സിനിമക്കായി റെയില്‍വേ സ്റ്റേഷനും ട്രെയിനും വാടകയ്ക്ക് എടുത്തു ;ക്ലൈമാക്സിനായി താമസവും റെഡി ആക്കി ;10 ലക്ഷം തിരിച്ചുതന്നാല്‍ തീരുന്നതല്ല നഷ്ടം ;ഞങ്ങൾ പൊട്ടിക്കരഞ്ഞു ; പെപ്പേയ്ക്കെതിരെനിർമ്മാതാക്കൾ

അഡ്വാന്‍സ് വാങ്ങി കമ്മിറ്റ് ചെയ്ത ഒരു ചിത്രത്തില്‍ നിന്ന് നടന്‍ ആന്‍റണി വര്‍ഗീസ് പിന്‍മാറിയതായി സംവിധായകന്‍ ജൂഡ് ആന്‍റണിയുടെ ഒരു അഭിമുഖത്തിലെ ആരോപണവും അതിനോടുള്ള ആന്‍റണിയുടെ പ്രതികരണവുമൊക്കെ കഴിഞ്ഞ ദിവസങ്ങളില്‍ വാര്‍ത്താപ്രാധാന്യം നേടിയതാണ്. ഇപ്പോഴിതാ നടക്കാതെ പോയ ആ സിനിമയുടെ നിര്‍മ്മാതാക്കള്‍ തങ്ങളുടെ ഭാഗം വിശദീകരിച്ച് രംഗത്തെത്തിയിരിക്കുകയാണ്.

Advertisements

സിനിമ ചെയ്യാമെന്ന് ഉറപ്പ് പറഞ്ഞ ആന്‍റണിയുടെ വാക്ക് വിശ്വസിച്ച് മറ്റെല്ലാ തയ്യാറെടുപ്പുകളും പൂര്‍ത്തിയാക്കിയിരുന്നുവെന്നും ഇത് ഭാരിച്ച സാമ്പത്തികച്ചെലവാണ് വരുത്തിവച്ചതെന്നും അവര്‍ പറയുന്നു. അഡ്വാന്‍സ് വാങ്ങിയ 10 ലക്ഷം തിരിച്ചുതന്നാല്‍ തീരുന്നതല്ല ഇതുമൂലം തങ്ങള്‍ നേരിട്ട സാമ്പത്തിക പ്രതിസന്ധികളെന്നും.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

നടക്കാതെപോയ ആ ചിത്രത്തിന്‍റെ നിര്‍മ്മാതാവ് ആയിരുന്ന അരവിന്ദ് കുറുപ്പും എക്സിക്യൂട്ടീവ് പ്രൊഡ്യൂസര്‍ പ്രവീണ്‍ എം കുമാറും ചേര്‍ന്നാണ് യുട്യൂബ് വീഡിയോയിലൂടെ തങ്ങളുടെ ഭാഗം വിശദീകരിച്ച് രംഗത്തെത്തിയത്. തങ്ങള്‍ക്കുവേണ്ടി ജൂഡ് ആന്തണി ജോസഫ് ഒരു ബലിയാട് ആവുന്നതായി തോന്നിയെന്നും ഇവര്‍ പറയുന്നു.

അരവിന്ദ് കുറുപ്പ്, പ്രവീണ്‍ എം കുമാര്‍ എന്നിവര്‍ പറയുന്നു

ജൂഡിന്‍റെ ഇന്‍റര്‍വ്യൂവും ആന്‍റണിയുടെ വാര്‍ത്താസമ്മേളനവും കണ്ടിരുന്നു. എനിക്കുവേണ്ടി ജൂഡ് ബലിയാടാവുന്നു എന്ന് തോന്നി (അരവിന്ദ് കുറുപ്പ്). ഇപ്പോള്‍ ഞാനിത് പറഞ്ഞില്ലെങ്കില്‍ ഞാന്‍ ജൂഡിനോട് ചെയ്യുന്ന വലിയ പാതകമാവും. ചെയ്യാനിരുന്ന സിനിമയുടെ പേര് പറയുന്നില്ല. ജൂഡ് ആണ് ആന്‍റണിയുടെ പേര് നിര്‍ദേശിക്കുന്നത്. കഥ കേട്ടപ്പോള്‍ പോസിറ്റീവ് ആയാണ് പ്രതികരിച്ചത്.

ആ സിനിമ റിലീസ് ചെയ്തിരുന്നെങ്കില്‍ സൂപ്പര്‍ഹിറ്റ് ആവുമെന്ന് ഞങ്ങള്‍ക്ക് ഉറപ്പായിരുന്നു. ആന്‍റണിക്ക് 2 ലക്ഷം അഡ്വാന്‍സ് കൊടുക്കാനാണ് തീരുമാനിച്ചിരുന്നത്. എന്നാല്‍ പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ ഞങ്ങളോട് പറഞ്ഞത് അദ്ദേഹത്തിന് ഒരു ആവശ്യമുണ്ടെന്നും 10 ലക്ഷം വേണമെന്നും ആയിരുന്നു. അഡ്വാന്‍സ് കൊടുക്കുന്ന സമയത്താണ് ആന്‍റണിയെ ഞങ്ങള്‍ ആദ്യമായി കാണുന്നത്. 2019 ജൂണ്‍ 27 നാണ് ഞങ്ങള്‍ അഡ്വാന്‍സ് കൊടുത്തത്. കഥയെക്കുറിച്ചൊക്കെ ആന്‍റണിക്ക് നന്നായി അറിയാവുന്നതാണ്.

നവംബര്‍ അവസാന വാരം അജ​ഗജാന്തരം ലൊക്കേഷനില്‍ എത്തിയാണ് സംവിധായകനും ക്യാമറാമാനും കൂടി പ്രിന്‍റഡ് സ്ക്രിപ്റ്റ് കൊടുത്തത്. തിരക്കഥ വായിച്ചുകൊടുക്കുകയും ചെയ്തു. അപ്പോഴോ പിന്നീടുള്ള രണ്ടാഴ്ചയിലോ എതിരഭിപ്രായങ്ങളൊന്നും ആന്‍റണി പറഞ്ഞില്ല. ഡിസംബര്‍ 10 ന് കാസ്റ്റിംഗ് വീഡിയോ റിലീസ് ചെയ്തു.

അന്നു തന്നെയാണ് ഞങ്ങളുടെ സംവിധായകനും ക്യാമറാമാനും കൂടി അദ്ദേഹം വര്‍ക്ക് ചെയ്തുകൊണ്ടിരുന്ന ആനപ്പറമ്പിലെ വേള്‍ഡ്കപ്പ് എന്ന സിനിമയുടെ മലപ്പുറത്തെ ലൊക്കേഷനില്‍ ചെന്ന് കണ്ടത്. എല്ലാ തയ്യാറെടുപ്പുകളും ആയെന്നും ജനുവരി 10 ന് ആരംഭിക്കാമെന്നും പറഞ്ഞു. അദ്ദേഹവും സമ്മതിച്ചു.

ഷൂട്ടിം​ഗ് ആരംഭിക്കുംമുന്‍പ് ചെയ്തു തീര്‍ക്കേണ്ട ഒരുപാട് കാര്യങ്ങള്‍ ഉണ്ടായിരുന്നു, ലൊക്കേഷന്‍ ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍. കുറച്ച് ട്രെയിന്‍ സീക്വന്‍സുകള്‍ ഉണ്ടായിരുന്നു. കര്‍ണാടകയിലെ ചാമരാജ് ന​ഗറിലെ റെയില്‍വേ സ്റ്റേഷനും ട്രെയിനും വാടകയ്ക്ക് എടുക്കണമായിരുന്നു. അത് സംബന്ധിച്ച നടപടികളെല്ലാം പൂര്‍ത്തിയാക്കി.

വാരണാസിയിലായിരുന്നു ക്ലൈമാക്സ്. അവിടെ താമസം, ഭക്ഷണം എല്ലാം ഏര്‍പ്പെടുത്തി. എല്ലാ സാങ്കേതിക പ്രവര്‍ത്തകര്‍ക്കുമുള്ള അഡ്വാന്‍സും നല്‍കി. അങ്കമാലിയും ലൊക്കേഷന്‍ ആയിരുന്നു. മുന്‍സിപ്പാലിറ്റിയില്‍ നിന്നുള്ള നോ ഒബ്ജക്ഷന്‍ സര്‍ട്ടിഫിക്കറ്റ് വാങ്ങി. പക്ഷേ ഈ സമയത്ത് ആന്‍റണിയെ ബന്ധപ്പെടാന്‍ ആയിരുന്നില്ല.

പിന്നീട് ആന്‍റണിയെ ബന്ധപ്പെട്ട ജൂഡ് തന്നെയാണ് ഡിസംബര്‍ 23 ന് ഞങ്ങളെ അറിയിച്ചത് പുള്ളിക്ക് ഈ സിനിമ ചെയ്യാന്‍ താല്‍പര്യമില്ലെന്ന്. ഡിസംബര്‍ 29 ന് പുള്ളി വര്‍ക്ക് ചെയ്ത സെറ്റില്‍ പോയി കണ്‍വിന്‍സ് ചെയ്യാന്‍ ശ്രമിച്ചു. പക്ഷേ താല്‍പര്യമില്ലെന്നാണ് പറഞ്ഞത്. അദ്ദേഹം ഈ പ്രോജക്റ്റ് ഉപേക്ഷിച്ചെന്ന് പൂര്‍ണ്ണബോധ്യം ആയതിനു ശേഷമാണ് അഡ്വാന്‍സ് വാങ്ങിയ 10 ലക്ഷവും ഞങ്ങള്‍ക്ക് ആകെ ചെലവാതിന്‍റെ 5 ശതമാനവും തിരിച്ച് വേണമെന്ന് പറഞ്ഞത്.

കണ്‍ട്രോളര്‍ വഴി അദ്ദേഹം തിരിച്ച് ഞങ്ങളെ ബന്ധപ്പെട്ടിരുന്നു. ചെലവായതിന്‍റെ 5 ശതമാനം തരാന്‍ പറ്റില്ലെന്ന് പറഞ്ഞു. 2020 ജനുവരി 27 വാങ്ങിയ 10 ലക്ഷം തിരിച്ചുതന്നു, 6 മാസത്തിന് ശേഷം.

ഒരു സിനിമയില്‍ ഒരാള്‍ക്ക് അഡ്വാന്‍സ് കൊടുത്താല്‍ ആ പ്രോജക്റ്റ് തീര്‍ച്ഛപ്പെടുത്തുകയാണ്. ഒരാളെ വിശ്വസിച്ച് അടുത്ത 45 ദിവസം നമ്മള്‍ ചെലവാക്കുന്ന കാശ് വളരെ കൂടുതലാണ്. ആന്‍റണി വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞിരുന്നു ഞങ്ങള്‍ കൈ കൊടുത്ത് പിരിഞ്ഞതാണെന്ന്. കൈ കൊടുത്ത് പിരിഞ്ഞതല്ല. അദ്ദേഹത്തെ ഞങ്ങള്‍ ആകെ രണ്ട് തവണയാണ് നേരില്‍ കണ്ടിട്ടുള്ളത്.

അദ്ദേഹത്തിന്‍റെ കുടുംബം ഇതിലേക്ക് വലിച്ചിഴക്കപ്പെട്ടത് ദൗര്‍ഭാ​ഗ്യകരമാണ്. പക്ഷേ കുടുംബം എന്ന് പറയുന്നത് ഈ ടീമിലെ ഒരാള്‍ക്ക് മാത്രമല്ല ഉള്ളത്. മുറി ക്ലീന്‍ ചെയ്യാന്‍ വരുന്ന ആള്‍ക്കും കുടുംബമുണ്ട്. നിര്‍മ്മാതാക്കള്‍ കാശ് പ്രിന്‍ററില്‍ അടിച്ചുവച്ചല്ല സിനിമ തുടങ്ങുന്നത്. പലരില്‍ നിന്നും പൈസ മേടിച്ചുകൊണ്ടാണ്. അവരോടൊക്കെ ഉത്തരം പറയേണ്ട ​ഗതികേടാണ് വന്നത്. ആ സിനിമ അവിടെ നിന്നു.

3 വര്‍ഷത്തിനിപ്പുറവും ഞങ്ങള്‍ അത് ഉണ്ടാക്കിയ നഷ്ടത്തില്‍ നിന്ന് കര കയറിയിട്ടില്ല. പൈസ എല്ലാവര്‍ക്കും ആവശ്യമുണ്ട്. വിവാഹം വരെയൊന്നും പോകണ്ട, കുട്ടികളുടെ എല്‍കെജി അഡ്മിഷനുവരെ പണം വേണം. ആന്‍റണി അനുഭവിച്ച കാര്യം മാത്രമാണ് ആന്‍റണി പറഞ്ഞത്. കുറച്ച് ഇരുന്ന് ആലോചിച്ചാല്‍ ആന്‍റണി ഇങ്ങനെ പറയുമായിരുന്നില്ല.

അഡ്വാന്‍സ് ആയി 2 ലക്ഷമല്ല, 10 ലക്ഷം വേണമെന്ന് പറഞ്ഞപ്പോള്‍ ആന്‍റണി പറഞ്ഞ കാരണം പെങ്ങളുടെ കല്യാണം എന്ന് തന്നെയാണ്. ഈ സിനിമ വേണ്ടെന്നുവച്ചപ്പോള്‍ ഒരു കൂട്ടം ചെറുപ്പക്കാരുടെ വഴിയാണ് മുട്ടിയത്.

ഞങ്ങളുടെ വീട് തിരുവനന്തപുരത്താണ്. ഈ സിനിമയുടെ പ്രൊഡക്ഷന്‍റെ ഭാ​ഗമായി നാല് മാസം ആലുവയില്‍ ഫ്ലാറ്റ് എടുത്ത് താമസിക്കുകയായിരുന്നു. പ്രോജക്റ്റ് നടക്കില്ലെന്ന് ഉറപ്പായ ഡിസംബര്‍ 31 ന് ആ ഫ്ലാറ്റില്‍ പൊട്ടിക്കരയുകയായിരുന്നു അവരില്‍ പലരും.

Hot Topics

Related Articles

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.