അഹമ്മദാബാദ്: നിർണ്ണായകമായ ഇന്ത്യൻ പ്രീമിയർ ലീഗ് ഫൈനലിൽ വീണ്ടും മഴ കളിച്ചതോടെ വിജയലക്ഷ്യം പുനർനിർണയിച്ചു. 15 ഓവറാക്കി വെട്ടിച്ചുരുക്കിയ മത്സരം ഇന്ത്യൻ സമയം രാത്രി 12.10 ന് പുനരാരംഭിക്കും. ചെന്നൈയ്ക്ക് വിജയിക്കണമെങ്കിൽ 15 ഓവറിൽ 170 റൺ നേടണം. ടോസ് നേടിയ ചെന്നൈ ഗൂജറാത്തിനെ ബാറ്റിംങിന് അയക്കുകയായിരുന്നു. എന്നാൽ, ഗുജറാത്തിന്റെ ഇന്നിംങ്സിൽ ഉടനീളം ഒഴിഞ്ഞു നിന്ന മഴ ചെന്നൈ ബാറ്റിംങ് ആരംഭിച്ചതോടെ പെയ്യാൻ തുടങ്ങുകയായിരുന്നു. ചെന്നൈ ഇന്നിംങ്സിലെ മൂന്നു പന്ത് മാത്രം നേരിട്ടതിനു പിന്നാലെയാണ് മഴ വീണ്ടും എത്തിയത്.
ടോസ് നഷ്ടമായി ബാറ്റിംങിന് ഇറങ്ങിയ ഗുജറാത്തിന് വെടിക്കെട്ട് തുടക്കമാണ് ഗുജറാത്ത് ഓപ്പണർമാർ നൽകിയത്. സാഹയും (54), ഗില്ലും (39) ചേർന്ന് ആറ് ഓവറിൽ തന്നെ സ്കോർ 67 ൽ എത്തിച്ചു. ധോണിയുടെ മിന്നൽ സ്റ്റമ്പിംങിലൂടെ ഗിൽ പുറത്തായതോടെ അൽപം ആശ്വസിച്ച ചെന്നൈ ആരാധകരുടെ മേൽ തീ കോരിയിട്ടാണ് സായി സുദർശൻ എത്തിയത്. 204 സ്ട്രേക്ക് റേറ്റിൽ ആഞ്ഞടിച്ച സായി സുദർശൻ 47 പന്തിൽ 96 റണ്ണെടുത്ത് പതിരണയുടെ പന്തിൽ വിക്കറ്റിന് മുന്നിൽ കുടുങ്ങുകയായിരുന്നു. പിന്നാലെ എത്തിയ ഹാർദിക് പാണ്ഡ്യ 12 പന്തിൽ 21 റണ്ണടിച്ച് ടീം സ്കോർ 200 കടത്തി.