ഓവൽ: തുടർച്ചയായ രണ്ടാം ലോകടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനൽ ദുരന്തത്തിന്റെ പടിവാതിലിൽ ടീം ഇന്ത്യ. ആസ്ട്രേലിയയ്ക്കെതിരായ ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലിൽ ഇന്ത്യൻ നില പരുങ്ങലിൽ. ടെസ്റ്റിന്റെ നാലാം ദിനം ലഞ്ചിന് ശേഷം ബാറ്റിംങ് പുനരാരംഭിച്ച ഓസീസ് ലീഡ് നാനൂറ് കടന്നു. ഇന്ത്യൻ ബൗളർമാർ മത്സരിച്ചെറിഞ്ഞിട്ടും ഓസീസ് വാലറ്റത്തെ ഇനിയും ചുരുട്ടിക്കെട്ടാനായിട്ടില്ല. ഇതോടെ അവസാന ഇന്നിംങ്സിൽ ഇന്ത്യയ്ക്ക് നാനൂറിന് മുകളിലൂള്ള പടുകൂറ്റൻ ടോട്ടലിനെ തന്നെ പിൻതുടരേണ്ടി വരുമെന്ന് ഉറപ്പായി.
മൂന്നാം ദിനം 123 ന് നാല് എന്ന നിലയിൽ ബാറ്റിംങ് അവസാനിപ്പിച്ച ഓസീസിന് വേണ്ടി 41 റണ്ണുമായി ലബുഷൈനും, ഏഴു റണ്ണുമായി ഗ്രീനുമായിരുന്നു ക്രീസിൽ. തലേന്നത്തെ സ്കോറിനോട് ഒരു റൺ മാത്രം ടീം സ്കോറിൽ കൂട്ടിച്ചേർത്തപ്പോഴേയ്ക്കും ഓസീസിന് ലബുഷൈനെ നഷ്ടമായി. ഉമേഷ് യാദവിനായിരുന്നു വിക്കറ്റ്. തലേന്നെടുത്ത 41 റൺ മാത്രമായിരുന്നു ലബുഷൈന്റെ സമ്പാദ്യം. 167 ൽ കാമറൂൺ ഗ്രീനിനെ (25) ജഡേജ ക്ലീൻ ബൗൾ ചെയ്തതോടെ ഓസീസിനെ വേഗം പുറത്താക്കാമെന്നായി ഇന്ത്യൻ പ്രതീക്ഷ. എന്നാൽ, ആ പ്രതീക്ഷയ്ക്കു മേൽ കരിനിഴൽ വീഴ്ത്തി അലക്സ് കാരിയും (63), മിച്ചൽ സ്റ്റാർക്കും (30) ക്രീസിൽ പാറപോലെ ഉറച്ചു നിൽക്കുകയാണ്. ഇന്ത്യൻ ബൗളർമാരെല്ലാം മാറി മാറി പന്തെറിഞ്ഞിട്ടും ഇരുവരെയും വീഴ്ത്താൻ സാധിച്ചിട്ടില്ല. ആറു വിക്കറ്റ് മാത്രം നഷ്ടമാക്കി ഓസീസ് 243 റൺ ഇതുവരെ എടുത്തിട്ടുണ്ട്. 416 റണ്ണിന്റെ ഉജ്വല ലീഡാണ് ഓസീസിന് ഉള്ളത്.