ലണ്ടൻ: ഇംഗ്ലീഷ് പ്രീമിയർ ലീഗിലെ അവസാന ദിന മത്സരത്തിൽ മരിച്ചു കളിച്ച എവർട്ടൺ അവസാന നിമിഷം തരംതാഴ്ത്തലിൽ നിന്നും രക്ഷപെട്ടു. വിജയിച്ചിട്ടും ലെസ്റ്ററും, പരാജയപ്പെട്ട ലീഡ്സ് യുണൈറ്റഡും ഒന്നാം ഡിവിഷനിൽ നിന്നും തരംതാഴ്ത്തപ്പെട്ടു. 20 ടീമുകൾ മത്സരിക്കുന്ന ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ നിന്നും മൂന്നു ടീമുകളാണ് തരം താഴ്ത്തപ്പെടുന്നത്. തരം താഴ്ത്തൽ മേഖലയിൽ നിന്നും രക്ഷപെടാനുള്ള അവസാന ശ്രമത്തിനായാണ് 17 ആം സ്ഥാനത്തുള്ള എവർട്ടൺ, 18 ആം സ്ഥാനത്തുള്ള ലെസ്റ്റർ, 19 ആം സ്ഥാനത്തുള്ള ലീഡ്സ് എന്നവർ ഇന്ന് മത്സരിക്കാനിറങ്ങിയത്. 20 ആം സ്ഥാനത്തുള്ള സതാംപ്ടൺ നേരത്തെ തന്നെ ലീഗിൽ നിന്നും തരം താഴ്ത്തപ്പെട്ടിരുന്നു.
നിർണ്ണായകമത്സരത്തിൽ ഗോഡിസൺ പാർക്കിൽ ഇറങ്ങിയ എവർടൺ ബോൺസ്മൗത്തിനെ എതിരില്ലാത്ത ഒരു ഗോളിനാണ് പരാജയപ്പെടുത്തിയത്. ഇതോടെ 38 കളികളിൽ നിന്നും 36 പോയിന്റ് നേടിയ എവർടൺ 17 ആം സ്ഥാനം സ്വന്തമാക്കി തരംതാഴ്ത്തൽ മേഖലയിൽ നിന്നും രക്ഷപെട്ടു. ടോട്ടനമിനോട് ഒന്നിനെതിരെ നാലു ഗോളിന് പരാജയപ്പെട്ടതാണ് ലീഡ്സിന് തിരിച്ചടിയായി മാറിയത്. വെസ്റ്റ് ഹാമിനെ തോൽപ്പിച്ചെങ്കിലും എവർടൺ വിജയിച്ചത് ലെസ്റ്ററിനും തിരിച്ചടിയായി മാറി. 18 ആം സ്ഥാനത്തുള്ള ലെസ്റ്റർ സിറ്റി 34 പോയിന്റോടെയും, 19 ആം സ്ഥാനത്തുള്ള ലീഡ്സ് 31 പോയിന്റോടെയുമാണ് ഒന്നാം ഡിവിഷൻ ലീഗിൽ നിന്നും പുറത്താകുന്നത്.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
കിരീടം നഷ്ടമായെങ്കിലും ലണ്ടനിലെ എമിറേറ്റ്സ് സ്റ്റേഡിയത്തിൽ എതിരില്ലാത്ത അഞ്ചു ഗോളിനാണ് ആഴ്സണൽ വൂൾവ്സിനെ മുക്കിയത്. 11 , 14 മിനിറ്റുകളിൽ ഗ്രാനിറ്റ് സാഖ നേടിയ ഡബിളും, ബുഖായോ സാഖ (27), ഗബ്രിയേൽ ജിസ്യൂസ് (58), ഖിവിയോർ (78) എന്നിവർ നേടിയ ഗോളുകളുമാണ് ആഴ്സണലിനെ വിജയിപ്പിച്ചത്. മറ്റൊരു മത്സരത്തിൽ കിരീടം നേടിയ മാഞ്ചസ്റ്റർസിറ്റിയെ ബ്രെന്റ് ഫോർഡ് തകർത്തു. എതിരില്ലാത്ത ഒരു ഗോളിനാണ് സിറ്റിയുടെ തോൽവി.
ആസ്റ്റൺ വില്ല ഒന്നിനെതിരെ രണ്ട് ഗോളിന് ബ്രിങ്ടൺ ആന്റ് ഹോവ് ആൽബിയോണിനെയും, യുണൈറ്റഡ് ഒന്നിനെതിരെ രണ്ട് ഗോളിന് ഫുൾഹാമിനെയും തോൽപ്പിച്ചു. സതാംപ്ടണും ലിവർപൂളും നാലു ഗോൾ വീതമടിച്ച് സമനിലയിൽ പിരിഞ്ഞു. ക്രിസ്റ്റൽ പാലസും, നോട്ടിംങ്ഹാമും, ചെൽസിയും ന്യൂകാസിലും ഓരോ ഗോൾ വീതം നേടി സമനില പാലിച്ചു.