അതിരമ്പുഴയിൽ നിന്നും
ജാഗ്രതാ ന്യൂസ് ലൈവ്
പ്രത്യേക ലേഖകൻ
കോട്ടയം: ഏറ്റുമാനൂർ അതിരമ്പുഴ തൃക്കയിൽ ക്ഷേത്രത്തിനു സമീപത്തെ വീടുകളിൽ മോഷണ ശ്രമം. വീടുകളിൽ കയറിയ മോഷ്ടാക്കൾ വാതിൽകുത്തിത്തുറക്കാനും, ജനൽപാളികൽ തകർക്കാനും ശ്രമിച്ചു. വാതിലും ജനലും കമ്പി ഉപയോഗിച്ച് കുത്തിത്തുറക്കാൻ ശ്രമിച്ച് പരാജയപ്പെട്ട മോഷണ സംഘം, ഇതേ തുടർന്നു വീടുകളിൽ നിന്നും വസ്ത്രങ്ങളും ചെരുപ്പും മോഷ്ടിക്കുകയും ചെയ്തു. പ്രതികളെന്നു സംശയിക്കുന്ന മൂന്നംഗ സംഘത്തിന്റെ വീഡിയോ പ്രദേശത്തെ സിസിടിവി ക്യാമറകളിൽ പതിഞ്ഞിട്ടുണ്ട്.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
അതിരമ്പുഴ തൃക്കയിൽ ക്ഷേത്രം, മറ്റം കവലയിൽ ഭാഗത്തായിരുന്നു മോഷ്ടാക്കളുടെ അഴിഞ്ഞാട്ടം. ശനിയാഴ്ച പുലർച്ചെ മൂന്നുമണിയോടെയായിരുന്നു കേസിനാസ്പദമായ സംഭവം. അതിരുമ്പുഴ പഞ്ചായത്ത് ഏഴാം വാർഡിലെ വി.എച്ച്.എസ്.ഇയിലെ നഴ്‌സ് ജാസ്മിൻ, പൈമറ്റത്ത് ഇക്ബാൽ, മറ്റം കവല ഭാഗത്തെ രണ്ടു വീടുകൾ എന്നിവിടങ്ങളിലെ വാതിലാണ് കുത്തിത്തുറക്കാൻ ശ്രമിച്ചത്. ഇത് കൂടാതെ മറ്റു ചില വീടുകളിൽ നിന്നും മുറ്റത്ത് ഉണക്കാനാട്ടിരുന്ന വസ്ത്രങ്ങളും, തോർത്തും, ചെരുപ്പുകളും പ്രതികൾ മോഷ്ടിച്ചെടുത്തിട്ടുണ്ട്.
മോഷണ സംഘം വാതിൽ കുത്തിപ്പൊളിക്കാൻ ശ്രമിച്ചതിനെ തുടർന്നു നാട്ടുകാർ ഉണർന്ന് ബഹളം വച്ചതോടെ മോഷണ സംഘം ഓടിരക്ഷപെടുകയായിരുന്നു. എല്ലാ വീടുകളുടെയും അടുക്കള വാതിൽ കമ്പിപ്പാര ഉപയോഗിച്ച് കുത്തിത്തുറക്കാൻ ശ്രമിച്ചതായാണ് വ്യക്തമായിരിക്കുന്നത്. തുണി ഉപയോഗിച്ച് വാലിലിൽ തിരുകിയതായും, പുറത്ത് നിന്നു കമ്പി ഇടയ്ക്ക് തിരുകി വാതിൽ പൊളിക്കാൻ ശ്രമിച്ചതായും വ്യക്തമായിട്ടുണ്ട്. മോഷണ വിവരം അറിഞ്ഞ് വീട്ടുകാർ അതിരമ്പുഴ പഞ്ചായത്ത് അംഗം ബേബിനാസ്് അജാസിനെ ഫോണിൽ ബന്ധപ്പെട്ടു. തുടർന്നു, സ്ഥലത്ത് എത്തിയ പഞ്ചായത്തംഗങ്ങൾ അടക്കം നടത്തിയ പരിശോധനയിലാണ് സിസിടിവി ക്യാമറാ ദൃശ്യങ്ങൾ കണ്ടെത്തിയത്.
പ്രദേശത്തെ വീടുകളിൽ സിസിടിവി ക്യമാറാ സ്ഥാപിച്ചിരുന്ന ഏറ്റുമാനൂർ സിറ്റി സ്‌പേസ് ടെക്‌നോളജി അധികൃതരെ വിളിച്ചു വരുത്തി. തുടർന്നു, കടകളിൽ നിന്നുള്ള സിസിടിവി ക്യാമറാ ദൃശ്യങ്ങൾ ശേഖരിച്ചു. ഇത് പൊലീസിനു കൈമാറുകയും ചെയ്തിട്ടുണ്ട്. മോഷണ ശ്രമം നടന്ന സമയത്ത് ഇവിടെയുണ്ടായിരുന്ന പ്രതികൾ കുറുവ സംഘാംഗങ്ങളാണ് എന്നാണ് സംശയിക്കുന്നത്. ഈ സാഹചര്യത്തിൽ നാട്ടുകാർ പരിഭ്രാന്തിയിലാണ്.