളിൽ നടരാജൻ നടത്തിയ ചെറുത്തു നിൽപ്പാണ് രാജസ്ഥാൻ സ്കോർ ഇതിലുമേറെ ഉയരത്തിലേയ്ക്കു കുതിക്കാതെ തടഞ്ഞു നിർത്തിയത്.
മറുപടി ബാറ്റിങിനിറങ്ങിയ ഹൈദരാബാദിന് ആദ്യ ഓവറിൽ തന്നെ തിരിച്ചടി കിട്ടി. റണ്ണെടുക്കും മുൻപ് തന്നെ അഭിഷേക് ശർമ്മയെയും, രാഹുൽ ത്രിപാത്തിയെയും ബോൾഡ് പുറത്താക്കി. ഈ ഷോക്കിൽ നിന്ന് രക്ഷപെടാൻ ഹൈദരാബാദിന് കഴിഞ്ഞതേയില്ല. പിന്നീട് കൃത്യമായ ഇടവേളകളിൽ വിക്കറ്റ് വീഴ്ത്തിയ രാജസ്ഥാൻ കളിയിൽ പിടിമുറുക്കി. നാല് ഓവറിൽ 21 റൺ മാത്രം വഴങ്ങിയ ബോൾട്ട് രണ്ട് വിക്കറ്റ് വീഴ്ത്തിയപ്പോൾ, 17 റണ്ണിന് നാലു വിക്കറ്റാണ് ചഹൽ പിഴുതത്. അശ്വിനും ഹോൾഡറും ഓരോ വിക്കറ്റ് വീതം വീഴ്ത്തി.