ഭീതിയൊഴിയുന്നില്ല ! പുലർച്ചെ നേരങ്ങളിൽ മതിൽ ചാടി കടന്നെത്തുന്നത് കുറുവ സംഘമോ ! മാന്നാനത്തെ വീട്ടിലും അജ്ഞാത സംഘമെത്തിയതായി വീട്ടമ്മയുടെ വെളിപ്പെടുത്തൽ ; നാടിന് ഉറക്കമില്ലാത്ത രാത്രികൾ സമ്മാനിച്ച് മോഷണ സംഘം

കോട്ടയം : അതിരമ്പുഴയിലും സമീപ പ്രദേശങ്ങളിലും ജനങ്ങൾ ഭീതിയൊഴിയാത്ത ജാഗ്രതയിലാണ്. കുറുവ സംഘമെന്ന പേരിൽ പ്രചരിക്കുന്ന അജ്ഞാത സംഘത്തിനെ ഭയന്ന് കരുതലോടെയാണ് ജനങ്ങൾ. ഉറക്കം നഷ്ട്ടമായ രാതികാലങ്ങളിൽ മതിൽ ചാടിക്കടന്നെത്തുന്ന സംഘത്തിനായി തെരച്ചിൽ തുടരുകയാണ്.

Advertisements

കഴിഞ്ഞ ദിവസങ്ങളിൽ മാന്നാനം ഭാഗത്ത് കണ്ടതായി പറയുന്ന അജ്ഞാത സംഘം കെ ഇ സ്കൂളിന് പരിസരത്തും എത്തിയായിരുന്നതായാണ് ലഭിക്കുന്ന വിവരങ്ങൾ. തിങ്കളാഴ്ച പുലർച്ചെ സംഘത്തെ കണ്ടതായി മാന്നാനം കളരിക്കൽ വീട്ടിലെ ഇന്ദിര ശശീന്ദ്രൻ (56) ജാഗ്രതാ ന്യൂസിനോട് പറഞ്ഞു. ഒറ്റയ്ക്ക് താമസിക്കുന്ന ഇന്ദിരയുടെ വീടിന്റെ മതിൽ ചാടി കടന്ന് എത്തിയത് നാലംഗ സംഘം.എന്നാൽ ഉറങ്ങാതെ ജാഗ്രതയോടെ കാത്തിരുന്ന വീട്ടമ്മയുടെ അവസരോചിത ഇടപെടലിൽ അക്രമി സംഘം ശ്രമം ഉപേക്ഷിച്ച് മടങ്ങി പോകുകയായിരുന്നു. ഇവർ മതിൽ ചാടികടന്നെത്തുന്നത് വീടിന്റെ മുകളിലെ നിലയിൽ നിന്ന് ഇന്ദിര കണ്ടിരുന്നു.
വീടിന്റെ മുൻ വശത്തെ വാതിലിന് സമീപത്തേക്ക് ഇവർ നടന്നടുക്കുന്നത് കണ്ട ഇന്ദിര പോലീസിനെ വിളിച്ചു എന്നാൽ കോൾ ലഭ്യമാകാതെ വന്നതോടെ മകളെ വിളിച്ച് കാര്യം ധരിപ്പിച്ചു. മകൾ സ്ഥലത്തെ ഡിവൈഎഫ്ഐ പ്രവർത്തകരെ ഉടൻ തന്നെ വിവരമറിയിക്കുകയായിരുന്നു. സമീപ പ്രദങ്ങളിൽ തിരച്ചിൽ നടത്തുകയായിരുന്ന ഡിവൈഎഫ്ഐ പ്രവർത്തകർ ഉടൻ തന്നെ സ്ഥലത്തെത്തി. ഇവരുടെ ബൈക്കിന്റെ ശബ്ദം കേട്ടതോടെ സംഘം മതിൽ ചാടി കടന്ന് രക്ഷപെട്ടു.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

ഇന്ദിരയുടെ വാക്കുകൾ ഇങ്ങനെ

സമയം ഏകദേശം 12.30 കഴിഞ്ഞു. ആക്രമി സംഘത്തിന്റെ ഭീഷണിയുള്ള പ്രദേശമായതിനാൽ ഉറങ്ങാൻ സാധിച്ചില്ല.വീട്ടിൽ ഞാൻ തനിച്ചായിരുന്നു ആ സമയം. അതുകൊണ്ട് തന്നെ ഉറങ്ങാതെ കാത്തിരുന്നു.ആരോ ചാടുന്ന ശബ്ദം കേട്ടാണ് ജനലിലൂടെ താഴേക്ക് നോക്കിയത്.അപ്പോൾ അത്യാവശ്യം ഉയരമുള്ള മതിൽ അനായാസം ചാടി കടന്ന് നാലംഗ സംഘം മുറ്റത്തേക്ക് പ്രവേശിക്കുന്നതാണ് കണ്ടത്.

ഉടൻ തന്നെ പോലീസിനെ വിളിച്ചു എന്നാൽ ഫോൺ എടുത്തില്ല. അപ്പോൾ തന്നെ മാവേലിക്കരയിൽ ഉള്ള മൂത്ത മകളെ വിളിച്ച് കാര്യം പറഞ്ഞു. എന്ത് ചെയ്യണമെന്ന് അറിയാത്ത അവസ്‌ഥയായിരുന്നു. അവൾ വിളിച്ചതാനുസരിച്ച് എത്തിയ ഡിവൈഎഫ്ഐ പ്രവർത്തകരുടെ ബൈക്കിന്റെ ശബ്ദം കേട്ടതോടെ വാതിലിന് സമീപത്തേക്ക് വന്ന സംഘം മതിൽ ചാടി കടന്ന് ഓടുകയായിരുന്നു. കറുത്തു തടിച്ച ഉയരമുള്ള ഒരാൾ സംഘത്തിലുണ്ടായിരുന്നു.
റോഡിൽ പ്രവേശിച്ച ഇവർ വളരെ വേഗമാണ് എതിർ വശത്തുള്ള മില്ലിന് സമീപത്തേക്ക് കടന്നത്.കയ്യിലും അരയിലും ആയുധങ്ങൾ ഉണ്ടായിരുന്നു. ഓടുകയായിരുന്നില്ല ഇവർ കുതിച്ചു കുതിച്ചാണ് വളരെ വേഗം ഇവർ മറുവശത്ത് എത്തിയത്.മില്ലിന്റെ തകർന്ന മതിൽ ചാടി കടന്ന് ഇവർ ഇരുട്ടിലേക്ക് മറഞ്ഞതും വളരെ പെട്ടെന്നായിരുന്നു.

ശനിയാഴ്ച മുതൽ ആരംഭിച്ച തെരച്ചിൽ

ശനിയാഴ്ച പുലർച്ചെ മുതലാണ് കോട്ടയത്തെ സോഷ്യൽ മീഡിയയിൽ കുറുവാ സംഘത്തിന്റെ വീരേതിഹാസ കഥകൾ പ്രചരിക്കുവാൻ തുടങ്ങിയത്. ഇതിനിടെയാണ് അതിരമ്പുഴയിലെ വീട്ടിൽ നിന്നും സിസിടിവി് ക്യാമറാ ദൃശ്യങ്ങൾ പുറത്തു വന്നത്. ഈ ക്യാമറാ ദൃശ്യങ്ങളിൽ വീഡിയോയിലുണ്ടായത് കുറുവാ സംഘത്തിലെ അംഗങ്ങളാണ് എന്ന രീതിയിൽ പ്രചാരണം ആരംഭിക്കുകയായിരുന്നു. ഇതിനു പിന്നാലെയാണ് ഞായറാഴ്ച രാത്രിയിൽ കോട്ടയം മാന്നാനത്ത് നിന്നും സമാന രീതിയിൽ കുറുവാ സംഘമെന്ന് അവകാശപ്പെടുന്ന സംഘത്തെ കണ്ടെത്തിയത്.

മാന്നാനത്ത് ഈ കഴിഞ്ഞ ശനിയാഴ്ച മുതലാണ് കുറുവാ സംഘത്തിന്റെ മാതൃകയിലുള്ള മോഷണ സംഘത്തിന്റെ സാമീപ്യം കണ്ടു തുടങ്ങിയത്. പ്രദേശത്തെ ഭീതിയിലാഴ്ത്തിയ അജ്ഞാത സംഘത്തെ തേടി രാത്രിയിൽ നാട്ടുകാർ ഒന്നാകെ പൊലീസിന്റെ സഹായത്തോടെ പ്രദേശമാകെ തിരച്ചിൽ നടത്തുന്നുണ്ടെങ്കിലും ഇത് വരെ സംഘത്തിന്റെ പിടികൂടുവാൻ കഴിഞ്ഞിട്ടില്ല.

മാന്നാനം കുട്ടിപ്പടി ഭാഗത്ത് പഴയംപള്ളി സാബുവിന്റെ വീടിനോട് ചേർന്ന റബർ ഷെഡിലാണ് മൂന്നു പേർ പതുങ്ങിയിരിക്കുകയായിരുന്നു. വേലംകുളം സ്വദേശിയായ പ്രവീണാണ് ശനിയാഴ്ച മോഷ്ടാക്കളുടെ സംഘത്തെ ആദ്യമായി കണ്ടത്. പ്രദേശവാസിയായ പ്രവീൺ വീടിന്റെ വിറകു പുരയുടെ സമീപത്ത് ദുരൂഹ സാഹചര്യത്തിൽ ആളനക്കം കേട്ടതിനെ തുടർന്നാണ് ഇവർ തിരച്ചിൽ നടത്തിയത്. ഈ സമയം മൂന്നു പേർ ഓടിപ്പോകുന്നത് ശ്രദ്ധയിൽപ്പെട്ടു.

ഇതിനിടെയാണ് വെള്ള അടിവസ്ത്രം മാത്രം ധരിച്ച മൂന്നു പേർ ഓടുന്നത് പ്രവീണിന്റെ ശ്രദ്ധയിൽപ്പെട്ടത്. തുടർന്നു ഇവർ പിന്നാലെ ഓടിയെങ്കിലും ഈ സംഘം കുട്ടിപ്പടി ഭാഗത്തേയ്ക്ക് ഓടിപ്പോയി. തുടർന്നു, നാട്ടുകാർ പിന്നാലെ ഓടിയെങ്കിലും മോഷ്ടാക്കളെ കണ്ടെത്താൻ സാധിച്ചിരുന്നില്ല. എന്നാൽ ഞായറാഴ്ചയും അജ്ഞാത സംഘത്തിന്റെ സാമീപ്യം പ്രദേശത്ത് ഉള്ളതായി നാട്ടുകാർ പറയുന്നു. ഇതിന് പിന്നാലെയാണ് മാന്നാനത്തെ വീട്ടമ്മയുടെ വെളിപ്പെടുത്തൽ.

പറമ്പു കരയിലും കുറുവകളെന്ന് വ്യാജ പ്രചരണം

അയർക്കുന്നത്ത് പറമ്പുകരയിൽ തിങ്കളാഴ്ച വൈകിട്ട് ഏട്ടു മണിയോടെയാണ് വ്യാജപ്രചാരണത്തിന്റെ തുടക്കം. അയർക്കുന്നം പറമ്പുകര ഭാഗത്ത് വൈകിട്ട് എട്ടരയോടെയാണ് സംഭവം. അവശ നിലയിൽ കണ്ട നാടോടി സ്ത്രീ കുറുവാ സംഘത്തിൽ ഉൾപ്പെട്ട ആളാണെന്ന് സംശയം തോന്നിയ നാട്ടുകാർ ഇവരെ തടഞ്ഞ് വയ്ക്കുകയായിരുന്നു. പറമ്പുകര ഭാഗത്തെ ഒരു പൊലീസ് ഉദ്യോഗസ്ഥന്റെ വീടിനു മുന്നിലാണ് നാട്ടുകാർ ചേർന്ന് ഇവരെ തടഞ്ഞു വച്ചത്. തുടർന്നു, പൊലീസ് ഉദ്യോഗസ്ഥൻ തന്നെ മണർകാട് പൊലീസിൽ വിവരം അറിയിച്ചു. തുടർന്നു സ്ഥലത്ത് എത്തിയ വനിതാ പൊലീസ് ഉദ്യോഗസ്ഥർ അടങ്ങുന്ന സംഘം, ഇവിടെ എത്തി നാടോടി സ്ത്രീയെ കസ്റ്റഡിയിൽ എടുത്തു. ഇവിടെ നിന്നും പൊലീസ് സംഘം ഇവരെയുമായി മടങ്ങുകയും ചെയ്തു. എന്നാൽ ഇവർ കുറുവ സംഘത്തിൽ പെട്ട ആളായിരുന്നില്ല എന്നാണ് പോലീസ് പറഞ്ഞത്. എന്നാൽ എത്തിയത് കുറവാ സംഘമാണെന്നും മോഷണമായിരുന്നു ഉദ്ദേശം എന്ന തരത്തിലുമുള്ള വ്യാജ പ്രചരണങ്ങൾ സോഷ്യൽ മീഡിയയിലൂടെ പ്രചരിക്കുകയായിരുന്നു.

ഭീതി പടർത്തുന്ന അജ്ഞാത സംഘം ആര്

സംഘം എത്തുന്ന സമയവും , രീതിയും കയ്യിൽ കണ്ട ആയുധങ്ങളും എല്ലാം കുറുവ സംഘമെന്ന സംശയത്തിലേക്ക് നയിക്കുമ്പോഴും രാത്രികാലങ്ങളിൽ എത്തുന്ന സംഘം കുറുവ തന്നെയാണോ എന്ന് സ്ഥിരീകരിക്കുവാൻ ഇത് വരെ കഴിഞ്ഞിട്ടില്ല. ചില സാദൃശ്യങ്ങൾ ഉണ്ട് എന്നതൊഴിച്ചാൽ പൂർണ്ണമായും കുറുവ സംഘം മോഷണങ്ങൾക്കായി അവലംബിക്കുന്ന രീതി അല്ല പ്രദേശങ്ങളിൽ കണ്ടെത്തിയ സംഘത്തിന്റേത്. അതുകൊണ്ട് തന്നെ കുറുവയുടെ മറവിൽ മറ്റാരെങ്കിലും നടത്തുന്ന മോഷണ ശ്രമങ്ങൾ ആകാം എന്ന സംശയവും നിലവിലുണ്ട്.
ആരെയും ആക്രമിച്ച് കവർച്ച നടത്തുവാൻ മടിയില്ലാത്ത ക്രൂരസംഘമാണ് കുറുവ. എന്നാൽ പ്രദേശങ്ങളിൽ കണ്ടെത്തിയ സംഘം ഭയന്ന് ഓടുന്നു എന്നത് കുറുവ സംഘം അല്ല ഇതെന്ന വസ്തുതയിലേക്കാണ് വിരൽ ചൂണ്ടുന്നത്.
കതക് വെട്ടിപ്പൊളിച്ച് വീടിനുള്ളിൽ കടക്കുകയാണ് കുറുവ സംഘത്തിന്റെ രീതി. എന്നാൽ ഇവിടെ നടന്ന മോഷണ ശ്രമങ്ങളിൽ കതക് തിക്കി തുറക്കുവാനുള്ള ശ്രമമാണ് കണ്ടത്. ഇതും സംഘം കുറുവ ആയിരിക്കില്ല എന്ന നിലപാടിലേക്കാണ് വഴി തിരിക്കുന്നത്.

എന്ത് തന്നെ ആയാലും പ്രദേശങ്ങൾ കേന്ദ്രീകരിച്ച് അജ്ഞാത സംഘം കറങ്ങുന്നുണ്ട് എന്ന തെളിവാണ് സമീപ ദിവസങ്ങളിൽ ലഭിക്കുന്നത്. കനത്ത ജാഗ്രതയും കരുതലുമായി പ്രദേശ വാസികൾ അജ്ഞാത സംഘത്തിന്റെ ഭീഷണി നേരിടുകയാണ്. രാത്രി കാലങ്ങളിൽ ജാഗ്രത പുലർത്തണമെന്ന സന്ദേശമാണ് പോലീസും നൽകുന്നത്. ജില്ലാ പോലീസ് മേധാവിയുടെ നേതൃത്വത്തിൽ ഉള്ള സംഘം പ്രദേശത്ത് തിരച്ചിൽ കർശനമാക്കിയിട്ടുണ്ട്

Hot Topics

Related Articles

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.