അഞ്ചാം തമ്പുരാൻ ചെന്നൈ..! അഞ്ചാം കപ്പടിച്ചത് അഞ്ചു വിക്കറ്റിന് ഗുജറാത്തിനെ തകർത്ത്; ചെന്നൈയുടെ വിജയം മഴ നിയമത്തിന്റെ അടിസ്ഥാനത്തിൽ

അഹമ്മദാബാദ്: മഴ പല തവണ കളിമുടക്കിയ മത്സരത്തിൽ അഞ്ചു വിക്കറ്റിന് ഗുജറാത്തിനെ തകർത്ത് അഞ്ചാം കപ്പ് സ്വന്തമാക്കി ചെന്നൈ..! അഹമ്മദാബാദിലെ നരേന്ദ്രമോദി സ്‌റ്റേഡിയത്തിൽ അവസാന പന്ത് ഫോറടിച്ചാണ് ജഡേജ ചെന്നയെ വിജയിപ്പിച്ചത്. മഴയെ തുടർന്നു തടസപ്പെട്ട കളിയിൽ മഴ നിയമപ്രകാരം പുനർ നിർണ്ണയിച്ച 170 എന്ന വിജയലക്ഷ്യം ചെന്നൈ 15 ഓവറിൽ മറികടക്കുകയായിരുന്നു.
സ്‌കോർ
ഗുജറാത്ത് – 214-4
ചെന്നൈ – 171-5 (15 ഓവർ)

ചെന്നൈയ്ക്ക് വിജയിക്കണമെങ്കിൽ 15 ഓവറിൽ 170 റൺ നേടണമെന്നതായിരുന്നു ടാർജറ്റ്. ടോസ് നേടിയ ചെന്നൈ ഗൂജറാത്തിനെ ബാറ്റിംങിന് അയക്കുകയായിരുന്നു. എന്നാൽ, ഗുജറാത്തിന്റെ ഇന്നിംങ്‌സിൽ ഉടനീളം ഒഴിഞ്ഞു നിന്ന മഴ ചെന്നൈ ബാറ്റിംങ് ആരംഭിച്ചതോടെ പെയ്യാൻ തുടങ്ങുകയായിരുന്നു. ചെന്നൈ ഇന്നിംങ്‌സിലെ മൂന്നു പന്ത് മാത്രം നേരിട്ടതിനു പിന്നാലെയാണ് മഴ വീണ്ടും എത്തിയത്.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

ആദ്യം ബാറ്റ് ചെയ്ത ഗുജറാത്തിന് വെടിക്കെട്ട് തുടക്കമാണ് ഗുജറാത്ത് ഓപ്പണർമാർ നൽകിയത്. സാഹയും (54), ഗില്ലും (39) ചേർന്ന് ആറ് ഓവറിൽ തന്നെ സ്‌കോർ 67 ൽ എത്തിച്ചു. ധോണിയുടെ മിന്നൽ സ്റ്റമ്പിംങിലൂടെ ഗിൽ പുറത്തായതോടെ അൽപം ആശ്വസിച്ച ചെന്നൈ ആരാധകരുടെ മേൽ തീ കോരിയിട്ടാണ് സായി സുദർശൻ എത്തിയത്. 204 സ്‌ട്രേക്ക് റേറ്റിൽ ആഞ്ഞടിച്ച സായി സുദർശൻ 47 പന്തിൽ 96 റണ്ണെടുത്ത് പതിരണയുടെ പന്തിൽ വിക്കറ്റിന് മുന്നിൽ കുടുങ്ങുകയായിരുന്നു. പിന്നാലെ എത്തിയ ഹാർദിക് പാണ്ഡ്യ 12 പന്തിൽ 21 റണ്ണടിച്ച് ടീം സ്‌കോർ 200 കടത്തി.

മഴയ്ക്കു ശേഷം ബാറ്റിംങ് പുനരാരംഭിച്ചപ്പോൾ ചെന്നൈയ്ക്ക് 15 ഓവറിൽ വിജയിക്കാൻ വേണ്ടത് 170 റണ്ണായിരുന്നു. 12 റൺ ശരാശരിയിൽ ബാറ്റ് ചെയ്‌തെങ്കിൽ മാത്രമേ ചെന്നൈയ്ക്ക് എന്തെങ്കിലും സാധ്യതകൾ നിലനിൽക്കുന്നുണ്ടായിരുന്നുള്ളു. നാല് ഓവർ മാത്രം നീണ്ട പവർ പ്ലേയിൽ മികച്ച തുടക്കമാണ് കോൺവേയും, ഗെയ്ദ് വാഗും ചേർന്ന് ചെന്നൈയ്ക്ക് നൽകിയത്. നാല് ഓവറിൽ തന്നെ സഖ്യം ടീമിനെ അൻപത് കടത്തി. ആക്രമിച്ചു കളിച്ച കോൺവേ റൺ റേറ്റ് ഉയർത്തുമ്പോൾ അൽപം ഒന്ന് പരുങ്ങി നിന്ന ഗെയ്ദ് വാഗാണ് (26) ആദ്യം പുറത്തായത്. 16 പന്തിൽ ഒരു സിക്‌സും മൂന്നു ഫോറും പറത്തിയ ഗെയ്ദ് വാഗ് സ്‌കോർ ഉയർത്താനുള്ള ശ്രമത്തിനിടെ നൂർ അഹമ്മദിന്റെ പന്തിൽ റാഷിദ് ഖാന് ക്യാച്ച് നൽകി മടങ്ങുകയായിരുന്നു.

പിന്നാലെ, കോൺവേയും മടങ്ങിയതോടെ ചെന്നൈ വിജയം കൈവിട്ടു എന്ന തോന്നലായി. 25 പന്തിൽ രണ്ടു സിക്‌സും നാലു ഫോറും പറത്തിയ കോൺവേയെ ഇതേ ഓവറിൽ തന്നെ മോഹിത് ശർമ്മയുടെ കയ്യിൽ എത്തിച്ച് നൂർ അഹമ്മദാണ് ടീമിന് ആശ്വാസം നൽകിയത്. പിന്നീട്, ഇറങ്ങിയ അജിൻകേ രഹാനേ, തന്നെ ടീം ഏൽപ്പിച്ച ജോലി ഭംഗിയായി നിർവഹിച്ചു. ഒരു വശത്ത് ടൈമിംങ് കിട്ടാതെ ശിവം ദുബൈ കുഴങ്ങുമ്പോൾ 13 പന്തിൽ രണ്ടു വീതം സിക്‌സും ഫോറും പറത്തിയ രഹാനേ 27 റണ്ണെടുത്ത് മോഹിത് ശർമ്മയുടെ പന്തിൽ വിജയ് ശങ്കറിന് പിടികൊടുത്തു മടങ്ങുമ്പോഴും ചെന്നൈയ്ക്ക് പ്രതീക്ഷകൾ ഏറെയുണ്ടായിരുന്നു.

പിന്നാലെ എത്തിയ അമ്പാട്ടി റായിഡു കളി നേരെ തിരിച്ച് കയ്യിലെത്തിച്ച ശേഷമാണ് മടങ്ങിയത്. എട്ട് പന്തിൽ രണ്ടു സിക്‌സും ഒരു ഫോറും പറത്തിയ റായിഡു 19 റണ്ണെടുത്ത് മോഹിത് ശർമ്മയ്ക്ക് സ്വന്തം ബൗളിംങിൽ പിടി കൊടുത്ത് മടങ്ങുകയായിരുന്നു. നേരിട്ട ആദ്യ പന്തിൽ തന്നെ ധോണി മില്ലർക്ക് ക്യാച്ച് നൽകി മടങ്ങിയത് ചെന്നൈ ആരാധകർക്ക് ഞെട്ടലായി മാറി. പിന്നാലെ രവീന്ദ്ര ജഡേജയാണ് ബാറ്റിംങിന് എത്തിയത്. ഇതിനിടെ മറുവശത്ത് ടച്ച് കണ്ടെത്തിയ ശിവംദുബൈ ആക്രമണത്തിലേയ്ക്കു കടന്നിരുന്നു.

അവസാന ഓവറിൽ ചെന്നൈയ്ക്ക് വിജയിക്കാൻ വേണ്ടത് 13 റണ്ണായിരുന്നു. മോഹിത് ശർമ്മയായിരുന്നു അവസാന ഓവർ എറിയാൻ എത്തിയത്. ആദ്യ നാലു പന്തുകളിൽ നിന്നും മൂന്നു റൺ മാത്രമാണ് മോഹിത് വിട്ടു നൽകിയത്. അവസാന രണ്ടു പന്തുകളിൽ വേണ്ടത് 10 റണ്ണായിരുന്നു. അഞ്ചാം പന്ത് സിക്‌സിനും അവസാന പന്ത് ഫോറിനും പറത്തിയ ജഡേജ ചെന്നൈയെ വിജയത്തിലേയ്ക്ക് എത്തിച്ചു. 21 പന്തിൽ 32 റണ്ണെടുത്ത ശിവംദുബൈയും, ആറു പന്തിൽ 15 റണ്ണെടുത്ത രവീന്ദ്ര ജഡേജയും വിജയത്തിൽ നിർണ്ണായക പങ്ക് നൽകി.

Hot Topics

Related Articles