വൈക്കം ചേരിൻ ചുവട്ടിൽ നിന്നും
ജാഗ്രതാ ന്യൂസ് ലൈവ്
പ്രാദേശിക ലേഖകൻ
സമയം – രാത്രി 09.02
വൈക്കം: വെച്ചൂർ റോഡിൽ അട്ടാറ പാലത്തിനു സമീപം നിയന്ത്രണം വിട്ട ബൈക്കുകൾ കൂട്ടിയിടിച്ച് ആറു പേർക്കു പരിക്കേറ്റു. മൂന്നു പേർ ഒരു ബൈക്കിൽ അമിത വേഗത്തിൽ പാഞ്ഞെത്തി മറ്റു രണ്ടു ബൈക്കുകളെ ഇടിച്ചു വീഴ്ത്തുകയായിരുന്നുവെന്നാണ് സൂചന. അപകടത്തിൽപ്പെട്ട മൂന്നു ബൈക്കുകളിലെ ആറു പേരെ, വൈക്കം ജനറൽ ആശുപത്രിയിൽ പ്രാഥമിക ചികിത്സ നൽകിയ ശേഷം കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിലേയ്ക്കു മാറ്റിയിട്ടുണ്ട്. അപകടത്തിൽപ്പെട്ടവരിൽ ഒരാൾ സംഭവ സ്ഥലത്തു നിന്നും രക്ഷപെട്ട് ചേർത്തലയിലെ ആശുപത്രിയിൽ ചികിത്സ തേടിയതായും സൂചനയുണ്ട്.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
വൈക്കം – വച്ചൂർ റോഡിൽ അട്ടാറ പാലത്തിനു സമീപം ശനിയാഴ്ച രാത്രി എട്ടരയോടെയായിരുന്നു അപകടം. അമിത വേഗത്തിൽ വെച്ചൂർ റോഡിൽ നിന്നും പാഞ്ഞെത്തിയ യുവാക്കളുടെ ബൈക്കാണ് അപകടത്തിന് ഇടയാക്കിയത്. മൂന്നു പേരാണ് ബൈക്കിലുണ്ടായിരുന്നത്. വെച്ചൂർ ഭാഗത്തു നിന്നും അതിവേഗം പാഞ്ഞെത്തിയ ബൈക്ക്, മറ്റു രണ്ടു പേരുടെ ബൈക്കിലേയ്ക്ക് ഇടിച്ചു കയറുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ മറ്റു രണ്ടു ബൈക്കുകളിലുണ്ടായിരുന്ന നാലു പേർ റോഡിൽ വീണു. ഒരു ബൈക്കിലുണ്ടായിരുന്ന മൂന്നു പേരിൽ ഒരാൾ ഇതുവഴി എത്തിയ ബസിൽ കയറി രക്ഷപെട്ടതായി നാട്ടുകാർ ആരോപിക്കുന്നു.
ഇതിനു ശേഷം ഓടിക്കൂടിയ നാട്ടുകാർ ചേർന്നാണ് പരിക്കേറ്റവരെ വൈക്കത്തെ ആശുപത്രിയിൽ എത്തിച്ചത്. ഇവിടെ പ്രഥമ ശുശ്രൂഷ നൽകിയ ശേഷം പരിക്കേറ്റവരെ മെഡിക്കൽ കോളേജ് ആശുപത്രിയിലേയ്ക്കു മാറ്റി. കനത്ത മഴയും, ബൈക്ക് യാത്രക്കാരുടെ അമിത വേഗവുമാണ് അപകടകാരണമെന്നാണ് ലഭിക്കുന്ന സൂചന. സംഭവ സ്ഥലത്തു നിന്നും രക്ഷപെട്ട യുവാവ് ചേർത്തല ആശുപത്രിയിൽ ചികിത്സ തേടിയതായി സൂചന ലഭിച്ചിട്ടുണ്ടെന്നു വൈക്കം പൊലീസ് സംഘം ജാഗ്രതാ ന്യൂസ് ലൈവിനോടു പറഞ്ഞു.
സംഭവത്തിൽ ഉൾപ്പെട്ട മൂന്നംഗ യുവാക്കളുടെ സംഘത്തിന്റെ രീതികൾ ദൂരൂഹമാണെന്നും ഇവരുടെ നീക്കങ്ങളും യാത്രകളും വിശദമായി പരിശോധിക്കുമെന്നും പൊലീസ് സംഘം പറഞ്ഞു. പരിക്കേറ്റ ആരുടെയും നില ഗുരുതരമല്ലെന്നാണ് മെഡിക്കൽ കോളേജ് ആശുപത്രിയിൽ നിന്നും ലഭിച്ച സൂചന.