ഓവൽ: ഓസീസ് ബാറ്റർമാർ പൊരുതിപിടിച്ചു നിന്ന ഓവലിലെ പിച്ചിൽ ഇന്ത്യൻ വിരുദ്ധ ഭൂതം..! ഓസീസ് പേസാക്രമണത്തിനു മുന്നിൽ പൊരുതാൻ പോലുമാകാതെ ഇന്ത്യൻ മുൻനിര തവിടു പൊടി. മധ്യനിരയിൽ വിശ്വസ്തൻ രവീന്ദ്ര ജഡേജ നടത്തിയ ചെറുത്തു നിൽപ്പിൽ ഇന്ത്യ പൊരുതുന്നു. ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പിന്റെ ഫൈനലിൽ രണ്ടാം ദിനം അവസാനിക്കുമ്പോൾ ഇന്ത്യ പൊരുതി നിൽക്കുകയാണ്. കൃത്യമായ മേൽക്കയ്യോടെ ആത്മവിശ്വാസത്തിൽ ഓസീസ് ബൗളർമാർ പന്തെറിയുമ്പോൾ ഇന്ത്യ പൊരുതുകയാണ്..!
മികച്ച തുടക്കം ലഭിച്ചിട്ടും ഓസ്ട്രേലിയയെ അഞ്ഞൂറിൽ താഴെ സ്കോറിൽ പിടിച്ചു നിർത്താനായി എന്ന ആത്മവിശ്വാസത്തിലാണ് ടീം ഇന്ത്യ ബാറ്റിംങിന് ഇറങ്ങിയത്. ആക്രമിച്ചു കളിച്ച് മികച്ച തുടക്കം തന്നെ ഗില്ലും, രോഹിത്തും ചേർന്നു നൽകുകയും ചെയ്തു. എന്നാൽ, സ്കോർ 30 ൽ നിൽക്കെ കമ്മിൻസിന്റെ പന്തിന്റെ ഗതിമനസിലാക്കാതെ ബാറ്റ് വീശിയ രോഹിത് വിക്കറ്റിനു മുന്നിൽ കുടുങ്ങി പുറത്തേയ്ക്കു നടന്നു. 26 പന്തിൽ നിന്നും 15 റൺ മാത്രമാണ് രോഹിത്തിന് നേടാനായത്. ഒരു റണ്ണെങ്കിലും കൂട്ടിച്ചേർക്കും മുൻപ് മികച്ച ഫോമിലുള്ള ഗില്ലും വീണു. 15 പന്തിൽ 13 റണ്ണെടുത്ത് മികച്ച ഫോമിൽ ബാറ്റ് ചെയ്ത ഗില്ലിനെ കുടുക്കിയത് ബോളണ്ടായിരുന്നു. ബോളണ്ടിന്റെ പന്തിന്റെ സ്വിംങറിയാതിരുന്നതാണ് ഗില്ലിന്റെ വിക്കറ്റ് തെറുപ്പിച്ചത്.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
20 റൺ കൂടി സ്കോർബോർഡിൽ എത്തിയപ്പോൾ ഗിൽ പുറത്തായതിനു സമാനമായി ചേതേശ്വർ പൂജാരയും ഇന്ത്യൻ ആരാധകരെ ഞെട്ടിച്ചു. കാമറൂൺ ഗ്രീനായിരുന്നു ഇക്കുറി ഇൻസ്വിംങ്ങറുമായി എത്തിയത്. പതിവ് ശൈലി വിട്ട് അൽപം വേഗത്തിൽ റൺ കണ്ടെത്തിയ പൂജാര 25 പന്തിൽ 14 റണ്ണുമായാണ് വീണത്. ഒരു ബൗൺസർ ഗ്ലൗസിലിടിച്ച് സ്മിത്തിന്റെ കയ്യിൽ കോഹ്ലിയുടെ ഇന്നിംങ്സ് അവസാനിക്കുമ്പോൾ സ്കോർ ബോർഡിൽ 71 റൺ മാത്രമായിരുന്നു ഉണ്ടായിരുന്നത്. നിരാശനായി കോഹ്ലി തിരിച്ചു നടക്കുമ്പോൾ സ്റ്റാർക്കാണ് ഓസീസിനു വേണ്ടി ചിരിച്ചു നിന്നത്. കോഹ്ലിയ്ക്കും നേടാനായത് 14 റൺ മാത്രം..!
പിന്നീട് രഹാനെയും ജഡേജയും ചേർന്ന് ഇന്ത്യയ്ക്ക് വേണ്ടി നടത്തിയ രക്ഷാപ്രവർത്തനം തുല്യതകളില്ലാത്തതായിരുന്നു. രണ്ടു പേരും ചേർന്ന് 71 റണ്ണാണ് ഇന്ത്യൻ സ്കോർ ബോർഡിലേയ്ക്കു നൽകിയത്. പേസിന്റെ ആക്രമണത്തിനു പോലും ആ കൂട്ടുകെട്ടിനെ ചെറുക്കാനാവാതെ വന്നതോടെ കമ്മിൻസ് ലയണിനെ പന്തേൽപ്പിച്ചു. ഇടംകയ്യന്റെ ബാറ്റിലുരസിയ പന്ത് സ്ളിപ്പിൽ സ്മിത്തിന്റെ കയ്യിൽ യാത്ര അവസാനിപ്പിച്ചതോടെ ജഡേജയും ബാറ്റു താഴ്ത്തി നിന്നു. 51 പന്തിൽ ആക്രമിച്ചു നേടിയ 48 റണ്ണായിരുന്നു ജഡേജയുടെ സമ്പാദ്യം. രണ്ടാം ദിനം സ്റ്റമ്പെടുക്കുമ്പോൾ ശ്രീകാർ ഭരതും (5), അജിൻകേ രഹാനെയും (29) ആണ് ക്രീസിൽ. അഞ്ച് വിക്കറ്റ് നഷ്ടമാക്കിയ ടീം ഇന്ത്യ 151 ൽ എത്തി നിൽക്കുന്നു.
രണ്ടാം ദിനം ബാറ്റിംങ് തുടങ്ങിയ ഓസീസിന് വേണ്ടി സ്മിത്ത് ആദ്യം തന്നെ സെഞ്ച്വറി പൂർത്തിയാക്കി. പിന്നാലെ 150 പൂർത്തിയാക്കിയ ഹെഡിനെ മുഹമ്മദ് സിറാജ് കെ.എസ് ഭരത്തിന്റെ കയ്യിൽ എത്തിച്ച് നിർണ്ണായകമായ കൂട്ടുകെട്ട് പൊളിച്ചു. 174 പന്തിൽ നിന്നും 163 റണ്ണായിരുന്നു ഹെഡിന്റെ സംഭാവന.
പിന്നാലെ കാമരൂൺ ഗ്രീനിനെ (ഏഴു പന്തിൽ ആറ്) ഷമി ഗില്ലിന്റെ കയ്യിൽ എത്തിച്ചു. മറ്റൊരു കൂട്ടുകെട്ട് അലക്സ് കാരിയുടെ ഒപ്പം ചേർന്ന് ഉയർത്താൻ ശ്രമിക്കുന്നതിനിടെ സ്മിത്തിനെ താക്കൂൽ ക്ലീൻ ബൗൾ ചെയ്തു. 268 പന്തിൽ 121 റണ്ണാണ് സ്മിത്ത് നേടിയിരുന്നത്. പിന്നാലെ ഓസീസ് ബാറ്റിംങ് നിരയിൽ നിരന്തരം വിക്കറ്റുകൾ വീഴ്ത്തി ഇന്ത്യ തിരിച്ചടിച്ചു. ഒരു വശത്ത് അലക്സ് കാരി നിലയുറപ്പിച്ച് കളിക്കുമ്പോൾ മിച്ചൽ സ്റ്റാർക്കിനെ (5) അപ്രതീക്ഷിതമായി റണ്ണൗട്ടാക്കി അക്സർ പട്ടേൽ വീണ്ടും ഇന്ത്യയെ മുന്നിലെത്തിച്ചു.
69 പന്തിൽ നിന്നും 48 റണ്ണെടുത്ത് ഇന്ത്യയ്ക്ക് വെല്ലുവിളി ഉയർത്തുമെന്ന ഘട്ടത്തിൽ കാരിയെ വീഴ്ത്തിയ ജഡേജ ഇന്ത്യൻ പ്രതീക്ഷകൾ സജീവമാക്കി. കാരി പുറത്തായതിന് ശേഷം 14 റൺ കൂടി ചേർത്തപ്പോഴയേ്ക്കും ലയോണിനെയും (9), പാറ്റ് കമ്മിൻസിനെയും (9) പുറത്താക്കി മുഹമ്മദ് സിറാജ് തന്റെ നാല് വിക്കറ്റ് നേട്ടവും ഓസീസിന്റെ ഇന്നിംങ്സും അവസാനിപ്പിച്ചു. സിറാജ് നാലു വിക്കറ്റ് നേടിയപ്പോൾ, ഷമിയും താക്കൂറും രണ്ട് വിക്കറ്റ് വീതം പിഴുതു. ജഡേജയ്ക്കാണ് ഒരു വിക്കറ്റ്.