കോട്ടയം: ശനിയാഴ്ച പുലർച്ചെ അതിരമ്പുഴയിലെ വീടുകളിൽ മോഷണശ്രമ പരമ്പരയുണ്ടായതിനു പിന്നാലെ അതീവ ജാഗ്രതാ നിർദേശവുമായി പൊലീസ്. അതിരമ്പുഴയിലും പരിസരപ്രദേശത്തും മോഷണ ശ്രമവും വീടുകൾക്കു നേരെ ആക്രമണവും ഉണ്ടായതായി ജാഗ്രതാ ന്യൂസ് ലൈവ് റിപ്പോർട്ട് ചെയ്തിരുന്നു. ഇതിനു പിന്നാലെ രാത്രിയിൽ കയ്യിൽ ആയുധവുമായി നടക്കുന്ന മോഷണ സംഘത്തിന്റെ വീഡിയോ ദൃശ്യങ്ങളും ജാഗ്രതാ ന്യൂസ് ലൈവ് പുറത്തു വിട്ടിരുന്നു. മോഷണത്തിന് എത്തിയത് കുറുവാ സംഘമാണ് എന്ന നാട്ടുകാരുടെ സംശയത്തിന്റെ അടിസ്ഥാനത്തിലാണ് ഏറ്റുമാനൂർ പൊലീസും, പഞ്ചായത്തും ചേർന്ന് ജാഗ്രതാ നിർദേശവുമായി ഏറ്റുമാനൂർ നഗരത്തിൽ വാഹനത്തിൽ അനൗൺസ്മെന്റ് നടത്തിയത്.
ശനിയാഴ്ച പുലർച്ചെ മൂന്നു മണിയോടെയാണ് കയ്യിൽ ആയുധവുമായി മുണ്ടും ധരിച്ച് മോഷണ സംഘം അതിരമ്പുഴ പ്രദേശത്ത് എത്തിയത്. എന്നാൽ, ഈ സംഘം കുറുവാ സംഘമാണ് എന്ന പ്രചാരണമാണ് നാട്ടുകാർ നടത്തിയത്. നാട്ടുകാരുടെ പ്രചാരണം ശക്തിപ്പെടുത്തുന്ന നടപടിയാണ് പൊലീസിന്റെയും പഞ്ചായത്തിന്റെയും ഭാഗത്തു നിന്നും ഉണ്ടായത്. അതിരമ്പുഴയിലും പരിസരത്തും മുന്നറിയിപ്പ് അനൗൺസ്മെന്റാണ് പൊലീസും പഞ്ചായത്ത് അധികൃതരും നടത്തിയത്. മോഷ്ടാക്കൾ എത്തുന്ന സാഹചര്യം ഉണ്ടായാൽ, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ അടക്കം ഉൾപ്പെടുത്തിയതാണ് പൊലീസും പഞ്ചായത്തും മുന്നറിയിപ്പ് നൽകിയത്.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
ഏറ്റുമാനൂർ സ്റ്റേഷൻ ഹൗസ് ഓഫിസർ ഇൻസ്പെക്ടർ രാജേഷ്കുമാറിന്റെയും, എസ്.ഐ ടി.എസ് റെനീഷിന്റെയും നേതൃത്വത്തിലുള്ള പൊലീസ് സംഘം രാത്രിയിൽ പ്രദേശത്ത് പെട്രോളിങ് നടത്തുകയും പരിശോധന ശക്തമാക്കുകയും ചെയ്തിട്ടുണ്ട്. അതിരമ്പുഴയിലും ഗാന്ധിനഗറിലും, മെഡിക്കൽ കോളേജ് ആശുപത്രി പരിസരത്തും എല്ലാം പൊലീസ് സംഘം നിരീക്ഷണം ശക്തമാക്കിയിട്ടുമുണ്ട്. രാത്രി മുഴുവൻ ജില്ലയിൽ പരിശോധനയും, പെട്രോളിംങും ശക്തമാക്കാനും പൊലീസിനു ജില്ലാ പൊലീസ് മേധാവി ഡി.ശില്പ നിൽദേശം നൽകിയിട്ടുണ്ട്. ഡിവൈ.എസ്.പി ജെ.സന്തോഷ്കുമാറിന്റെ നേതൃത്വത്തിലാണ് പെട്രോളിംങ് നടക്കുക.
മുന്നറിയിപ്പ് നിർദേശങ്ങൾ ഇങ്ങനെ
- വീടിനു പുറത്തെ ലൈറ്റുകൾ തെളിയിക്കുക.
- അസ്വാഭാവികമായ ശബ്ദം കേട്ടാൽ നാട്ടുകാരെയോ അയൽവാസികളെയും വിളിച്ചതിനു ശേഷം മാത്രമേ വീടിന് പുറത്തിറങ്ങാവൂ.
- അടിയന്തര സാഹചര്യമുണ്ടായാൽ ഉടൻ തന്നെ പൊലീസിൽ വിവരം അറിയിക്കുക.
- സിസിടിവി ക്യാമറയുള്ള വീടുകളും, സ്ഥാപനങ്ങളും ഇവ പ്രവർത്തിക്കുന്നു എന്ന് ഉറപ്പ് വരുത്തുക.
- ക്യാമറകൾ കൃത്യമായി പുറത്തേയ്ക്കു വച്ചിട്ടുണ്ടെന്ന് ഉറപ്പാക്കുക.
- വീടുകളുടെ വാതിലും ജനലും അടച്ചിട്ടിട്ടുണ്ടെന്ന് രാത്രി ഉറപ്പാക്കുക. അടുക്കള ഭാഗത്തെ വാതിലുകൾക്ക് ഉറപ്പുണ്ടെന്നു ഉറപ്പാക്കുക.
- ആളുകളെ ഈ കാര്യത്തിൽ പാലിക്കേണ്ട മുൻകരുതലുകൾ അറിയിക്കുവാൻ വാർഡുകളിൽ മൈക്ക് അനൗൺസ്മെന്റ് നടത്തുക.
- അടഞ്ഞു കിടക്കുന്ന വാതിലിനു പിറകിൽ ആയി ഒന്നിലധികം അലുമിനിയം പാത്രങ്ങൾ അടുക്കി വയ്ക്കുക. വാതിലുകൾ കുത്തി തുറന്നാൽ ഈ പാത്രം മറിഞ്ഞു വീണു ഉണ്ടാകുന്ന ശബ്ദം കേട്ടു ഉണരാൻ സാധിക്കും
- വാർഡുകളിൽ ചെറുപ്പകാരുടെ നേതൃത്വത്തിൽ ചെറിയ സംഘങ്ങൾ ആയി തിരിഞ്ഞു സ്ക്വാഡ് പ്രവർത്തനം നടത്തുക.
- അനാവശ്യമായി വീടുകളിൽ എത്തിചേരുന്ന ഭിഷകാർ, ചൂല് വില്പനകാർ, കത്തി കാച്ചികൊടുക്കുന്നവർ, തുടങ്ങിയ വിവിധ രൂപത്തിൽ വരുന്ന ആളുകളെ കർശനമായി അകറ്റി നിർത്തുക.
- അസമയത് എന്തെങ്കിലും സ്വരം കേട്ടാൽ ഉടൻ ലൈറ്റ് ഇടുക. തിടുക്കത്തിൽ വാതിൽ തുറന്നു വെളിയിൽ ഇറങ്ങാതിരിക്കുക.
- അയല്പക്കത്തെ ആളുകളുടെ ഫോൺ നമ്പറും അടുത്തുള്ള പോലീസ് സ്റ്റേഷൻ നമ്പറും കൃത്യമായി ഫോണിൽ സേവ് ചെയുക.
അടിന്തര സാഹചര്യങ്ങളിൽ പൊലീസിനെ ബന്ധപ്പെടുക
ഫോൺ
ക്രൈം സ്റ്റോപ്പർ -1090
ഏറ്റുമാനൂർ സിഐ – 9497987075, 0481 2546660