ജയ്പൂർ: താഴ്ചയുടെ പടുകുഴിയിലേയ്ക്കു വീണ് സഞ്ജുവും സംഘവും. നിർണ്ണായകമായ മത്സരത്തിൽ ഗുജറാത്തിനോട് തോറ്റതോടെ രാജസ്ഥാന്റെ പ്ലേ ഓഫ് സാധ്യതകൾ തുലാസിലായി. 37 പന്ത് ബാക്കി നിൽക്കെ ഒൻപത് വിക്കറ്റിനാണ് രാജസ്ഥാന്റെ തോൽവി.
സ്‌കോർ
രാജസ്ഥാൻ – 118/10
ഗുജറാത്ത് – 119/1
ടോസ് നേടി ആദ്യം ബാറ്റ് ചെയ്ത രാജസ്ഥാന് ഒരു ഘട്ടത്തിൽ പോലും ആധിപത്യം പുലർത്താനായില്ല. സ്‌കോർ 11 ൽ നിൽക്കെ ജോസ് ബട്‌ലർ (8) പുറത്തായതോടെ രാജസ്ഥാന്റെ ഘോഷയാത്ര തുടങ്ങി. ബട്‌ലർക്ക് പിന്നാലെ നല്ല രീതിയിൽ കളിച്ചിരുന്ന ജയ്‌സ്വാൾ (14) സഞ്ജുവുമായുണ്ടായ ആശയക്കുഴപ്പത്തിന്റെ പേരിൽ റണ്ണൗട്ടായി. മികച്ച സ്‌ട്രോക്ക് പ്ലേയിലൂടെ റൺ ഉയർത്തിയിരുന്ന സഞ്ജു (30) മോശം ഷോട്ട് സിലക്ഷനിലൂടെ പുറത്തായതോടെ ടീമിന്റെ കൂട്ടത്തകർച്ചയും പിന്നാലെ എത്തി.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
സഞ്ജുവിന് പിന്നാലെ പടിക്കൽ (12), അശ്വിൻ (2), പരാഗ് (4), ജുവറൽ (9), ഹിറ്റ്‌മേർ (7) എന്നിവർ കൂടി പുറത്തായതോടെ രാജസ്ഥാൻ 96 ന് എട്ട് എന്ന നിലയിൽ തകർന്നു. അവസാന ഓവറുകളിൽ ആഞ്ഞു വീശിയ ബോൾട്ട് (15) ആണ് ടീം സ്‌കോർ നൂറ് കടത്തിയത്. ഇതോടെ 17.5 ഓവറിൽ രാജസ്ഥാന്റെ എല്ലാവരും പുറത്തായി. ഗുജറാത്തിനു വേണ്ടി റാഷിദ് ഖാൻ മൂന്നും, നൂറ് അഹമ്മദ് രണ്ടും ജോഷ് ലിറ്റിലും, മുഹമ്മദ് ഷമിയും പാണ്ഡ്യയും ഓരോ വിക്കറ്റ് വീതം വീഴ്ത്തി. മറുപടി ബാറ്റിംങിനിറങ്ങിയ ഗുജറാത്തിന്റെ ബാറ്റിംങ് നിരയ്ക്ക് യാതൊരു വിധ വെല്ലുവിളിയും ഉയർത്താൻ രാജസ്ഥാൻ ബൗളർമാർക്ക് സാധിച്ചില്ല. സാഹയും (41), ഗില്ലും (36) ചേർന്ന് ടീമിനെ വിജയത്തിലെത്തിക്കുമെന്നു കരുതിയെങ്കിലും, ചഹലിന്റെ പന്തിൽ സാംസൺ സ്റ്റമ്പ് ചെയ്തു ഗിൽ പുറത്തായി. പിന്നാലെ എത്തിയ പാണ്ഡ്യ 15 പന്തിൽ 39 റണ്ണുമായി ടീമിനെ വിജയത്തിലേയ്ക്കു നയിച്ചു.