ചങ്ങനാശേരി: ചങ്ങനാശ്ശേരിയിൽ വീടിന് തീപിടിച്ച് അപകടം. പെരുന്ന തിരുമലയിൽ കൊല്ലംപറമ്പിൽ കെ ജി രഞ്ജിത്തിന്റെ വീട്ടിലാണ് തീപിടുത്തം ഉണ്ടായത്. സ്വർണ്ണപ്പണിയ്ക്ക് ഉപയോഗിക്കുന്ന ഗ്യാസ് സിലിണ്ടർ ലീക്കായതാണ് തീപടർന്നു പിടിക്കുവാൻ കാരണമായത്.ഇന്നലെ വൈകുന്നേരം 3.30 ഓടെയാണ് സംഭവം. വീടിനുള്ളിലെ മുറിയ്ക്കുള്ളിൽ സ്വർണ്ണപണികൾ ചെയ്യുന്നതിനിടെയാണ് എൽ പി ജി ഗ്യാസ് ലീക്കായി തീപടർന്നത്. തീപിച്ചതോടെ വീടിനുള്ളിൽ ഉണ്ടായിരുന്നവർ വീടിനു പുറത്തേയ്ക്ക് ഇറങ്ങി മാറി.
വിവരമറിഞ്ഞ് സമീപവാസികൾ സ്ഥലത്തെത്തിയെങ്കിലും ഭീതിമൂലം തീ അണയ്ക്കുവാൻ തയ്യാറായില്ല.ഇതേ തുടർന്ന് വിവരം ചങ്ങനാശേരി അഗ്നിശമനസേനയെ അറിയികുകയായിരുന്നു.അഗ്നിശമന സേനയിലെ രണ്ട് യൂണിറ്റ് എത്തിയാണ് തീ അണച്ചത്. തീ അണച്ചതിനു ശേഷവും സിലിണ്ടറിൽ നിന്നും ഗ്യാസ് ചോർന്നിരുന്നു. വീടിനു കേടുപാടുകൾ സംഭവിക്കാതെ സിലിണ്ടർ വീടിനു പുറത്ത് എത്തിച്ചശേഷമാണ് ചോർച്ച മാറ്റിയതെന്ന് അഗ്നിശമന സേനാംഗങ്ങൾ പറഞ്ഞു. മുറിയ്ക്കുള്ളിലെ മേശ, ത്രാസ് തുടങ്ങിയ ഉപകരണങ്ങൾ കത്തിനശിച്ചു. ഏകദേശം മുപ്പതിനായിരം രൂപയുടെ നാശനഷ്ടമുണ്ടായതായി കണക്കാക്കുന്നു ചങ്ങനാശേരി അഗ്നിശമനസേന സ്റ്റേഷൻ ഓഫീസർ സജിമോൻ ടി ജോസഫ്, അസിസ്റ്റന്റ് സ്റ്റേഷൻ ഓഫീസർ ജോർജ് പോൾ എന്നിവരുടെ നേതൃത്വത്തിലുള്ള സംഘം രക്ഷാ പ്രവർത്തനത്തിന് നേതൃത്വം നൽകി.