ന്യൂഡല്‍ഹി: രാജ്യസഭ അധ്യക്ഷെന്റ ജനാധിപത്യവിരുദ്ധ നടപടിക്കെതിരെ കോടതിയില്‍ പോയാലും മാപ്പുപറയില്ലെന്ന് സസ്പെന്‍ഷനിലായ എം.പിമാര്‍. 12 എം.പിമാരും ബുധനാഴ്ച മുതല്‍ സമ്മേളനം തീരുംവരെ പാര്‍ലമെന്റിലെ ഗാന്ധിപ്രതിമക്ക് മുന്നില്‍ ധര്‍ണ നടത്തും.
സമ്മേളനം തീരുന്നതുവരെ ധര്‍ണ നടത്താനാണ് തൃണമൂല്‍ അടക്കം അംഗങ്ങളുടെ തീരുമാനമെന്ന് സസ്പെന്‍ഷനിലായ സി.പി.എം രാജ്യസഭാനേതാവ് എളമരം കരീം പറഞ്ഞു. ബി.ജെ.പി എഴുതിക്കൊടുത്തവരെ മാത്രം തിരഞ്ഞെടുത്ത് സസ്പെന്‍ഡ് ചെയ്യുകയാണുണ്ടായത്. ആഗസ്റ്റ് 11ലെ രാജ്യസഭ ബുള്ളറ്റിനില്‍ തന്റെ പേരില്ലാതിരുന്നിട്ടും സസ്പെന്ഷന് പട്ടികയില്‍ വന്നത് ബി.ജെ.പി നിര്‍ദേശപ്രകാരമാണ്. രാജ്യസഭ സെക്രട്ടറി ജനറല്‍ ഇറക്കിയ ബുള്ളറ്റിനില്‍ ഇല്ലാത്ത പേര് മാര്‍ഷലിന്റെ പരാതിയെ തുടര്‍ന്ന് ഉള്‍പ്പെടുത്തിയത് ചട്ടവിരുദ്ധമാണ്. പ്രതിപക്ഷം വേണ്ട എന്ന നിലപാടിലാണ് ബി.ജെ.പിയെന്ന് സസ്പെന്‍ഷനിലായ സി.പി.ഐ രാജ്യസഭ നേതാവ് ബിനോയ് വിശ്വം കുറ്റപ്പെടുത്തി. മാപ്പ് പറയണമെന്നാണ് ആവശ്യം. മാപ്പുപറയാന്‍ തങ്ങള്‍ സവര്‍ക്കറല്ല. മുട്ടുകുത്തിനിന്ന് മാപ്പ് പറയുന്ന ആ പാരമ്പര്യം തങ്ങളുടേതല്ലെന്നും ബിനോയ് വിശ്വം പറഞ്ഞു. നിരവധി വര്‍ഷത്തെ പാര്‍ലമെന്ററി പരിചയമുള്ള എളമരം കരീമിന്റെ നെഞ്ചത്തിടിച്ച മാര്‍ഷലിനെതിരെ നടപടി എടുക്കാതെ ആ മാര്‍ഷല്‍ കൊടുത്ത പരാതിയില്‍ കരീമിനെതിരെ നടപടിയെടുത്തത് വിചിത്രമാണെന്ന് ജോണ്‍ ബ്രിട്ടാസ് പറഞ്ഞു.