സ്പോർട്സ് ഡെസ്ക്ക് : അഞ്ചു റണ്‍സ് മാത്രം വഴങ്ങി അഞ്ചു വിക്കറ്റ്! ലഖ്നോ സൂപ്പര്‍ ജയന്‍റ്സിനെതിരായ ഐ.പി.എല്‍ എലിമിനേറ്ററില്‍ മുംബൈ ഇന്ത്യൻസ് നേടിയ ത്രസിപ്പിക്കുന്ന വിജയത്തിനു പിന്നിലെ എൻജിനീയര്‍ ഉത്തരാഖണ്ഡുകാരനായ പേസര്‍ ആകാശ് മധ്‍വാളായിരുന്നു.
3.3 ഓവറിലാണ് 29കാരനായ താരത്തിന്‍റെ അഞ്ച് വിക്കറ്റ് നേട്ടം. ഐ.പി.എല്ലിലെ റെക്കോഡ് ബൗളിങ് പ്രകടനത്തോടെ അനില്‍ കുംബ്ലെ, ജസ്പ്രീത് ബുംറ എന്നിവരടങ്ങുന്ന എലീറ്റ് ക്ലബിലേക്ക് താരവും എത്തി. ടോസ് നേടി ആദ്യം ബാറ്റ് ചെയ്ത മുംബൈ 20 ഓവറില്‍ എട്ട് വിക്കറ്റിന് 182 റണ്‍സെടുത്തു. ലഖ്നോവിന്‍റെ മറുപടി ബാറ്റിങ് 16.3 ഓവറില്‍ 101 റണ്‍സില്‍ അവസാനിച്ചു. വെള്ളിയാഴ്ച നടക്കുന്ന രണ്ടാം ക്വാളിഫയറില്‍ നിലവിലെ ചാമ്ബ്യന്മാരായ ഗുജറാത്ത് ടൈറ്റൻസാണ് മുംബൈയുടെ എതിരാളികള്‍.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
എൻജിനീയറിങ് പഠനം പൂര്‍ത്തിയാക്കിയ മധ്‍വാള്‍, ഉത്തരാഖണ്ഡില്‍നിന്ന് ആദ്യമായി ഐ.പി.എല്‍ കളിക്കുന്ന താരമാണ്. 2022ല്‍ പരിക്കേറ്റ സൂര്യകുമാര്‍ യാദവിന് പകരക്കാരനായാണ് മുംബൈ ഇന്ത്യൻസിനുവേണ്ടി കളത്തിലിറങ്ങുന്നത്. നാലു വര്‍ഷം മുൻപ് വരെ ടെന്നീസ് ബാള്‍ ക്രിക്കറ്റ് കളിച്ചിരുന്ന താരമാണ് ഇന്നലെ ചെന്നൈയിലെ ചെപ്പോക്ക് സ്റ്റേഡിയത്തില്‍ മുംബൈ ആരാധകരുടെ മനംകവര്‍ന്നത്.
2019ലാണ് മധ്‍വാളിന്‍റെ ബൗളിങ് ഉത്തരാഖണ്ഡ് ടീമിന്‍റെ അന്നത്തെ പരിശീലകനായിരുന്ന വാസിം ജാഫറിന്‍റെയും ഇന്നത്ത പരിശീലകൻ മനീഷ് ജായുടെയും ശ്രദ്ധയില്‍പെടുന്നത്. പിന്നാലെ പേസര്‍ റെഡ് ബോളില്‍ പരിശീലനം ആരംഭിച്ചു. ആഭ്യന്തര ക്രിക്കറ്റില്‍ ഉത്തരാഖണ്ഡിനായുള്ള താരത്തിന്‍റെ മിന്നുംപ്രകടനം, 2023 സീസണില്‍ ടീമിന്‍റെ നായക പദവിയിലെത്തിച്ചു.
ഇന്ത്യൻ വിക്കറ്റ് കീപ്പര്‍ ബാറ്റര്‍ ഋഷഭ് പന്തുമായി താരത്തിന് അടുത്ത ബന്ധമുണ്ട്. ഇരുവരും വരുന്നത് ഉത്തരാഖണ്ഡിലെ ഒരേ സ്ഥലത്തുനിന്നാണ്. പന്തിനെ പരിശീലിപ്പിച്ച അവതാര്‍ സിങ്ങിനു കീഴില്‍ മധ്‍വാളും പരിശീലനം നേടിയിട്ടുണ്ട്. പിന്നീടാണ് പന്ത് ഡല്‍ഹിയിലേക്ക് മാറിയത്. ‘അവൻ (ആകാശ്) കഴിഞ്ഞ വര്‍ഷം ഒരു സപ്പോര്‍ട്ട് ബൗളറായി ടീമിന്റെ ഭാഗമായിരുന്നു, ജോഫ്ര ആര്‍ച്ചര്‍ പോയപ്പോള്‍, ഞങ്ങള്‍ക്ക് വേണ്ടി ആ ജോലി ചെയ്യാനുള്ള കഴിവും സ്വഭാവവും അവനുണ്ടെന്ന് മനസ്സിലായി. വര്‍ഷങ്ങളായി മുംബൈ ഇന്ത്യൻസിന്‍റെ വിവിധ താരങ്ങള്‍ ഇന്ത്യക്കായി കളിക്കുന്നത് നമ്മള്‍ കണ്ടിട്ടുണ്ട്’ -മത്സരശേഷം രോഹിത് ശര്‍മ പറഞ്ഞു.