ഓവൽ : ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലിൽ മൂന്ന് മത്സരങ്ങൾ വേണമെന്ന് ഇന്ത്യൻ ക്യാപ്റ്റൻ രോഹിത് ശർമ. രണ്ടാം സീസണിലെ ഫൈനലിൽ ഓസ്ട്രേലിയക്കെതിരെ പരാജയപ്പെട്ടതിനു പിന്നാലെയാണ് രോഹിതിൻ്റെ ആവശ്യം. പൊരുതിയാണ് തങ്ങൾ ഫൈനലിലെത്തിയതെന്നും മൂന്ന് മത്സരങ്ങളുള്ള ഫൈനൽ അടുത്ത ടെസ്റ്റ് ചാമ്പ്യൻഷിപ്പ് മുതലെങ്കിലും ഉണ്ടായാൽ നന്നാവുമെന്നും രോഹിത് പറഞ്ഞു.
ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലിൽ മൂന്ന് മത്സരങ്ങളുണ്ടായാൽ കൊള്ളാമെന്നുണ്ട്. ഞങ്ങൾ പൊരുതിയാണ് ഫൈനലിലെത്തിയത്. പക്ഷേ, ആകെ ഒരു കളിയേ കളിച്ചുള്ളൂ. അടുത്ത ടെസ്റ്റ് ചാമ്പ്യൻഷിപ്പ് മുതൽ മൂന്ന് മത്സരങ്ങളുള്ള പരമ്പര ആയെങ്കിൽ നന്നായിരുന്നു.”- മത്സരത്തിനു ശേഷമുള്ള വാർത്താസമ്മേളനത്തിൽ രോഹിത് പറഞ്ഞു. ഇംഗ്ലണ്ടിൽ അല്ലാതെ മറ്റെവിടെ വേണമെങ്കിലും ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനൽ നടത്താനാവും. ശുഭ്മൻ ഗിൽ പുറത്തായ ക്യാച്ചിൽ മറ്റ് ചില ആംഗിളുകൾ കൂടി നോക്കേണ്ടതായിരുന്നു. ജൂണിൽ മാത്രമല്ല കളി നടത്താൻ കഴിയുന്ന മാസമെന്നും രോഹിത് പറഞ്ഞു.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
ഇന്ത്യയെ 209 റൺസിന് തകർത്ത ഓസ്ട്രേലിയ ഇതോടെ എല്ലാ ഐസിസി കിരീടങ്ങളും നേടുന്ന ആദ്യ ടീമായി. 444 റൺസ് വിജയലക്ഷ്യവുമായി ഇറങ്ങിയ ഇന്ത്യ 234 റൺസിന് ഓളൗട്ടായി. വിരാട് കോലി (49), അജിങ്ക്യ രഹാനെ (46), രോഹിത് ശർമ (43) എന്നിവരാണ് ഇന്ത്യക്കായി രണ്ടാം ഇന്നിംഗ്സിൽ മികച്ചുനിന്നത്. ഓസ്ട്രേലിയക്കായി നതാൻ ലിയോൺ നാല് വിക്കറ്റ് വീഴ്ത്തി.
രണ്ടാം ഇന്നിങ്സിൽ ഓസ്ട്രേലിയ എട്ട് വിക്കറ്റ് നഷ്ടത്തിൽ 270 റൺസ് നേടി ഇന്നിങ്സ് ഡിക്ലയർ ചെയ്തു. 66 റൺസെടുത്തു പുറത്താകാതെ നിന്ന അലക്സ് കാരിയാണ് ടോപ് സ്കോറർ. ഒന്നാം ഇന്നിങ്സിൽ ഓസ്ട്രേലിയ 469ന് പുറത്തായപ്പോൾ ഇന്ത്യയുടെ പോരാട്ടം 296 റൺസിൽ അവസാനിച്ചു.