പൂവന്‍തുരുത്തിലെ പണിതീരാപ്പാലം; നിര്‍മ്മാണ പ്രവര്‍ത്തികള്‍ വൈകിപ്പിക്കുന്നതില്‍ പ്രതിഷേധത്തിനൊരുങ്ങി ജനകീയ കൂട്ടായ്മ

കോട്ടയം: രണ്ട് മാസം, അതിനുള്ളില്‍ പാലം പണി തീര്‍ത്ത് സഞ്ചാര യോഗ്യമാക്കും. രണ്ട് വര്‍ഷം മുന്‍പ് പാലം പൊളിച്ചപ്പോള്‍ നാട്ടുകാര്‍ കേട്ട വാക്കുകളാണ്. യാത്രാദുരിതം മാത്രമല്ല, ഉപജീവനം വരെ കഷ്ടത്തിലായ ജനങ്ങളുണ്ട് പൂവന്‍തുരുത്ത്- പാക്കില്‍ പ്രദേശത്ത്. കോട്ടയം മുനിസിപ്പാലിറ്റിയെയും പനച്ചിക്കാട് പഞ്ചായത്തിനെയും തമ്മില്‍ ബന്ധിപ്പിക്കുന്ന പൂവന്‍തുരുത്ത് റെയില്‍വേ മേല്‍പ്പാലം പൊളിച്ച് വര്‍ഷങ്ങളായിട്ടും അധികൃതര്‍ക്ക് കുലുക്കമില്ല. ഇന്ധനവില റോക്കറ്റ് പോലെ പായുന്ന കാലത്തും കിലോമീറ്ററുകള്‍ ചുറ്റിയാണ് ജനങ്ങള്‍ക്ക് സഞ്ചരിക്കേണ്ടി വരുന്നത്. കൂലിപ്പണിക്കാര്‍ ഉള്‍പ്പെടെയുള്ള പലര്‍ക്കും ഉപജീവന മാര്‍ഗം പോലും ചോദ്യചിഹ്നമായി മാറി. ഇനിയും പ്രതികരിച്ചില്ലെങ്കില്‍ പാലം പണി ഒരിക്കലും മുന്നോട്ട് പോകുന്നില്ലെന്ന ബോധ്യമുണ്ട് ഇപ്പോള്‍ ഇന്നാട്ടുകാര്‍ക്ക്.

Advertisements

പൂവന്‍തുരുത്ത് റെയില്‍വേ മേല്‍പ്പാലത്തിന്റെ പണി വൈകിപ്പിക്കുന്നതില്‍ പ്രതീഷേധിച്ച് ജനപ്രതിനിധികളുടെയും പൊതുപ്രവര്‍്ത്തകരുടെയും ജനകീയ കൂട്ടായ്മ ഡിസംബര്‍ നാല് ശനിയാഴ്ച വൈകുന്നേരം നാല് മണിക്ക് കൊല്ലാട് കടുവാക്കുളം കവലയില്‍ ശ്രീ. തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ എംഎല്‍എ ഉദ്ഘാടനം ചെയ്യും. പ്രതിഷേധ കൂട്ടായ്മയില്‍ എല്ലാവരും പങ്കെടുത്ത് വിജയിപ്പിക്കണമെന്ന് ഭാരവാഹികള്‍ അറിയിച്ചു.

Hot Topics

Related Articles