ബെംഗളൂരു: കേരളത്തില്‍ നിന്നും എത്തുന്ന വിദ്യാര്‍ഥികള്‍ക്ക് പരിശോധന കര്‍ശനമാക്കി കര്‍ണ്ണാടക. സംസ്ഥാനത്തെത്തുന്ന വിദ്യാര്‍ഥികള്‍ക്ക് കൊവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാക്കി. കേരളത്തില്‍ നിന്നും എത്തുന്ന വിദ്യാര്‍ഥികളില്‍ കൂടുതലായി കൊവിഡ് റിപ്പോര്‍ട്ട് ചെയ്യുന്ന സാഹചര്യത്തിലാണ് കര്‍ണ്ണാടക കര്‍ശന നടപടികളിലേക്ക് നീങ്ങുന്നത്. രണ്ടാഴ്ച വിദ്യാര്‍ഥികള്‍ നിര്‍ബന്ധമായും ക്വാറന്റൈനില്‍ ഇരിക്കണം. ഇത് കഴിഞ്ഞ് പതിനാറാം ദിവസം വീണ്ടും കൊവിഡ് പരിശോധന നടത്തം.
അതേസമയം, ഈ മാസം 20ന് ബെംഗളൂരുവില്‍ വിമാനമിറങ്ങിയ രണ്ട് ആഫ്രിക്കന്‍ സ്വദേശികള്‍ക്ക് കൊവിഡ് ബാധിച്ചതിനെത്തുടര്‍ന്നുള്ള ഒമിക്രോണ്‍ ആശങ്കക്ക് വിരാമമായി. ഇവര്‍ക്ക് ഒമിക്രോണ്‍ വകഭേദമാണോ പിടിപെട്ടത് എന്ന ആശങ്കയുണ്ടായിരുന്നു. എന്നാല്‍, ഇവരുടെ രോഗബാധക്ക് കാരണം ഒമിക്രോണ്‍ അല്ലെന്ന് അധികൃതര്‍ അറിയിച്ചു. അതിനാല്‍ പുതിയ വകഭേദം സംബന്ധിച്ച ആശങ്ക സംസ്ഥാനത്ത് ഇല്ലെന്നും സര്‍ക്കാര്‍ അറിയിച്ചു.