ന്യൂഡൽഹി :‘ദ കേരള സ്റ്റോറി’ക്ക് കേന്ദ്ര സെൻസർ ബോർഡിൻ്റെ പ്രദർശനാനുമതി. ‘എ’ സർട്ടിഫിക്കറ്റോടെയാണ് ചിത്രത്തിന് പ്രദർശനാനുമതി ലഭിച്ചത്. പത്ത് രംഗങ്ങൾ സിനിമയിൽ നിന്ന് നീക്കണമെന്നും സെൻസർ ബോർഡ് നിർദേശിച്ചു.
തീവ്രവാദത്തെ പരാമർശിക്കുന്ന മുൻ മുഖ്യമന്ത്രിയുമായുള്ള അഭിമുഖം പൂർണമായി ഒഴിവാക്കണമെന്നും നിർദേശിച്ചിട്ടുണ്ട്.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
കമ്മ്യൂണിസ്റ്റ് പാർട്ടി നേതാക്കൾ ആചാരങ്ങൾ പാലിക്കാറില്ല എന്ന ഡയലോഗ്, ഹിന്ദു ദൈവങ്ങൾക്കെതിരായ ഡയലോഗുകൾ, ഹിന്ദുക്കളെ അവരുടെ ആചാരങ്ങൾ ചെയ്യാൻ കമ്മ്യൂണിസ്റ്റ് പാർട്ടി സമ്മതിക്കുന്നില്ല എന്ന സംഭാഷണം, ഇന്ത്യൻ കമ്മ്യൂണിസ്റ്റുകൾ കാപട്യക്കാരാണ് എന്ന ഡയലോഗിലെ ‘ഇന്ത്യൻ’ എന്നിവ നീക്കാൻ സെൻസർ ബോർഡ് ആവശ്യപ്പെട്ടിട്ടുണ്ട്.
വിപുൽ അമൃത് ലാൽ നിർമിച്ച് സുദീപ്തോ സെൻ സംവിധാനം ചെയ്ത സിനിമയാണ് കേരള സ്റ്റോറി. സിനിമയുടെ ടീസർ കഴിഞ്ഞ ദിവസം യൂട്യൂബിലൂടെ പുറത്തുവിട്ടിരുന്നു. പിന്നാലെയാണ് ചിത്രത്തിനെതിരെ വ്യാപക വിമർശനം ഉയർന്നത്.
ചിത്രത്തിന് കേരളത്തിൽ പ്രദർശനാനുമതി നൽകരുതെന്നും
കേരള സ്റ്റോറി ബഹിഷ്കരിക്കണമെന്നും അഭിപ്രായങ്ങൾ ഉയർന്നു. മെയ് അഞ്ചിനാണ് സിനിമ തീയറ്ററുകളിലെത്തുക.
മതംമാറി ഐഎസിൽ ചേർന്ന ഒരു യുവതിയുടെ തുറന്നു പറച്ചിലാണ് ടീസറിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. ശാലിനി ഉണ്ണികൃഷ്ണൻ എന്ന നഴ്സായാണ് യുവതി പ്രത്യക്ഷപ്പെടുന്നത്. മതം മാറ്റി ഫാത്തിമ ഭായ് ആയ തന്നെ ഐഎസിൽ എത്തിച്ചെന്നും ഇപ്പോൾ പാകിസ്ഥാൻ ജയിലിലാണെന്നുമാണ് ടീസറിൽ പറയുന്നത്.
ഇത്തരത്തിൽ 32000 സ്ത്രീകളെ മതം മാറ്റിയെന്നും നടന്ന സംഭവങ്ങളിൽ നിന്നും പ്രചോദനം ഉൾക്കൊണ്ടാണ് സിനിമ നിർമ്മിച്ചതെന്നുമാണ് അണിയറപ്രവർത്തകരുടെ അവകാശവാദം.