റോക്കിയെ അതിശയിപ്പിക്കുന്ന ജീവിത കഥ കൊണ്ട് ജീവിതത്തിൽ ഹീറോ പരിവേഷം അവകാശപ്പെടുവാൻ അവൻ മാത്രമായിരിക്കും അർഹൻ ; മുംബൈ തെരുവിൽ പാനി പൂരി വിറ്റ് നടന്ന ഉത്തർപ്രദേശുകാരനായ കുരുന്ന് പയ്യൻ ; യശസ്വിയുടെ യശസ്സ് ഇനിയും ഉയരാനിരിക്കുന്നതെയുള്ളൂ ….

സ്പോർട്സ് ഡെസ്ക്ക് : ഷൂ പോളിഷ് ചെയ്ത് കിട്ടിയ പണം കൊണ്ട് വിശപ്പടക്കി ബ്രാൻഡ് നെയിം തേടി അലഞ്ഞ റോക്കി ഭായ് ലോകം അടക്കി വാഴാൻ ആഗ്രഹിച്ചത് അമ്മയുടെ സ്വപ്നങ്ങളുടെ ചിറകിലേറിയായിരുന്നെങ്കിൽ . മുംബൈ തെരുവിൽ പാനി പൂരി വിറ്റ് നടന്ന ഉത്തർപ്രദേശുകാരനായ കുരുന്ന് പയ്യന് മുന്നിലും ഒരു ലക്ഷ്യബോധമുണ്ടായിരുന്നു. ഒരു നേരത്തെ വിശപ്പടക്കാൻ പാനി പൂരി വിറ്റു നടക്കുമ്പോഴും ക്രിക്കറ്റിന്റെ 22 വാര ദൂരം അവന്റെ കാലുകൾക്ക് വേഗത പകർന്നു.
റോക്കിയിലൂടെ യാഷ് വീര പുരുഷനാകുമ്പോൾ എഴുതി തയ്യാറാക്കിയ തിരക്കഥയുടെ ബാക്ക് കർട്ടൻ യാഷിന്റെ പിന്നിലുണ്ടായിരുന്നു.

Advertisements

പക്ഷേ ഇവിടെ റോക്കിയെ അതിശയിപ്പിക്കുന്ന ജീവിത കഥ കൊണ്ട് ജീവിതത്തിൽ ഹീറോ പരിവേഷം അവകാശപ്പെടുവാൻ അവൻ മാത്രമായിരിക്കും അർഹൻ . അതെ വലതു കയ്യിൽ എൽബോ പാഡ് അണിഞ്ഞ് ടെസ്റ്റ് മത്സരങ്ങളിൽ ബാറ്റേന്തുന്ന ബാറ്ററെ പോലെ ഗ്രൗണ്ടിന് നടുവിലേക്ക് നടന്നടുക്കുന്ന ഉയരം കൂടിയ ഒരു മെലിഞ്ഞ പയ്യൻ . പക്ഷേ അവൻ ആദ്യാവസാനം ബാറ്റ് വീശുന്നത് ട്വന്റി ട്വന്റി ക്രിക്കറ്റ് ആവശ്യപ്പെടുന്ന വേഗതയേക്കാൾ എത്രയോ മടങ്ങ് വേഗതയിലാണെന്ന് മാത്രം. അതെ തീർച്ച ……യശസ്വി ജയ്സ്വാൾ എന്ന ഇടം കയ്യൻ ബാറ്ററുടെ യശസ്സ് ഇനിയും ഉയരാനിരിക്കുന്നതെയുള്ളൂ ….


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

പ്രതിഭയുടെ ആഴം കൊണ്ട് ഇന്ന് രാജ്യത്തുള്ള യുവ താരങ്ങളിൽ ഏറ്റവും മികച്ചവരിൽ ഒരാളാണ് ജയ്‌സ്വാൾ എന്നതിൽ തർക്കമില്ല. ദാരിദ്ര്യവും കഷ്‌ടപ്പാടുകളും തടസമായി മാറിയിട്ടും അതിനെയെല്ലാം മറികടക്കാൻ കഴിയുന്ന നിശ്ചയദാർഢ്യം കൈമുതലാക്കിയാണ് ഈ 21കാരൻ ഐപിഎല്ലിൽ ഇന്ന് വിലയേറിയ താരമായി മാറിയത്.

ഉത്തർപ്രദേശിൽ നിന്നും ക്രിക്കറ്റ് സ്വപ്‌നങ്ങളുമായി മുംബൈ മഹാനഗരത്തിലേക്ക് വണ്ടി കയറിയ കൊച്ചു പയ്യന്റെ കഥ ഏവരെയും അതിശയിപ്പിക്കുന്നതാണ്. മുംബൈയിൽ യശസ്വിയെ കാത്തിരുന്നത് കഠിന പരീക്ഷണങ്ങളായിരുന്നു. ആദ്യ നാളുകളിൽ രാത്രികൾ കഴിച്ചു കൂട്ടിയത് ഗോശാലയിലായിരുന്നു. പിന്നീട് അമ്മാവന്റെ വീട്ടിലേക്ക് താമസം മാറ്റി.

എന്നാൽ അവിടെ സ്ഥലപരിമിതി തടസമായതോടെ മുംബൈ ആസാദ് മൈതാനത്തിന് അടുത്തൊരു ടെന്റിലേക്ക് താരം മാറി. ഇക്കാലയളവിൽ തെരുവിൽ പാനി പൂരി വിറ്റാണ് ആസാദിൽ ക്രിക്കറ്റ് കളിക്കാനും, ഭക്ഷണം കഴിക്കാനും ജയ്‌സ്വാൾ പണം കണ്ടെത്തിയത്.

ഇതിനിടയിൽ ക്രിക്കറ്റ് കോച്ചായ ജ്വാല സിംഗിനെ കാണാൻ ഇടയായത് യശസ്വിയുടെ ജീവിതം മാറ്റി മറിച്ചു. താരത്തിന് ആവശ്യമായ പരിശീലനം നൽകുന്നതിനൊപ്പം മതിയായ താമസ സൗകര്യവും ഒരുക്കാൻ അദ്ദേഹം തയ്യാറായി.സ്‌കൂൾ തല ക്രിക്കറ്റ് ടൂർണമെന്റിൽ മികച്ച പ്രകടനം പുറത്തെടുത്താണ് താരം ആദ്യ ശ്രദ്ധ നേടുന്നത്. ഹാരിസ് ഷീൽഡ് ഉൾപ്പെടെയുള്ള പ്രമുഖ ടൂർണമെന്റുകളിൽ യശസ്വി മികവ് കാട്ടി. പിന്നീട് താരത്തിന് ക്രിക്കറ്റ് ജീവിതത്തിൽ ഒരു തിരിഞ്ഞുനോട്ടത്തിനുള്ള അവസരം ഉണ്ടായിട്ടില്ല. 2019ൽ ആഭ്യന്തര ക്രിക്കറ്റിൽ മുംബൈയ്ക്ക് വേണ്ടി അരങ്ങേറി.

5 മത്സരങ്ങളില്‍ നിന്ന് 1845 റൺസാണ് താരം മുംബൈയ്ക്ക് വേണ്ടി രഞ്ജി ട്രോഫിയിൽ നേടിയത്. ഫസ്‌റ്റ് ക്ലാസിൽ ഒൻപത് സെഞ്ചറികളും രണ്ട് അർധ സെഞ്ചറികളും യശസ്വി സ്വന്തം പേരിലാക്കി. ലിസ്‌റ്റ് എയിലും റെക്കോർഡുകൾ താരത്തിന് മുന്നിൽ കടപുഴകി. ലിസ്‌റ്റ് എയിൽ ഇരട്ട സെഞ്ചുറി നേടുന്ന ഏറ്റവും പ്രായം കുറഞ്ഞ താരമായിരുന്നു യശസ്വി. അണ്ടർ 19 ലോകകപ്പിൽ ഇന്ത്യയുടെ ടോപ് സ്കോററും, ടൂർണമെന്റിലെ മികച്ച താരവുമായി.

തുടർന്ന് 2019 ഐപിഎൽ സീസണിലെ താരലേലത്തിൽ 2.4 കോടി രൂപയ്ക്ക് രാജസ്ഥാൻ റോയൽസ് യശസ്വിയെ കൂടാരത്തിൽ എത്തിച്ചു. ഇപ്പോൾ 2023 സീസൺ എത്തി നിൽക്കുമ്പോൾ രാജസ്ഥാൻ നിരയിലെ ഏറ്റവും മികച്ച താരങ്ങളിൽ ഒരാളാണ് ഈ 21കാരൻ.

ഇന്നലെ അതിവേഗ അർദ്ധ സെഞ്ചുറിയുമായി താരം കളം നിറഞ്ഞപ്പോൾ അപ്രതീക്ഷിത തോൽവികൾ മൂലം പോയിന്റ് പട്ടികയിൽ താഴേക്ക് പതിക്കുകയായിരുന്ന റോയൽസിനെ ചുമലിലേറ്റുക കൂടിയായിരുന്നു ജയ്സ്വാൾ.

സ്പെഷ്യലിസ്റ്റ് ബോളർമാർ ഉണ്ടായിട്ടും അവരെ മാറ്റി നിർത്തി ആദ്യ ഓവർ പന്തെറിയാനെത്തിയ കൊൽക്കത്ത ക്യാപ്റ്റൻ നിതീഷ് റാണ ഒരു പക്ഷേ ഇന്നലെ രാത്രി ഉറങ്ങിയിട്ടുണ്ടാവില്ല. ആദ്യ ഓവറിൽ തന്നെ റാണയുടെ ശവപ്പെട്ടിയിൽ ആണിയടിച്ച് ജയ്സ്വാൾ തുടങ്ങി വച്ചത് വരാനിരിക്കുന്ന പുരത്തിന്റെ സാമ്പിൾ വെടിക്കെട്ട് മാത്രം.

എത്ര അനായാസമായി കൃത്യതയോടെ അതിനുമപ്പുറം ആത്മവിശ്വാസത്തോടെയാണ് അവൻ ആദ്യ പന്ത് നേരിട്ടത്. ക്രീസിൽ നിന്നുമിറങ്ങി ലോങ്ങ് ഓഫിന് മുകളിലൂടെ പറന്ന പന്ത് ആ ഓവറിൽ നിലം തൊട്ടിട്ടില്ല. പിറന്നതാകട്ടെ 6 ബോളിൽ 26 റൺസ്. ഇനിയൊരിക്കൽ കൂടി പന്തെറിയാൻ തീരുമാനമെടുക്കും മുൻപ് റാണ ഭീതിയോടെ ഒരു പക്ഷേ ഓർക്കുന്നത് ആ 21 വയസുകാരന്റെ മുഖമായിരിക്കും. പിന്നീടങ്ങോട്ട് യശസ്വിയുടെ യശസ്സുയർത്തുന്ന സ്ട്രോക്ക് പ്ലേയ്ക്കാണ് മൈതാനം സാക്ഷ്യം വഹിച്ചത്.

സഞ്ജു സാംസൺ നയിക്കുന്ന രാജസ്ഥാനിൽ ജോസ് ബട്‌ലർ, ഹെറ്റ്മയർ തുടങ്ങി വമ്പൻ താര നിര തന്നെ ഉണ്ടെങ്കിലും ഏറ്റവും പ്രതീക്ഷ അർപ്പിക്കാവുന്ന ബാറ്ററായി ജയ്‌സ്വാൾ മാറിയെന്നത് തന്നെയാണ് അവന്റെ വിജയഗാഥ. ഷൂ പോളിഷ് ചെയ്ത് ഡോണായ റോക്കി അല്ല ….. പാനി പൂരി വിറ്റ് നടന്ന ബാറ്ററായ യശസ്വിയാണ് ഹീറോ…….

Hot Topics

Related Articles

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.