ബര്‍മിങ്ങാം : ആഷസ് യുദ്ധത്തിന്റെ പുതിയ പതിപ്പിന് ഇംഗ്ലീഷ് മണ്ണില്‍ തുടക്കം. ചിരവൈരികളുടെ പോരാട്ടത്തില്‍ ആദ്യദിനം സര്‍പ്രൈസ് കാഴ്ചകള്‍ക്കും സാക്ഷിയായി.ആഷസില്‍ പുതിയ ‘ബേസ്ബാള്‍’ ക്രിക്കറ്റ് അവതരിപ്പിക്കപ്പെട്ട ദിനത്തില്‍ വമ്പൻ സ്കോറിലെത്തും മുൻപ് ‘ഡിക്ലയര്‍’ ചെയ്തും ആതിഥേയര്‍ ഞെട്ടിച്ചു. എട്ടിന് 393 എന്ന നിലയിലാണ് ഇംഗ്ലണ്ട് ഇന്നിങ്സ് ഡിക്ലയര്‍ ചെയ്തത്. മറുപടി ബാറ്റിങ്ങില്‍ വിക്കറ്റൊന്നും നഷ്ടമില്ലാതെ 14 റണ്‍സിനാണ് ആദ്യദിനം ആസ്ത്രേലിയ കളി നിര്‍ത്തിയത്.
ബിര്‍മിങ്ങാമില്‍ നടക്കുന്ന ആദ്യ ആഷസില്‍ ടോസ് ഭാഗ്യം ഇംഗ്ലീഷ് ക്യാപ്റ്റൻ ബെൻ സ്റ്റോക്സിനൊപ്പമായിരുന്നു. ആദ്യം ബാറ്റ് ചെയ്യാനായിരുന്നു സ്റ്റോക്സിന്റെ തീരുമാനം. സാക്ക് ക്രൗളി(61) നല്കിയ മികച്ച തുടക്കത്തില്‍ ജോ റൂട്ടിന്റെ സെഞ്ച്വറിയും(118) ജോണി ബെയര്‍സ്റ്റോയുടെ(78) ഗംഭീര തിരിച്ചുവരവും ആയപ്പോള്‍ ഇംഗ്ലണ്ട് മികച്ച ടോട്ടലിലേക്ക് കുതിക്കുകയായിരുന്നു. എന്നാല്‍, 400 എന്ന മാര്‍ക്കിന് തൊട്ടരികെ അപ്രതീക്ഷിതമായായിരുന്നു സ്റ്റോക്സിന്റെ ഡിക്ലയര്‍ വന്നത്. അതും ജോ റൂട്ടും ഒലി റോബിൻസനും ചേര്‍ന്ന് ഓസീസ് സ്പിന്നര്‍ നേഥൻ ലയോണിനെ ടി20 ശൈലിയില്‍ അടിച്ചുപരത്തുന്ന സമയത്ത്. ആഷസിന്റെ ചരിത്രത്തിലെ തന്നെ ഏറ്റവും വേഗമേറിയ ഡിക്ലയര്‍ ആണിത്.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
കളി ആരംഭിച്ച് നാലാം ഓവറില്‍ തന്നെ ഓപണര്‍ ബെൻ ഡക്കറ്റിനെ കൂടാരം കയറ്റി ജോഷ് ഹേസല്‍വുഡ് ടെസ്റ്റ് ക്രിക്കറ്റിലേക്കുള്ള തിരിച്ചുവരവ് ഗംഭീരമാക്കിയെങ്കിലും പിന്നീടങ്ങോട്ട് ഇംഗ്ലീഷ് തേരോട്ടമായിരുന്നു. ഓപ്പണര്‍ സാക്ക് ക്രൗളിയും മൂന്നാമൻ ഒലി പോപ്പും ചേര്‍ന്ന് പതിവ് ‘ബേസ്ബാള്‍’ ആക്രമണത്തിന് തുടക്കമിട്ടു. ഏകദിനശൈലിയിലായിരുന്നു ഇരുവരും അടിച്ചുകളിച്ചത്. ഇതിനിടെ വിക്കറ്റിനു മുന്നില്‍ കുരുക്കി പോപ്പിന്റെ(31) പോരാട്ടം ലയോണ്‍ അവസാനിപ്പിച്ചു .
പിന്നീട് ക്രൗളിക്കൊപ്പം ജോ റൂട്ട് ആക്രമണം ഏറ്റെടുത്തു. ഇരുവരും ചേര്‍ന്ന് ടീം സ്കോര്‍ നൂറുകടത്തി. അധികം വൈകാതെ ക്രൗളിയെ സ്കോട്ട് ബോലൻഡ് പുറത്താക്കി. വിക്കറ്റ് കീപ്പര്‍ അലെക്സ് ക്യാരിക്ക് ക്യാച്ച് നല്കി മടങ്ങുമ്പോള്‍ 73 പന്തില്‍ 61 റണ്‍സായിരുന്നു താരത്തിന്റെ സമ്പാദ്യം.
പിറകെ വന്ന ഹാരി ബ്രൂക്ക് ക്രൗളി നിര്‍ത്തിയേടത്തുനിന്ന് തുടങ്ങി. ഓസീസ് ബൗളര്‍മാരെ ബൗണ്ടറിയിലേക്ക് പറത്തി മികച്ച ടച്ചിലാണെന്നു തോന്നിച്ചെങ്കിലും ലയണിന്റെ കിടിലൻ ബൗളില്‍ ബൗള്‍ഡായി മടങ്ങി ഹാരി ബ്രൂക്ക്(37 പന്തില്‍ 32). നായകൻ സ്റ്റോക്സ്(1 ) വന്ന വഴിയേ തിരിച്ചുനടന്നു.
ഒടുവില്‍ ആറാം വിക്കറ്റില്‍ ജോണി ബെയര്‍സ്റ്റോയെ കൂട്ടുപിടിച്ച് റൂട്ട് സ്കോര്‍നില ഉയര്‍ത്തി . ഇതിനിടെ കരിയറിലെ 30-ാമത് സെഞ്ച്വറിയും കുറിച്ചു. ആസ്ത്രേലിയൻ ഇതിഹാസം ഡോണ്‍ ബ്രാഡ്മാനെ പിന്നിലാക്കി സെഞ്ച്വറിവേട്ടക്കാരുടെ പട്ടികയില്‍ 15-ാം സ്ഥാനത്തെത്തിയിരിക്കുകയാണ് താരം. മുൻ വെസ്റ്റിൻഡീസ് താരം ശിവ്നാരായൻ ചന്ദ്രപോളും മുൻ ഓസീസ് താരം മാത്യു ഹെയ്ഡനുമൊപ്പമാണ് റൂട്ടിന്റെ സ്ഥാനം. മുൻ ഇംഗ്ലീഷ് നായകന്റെ നാലാം ആഷസ് സെഞ്ച്വറി കൂടിയാണിത്.
ഇതിനിടെ അര്‍ധസെഞ്ച്വറിയുമായി പരിക്കിനുശേഷമുള്ള തിരിച്ചുവരവ് മനോഹരമാക്കി ബെയര്‍സ്റ്റോ. 78 പന്തില്‍ 12 ബൗണ്ടറി സഹിതം 78 റണ്‍സെടുത്ത് ലയണിന് വിക്കറ്റ് നല്കി താരം മടങ്ങി. പിന്നീട് വന്ന മോയിൻ അലി(18), സ്റ്റുവര്‍ട്ട് ബ്രോഡ്(16) എന്നിവരെല്ലാം വേഗത്തില്‍ വന്ന് അതിവേഗം കിട്ടിയ പന്തില്‍ തകര്‍ത്തടിച്ച് ഒട്ടും വൈകാതെ തന്നെ കൂടാരം കയറുകയും ചെയ്തു. റൂട്ടും(152 പന്തില്‍ ഏഴ് ഫോറും നാല് സിക്സറും സഹിതം 118) ഒലി റോബിൻസനും(17) പുറത്താകാതെ നിന്നു.
നാലു വിക്കറ്റുമായി നേഥൻ ലയണാണ് ഓസീസ് ബൗളിങ് ആക്രമണം നയിച്ചത്. ജോഷ് ഹേസല്‍വുഡിന് രണ്ടും സ്കോട്ട് ബോലൻഡിനും കാമറൂണ്‍ ഗ്രീനിനും ഓരോ വിക്കറ്റ് വീതവും ലഭിച്ചു. മറുപടി ബാറ്റിങ്ങില്‍ ഓസീസ് ഓപ്പണര്‍മാരായ ഡേവിഡ് വാര്‍ണറും(8) ഉസ്മാൻ ഖവാജയും( 4) ആണ് ക്രീസിലുള്ളത്.