മണിമല: കൊവിഡ് ഭീതിയിൽ കോട്ടയം ജില്ലയിൽ വീണ്ടും ആത്മഹത്യ. കോട്ടയം മൂലവട്ടം കടുവാക്കുളത്ത് ഇരട്ട സഹോദരങ്ങളുടെയും , കുറിച്ചിയിലെ ഹോട്ടൽ ഉടമയുടെയും ആത്മഹത്യയ്ക്ക് പിന്നാലെ മണിമലയിൽ നഴ്സ് ജീവനൊടുക്കിയതാണ് ദുരന്തത്തിന് ഇടയാക്കിയത്.
ഒമിക്രോണ്‍ വ്യാപനം മൂലം വിമാനസര്‍വീസുകള്‍ നിര്‍ത്തലാക്കുന്നതോടെ വിദേശ ജോലിക്കു പോകാന്‍ വൈകുമെന്ന വിഷമത്തിലാണ് മണിമലയിൽ നഴ്സായ യുവതി ജീവനൊടുക്കിയത്. വാഴൂര്‍ ഈസ്‌റ്റ് ആനകുത്തിയില്‍ നിമ്മി പ്രകാശ് (27) ആണു മരിച്ചത്. ഞായറാഴ്‌ച രാത്രി ഒമ്പതോടെ മണിമല വള്ളംചിറയിലെ ഭര്‍തൃഗൃഹത്തിലെ ബെഡ്‌റൂമിലാണു യുവതി തൂങ്ങിമരിച്ചത്.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
കര്‍ണാടകയില്‍ നഴ്‌സായിരുന്ന നിമ്മി സ്വീഡനില്‍ ജോലി ശരിയായതോടെ രണ്ടുമാസം മുമ്പാണു മണിമലയിലെ വീട്ടിലെത്തിയത്. കോവിഡ് മൂലം വിദേശജോലി നഷ്‌ടപ്പെട്ട ഭര്‍ത്താവ് റോഷന്‍ പാലായിലെ സ്വകാര്യസ്‌ഥാപനത്തില്‍ ജോലി ചെയ്യുകയാണ്. രണ്ടു വര്‍ഷം മുമ്പായിരുന്നു വിവാഹം. കുടുംബപ്രശ്‌നങ്ങളോ സാമ്പത്തിക ബുദ്ധിമുട്ടുകളോ ഇല്ലായിരുന്നെന്ന് ഇവരുമായി അടുപ്പമുള്ളവര്‍ വ്യക്‌മാക്കി.
ഞായറാഴ്‌ച ഇരുവരും വള്ളംചിറയിലെ ഇടവകപ്പള്ളിയില്‍ പോയിരുന്നു. തിരികെ വീട്ടിലെത്തി റോഷന്റെ മാതാപിതാക്കളുമൊരുമിച്ചു ഭക്ഷണം കഴിച്ചതിനു ശേഷം നിമ്മി മുറിയിലേക്കു പോയി. കുറേക്കഴിഞ്ഞ് റോഷന്‍ ചെല്ലുമ്പോള്‍ ബെഡ്‌റൂമിന്റെ കതക് ഉള്ളില്‍നിന്നു പൂട്ടിയിരുന്നു. വിളിച്ചിട്ടും തുറക്കാതായതോടെ കതക് വെട്ടിപ്പൊളിച്ചപ്പോള്‍ നിമ്മിയെ ഷാളില്‍ കുരുക്കുണ്ടാക്കി തൂങ്ങിയ നിലയിലാണു കണ്ടത്. ഷാള്‍ മുറിച്ചുമാറ്റി മണിമലയിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചിരുന്നു. പോസ്‌റ്റ്‌മോര്‍ട്ടത്തിനുശേഷം മൃതദേഹം സ്വന്തം വീടായ വാഴൂര്‍ ഈസ്‌റ്റ് ആനകുത്തിയിലേക്കു കൊണ്ടുപോയി. സംസ്‌കാരംനാളെ 11-ന് വാഴൂര്‍ ചെങ്കല്‍ തിരുഹൃദയ പള്ളിയില്‍.
രണ്ടു മാസം മുൻപ്
ആദ്യ ആത്മഹത്യ
കൊവിഡ് , പ്രതിസന്ധിയും വായ്പാ പ്രതിസന്ധിയും രൂക്ഷമായതോടെയാണ് കടുവാക്കുളത്ത് ഇരട്ട സഹോദരങ്ങളെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. കടുവാക്കുളം ഇടുങ്ങാടി പുതുപറമ്പില്‍ അബ്ദുൾ സലാമിൻ്റെ മക്കളായ നിസാര്‍ ഹാന്‍ ( 34 ) , നസീര്‍ ( 34 ) എന്നിവരെയാണ് വീടിനുള്ളിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്.
കൊവിഡിനെ തുടർന്നു ഒരു വർഷത്തോളമായി ഇരുവർക്കും ജോലിയുണ്ടായിരുന്നില്ല. ഇതിന്റെ സാമ്പത്തിക പ്രതിസന്ധി രണ്ടു പേരെയും അലട്ടിയിരുന്നതായി നാട്ടുകാരും പൊലീസും പറഞ്ഞു. അർബൻ കോ ഓപ്പറേറ്റീവ് ബാങ്കിൽ നിന്നും വായ്പ തിരിച്ചടയ്ക്കണമെന്നാവശ്യപ്പെട്ട് നോട്ടീസ് ലഭിച്ചിരുന്നു. തുടർന്നാണ് ഇരുവരും ജീവനൊടുക്കിയത്.
ഞെട്ടലായി ഹോട്ടൽ
ഉടമയുടെ മരണം
കൊവിഡ് പ്രതിസന്ധി ജീവിതം തകർത്തതായി ഫെയ്‌സ്ബുക്കിൽ പോസ്റ്റ് ചെയ്ത ശേഷം കുറിച്ചിയിൽ ഹോട്ടൽ ഉടമ കുറിച്ചി കനകക്കുന്ന് ഗുരുദേവഭവനിൽ സരിൻ മോഹനാ(42)ണ് ജീവനൊടുക്കിയത്. കുറിച്ചി ഔട്ട് പോസ്റ്റിനു സമീപം വിനായക എന്ന പേരിലാണ് സരിൻ മോഹൻ ഹോട്ടൽ നടത്തിയിരുന്നത്. കൊവിഡ് പ്രതിസന്ധിയെ തുടർന്നു ഹോട്ടലിന്റെ പ്രവർത്തനങ്ങൾ അവതാളത്തിലായിരുന്നു. ഇതേ തുടർന്നു മാസങ്ങളായി സരിൻ സാമ്പത്തിക പ്രതിസന്ധി അനുഭവിച്ചിരുന്നതായി പൊലീസ് പറയുന്നു. ഇതേ തുടർന്നാണ് സരിൻ ജീവനൊടുക്കിയതെന്നാണ് ലഭിക്കുന്ന സൂചന.