തിരുവനന്തപുരം: വാണിജ്യ ആവശ്യങ്ങള്‍ക്കുള്ള പാചക വാതക സിലിണ്ടറിന്റെ വില കൂടി. 101 രൂപയാണ് ഒറ്റയടിക്ക് കൂട്ടിയത്. ഇതോടെ ഒരു സിലിണ്ടറിന്റെ വില 2095 രൂപ 50 പൈസ ആയി. പച്ചക്കറി വില കുത്തനെ കൂടുന്നതിനിടയിലാണ് ഇപ്പോള്‍ വാണിജ്യ ആവശ്യങ്ങള്‍ക്കുള്ള പാചകവാതക ഇന്ധനവില ഉയര്‍ത്തിയത്. ഹോട്ടല്‍, കേറ്ററിംഗ് സര്‍വ്വീസുകള്‍ എന്നിവയ്ക്ക് ഇതോടെ മുന്നോട്ട് പോകാനാവാത്ത സ്ഥിതിയാണ്.
കഴിഞ്ഞ മാസം ഗാര്‍ഹിക ആവശ്യത്തിനുള്ള സിലിണ്ടര്‍ വില വര്‍ധിപ്പിച്ചതിന് പിന്നാലെയാണ് വാണിജ്യ ആവശ്യങ്ങള്‍ക്കുള്ള സിലിണ്ടര്‍ വിലയും കൂട്ടിയത്. ഒരു സിലിണ്ടറിന് 15 രൂപ എന്ന നിരക്കിലായിരുന്നു വില വര്‍ധനവ്. കഴിഞ്ഞ രണ്ട് മാസത്തിനിടെ നാല് തവണയാണ് ഗാര്‍ഹിക ആവശ്യത്തിനുള്ള സിലിണ്ടര്‍ വില വര്‍ധിപ്പിച്ചത്. രാജ്യത്ത് ഇന്ധന വിലയും സാധാരണക്കാരന്റെ നടുവൊടിക്കുകയാണ്.