ധാക്ക : ടെസ്റ്റ് ക്രിക്കറ്റില്‍ റണ്‍സ് അടിസ്ഥാനത്തില്‍ 21ാം നൂറ്റാണ്ടിലെ ഏറ്റവും വലിയ ജയം സ്വന്തമാക്കി ബംഗ്ലാദേശ്. അഫ്ഗാനിസ്ഥാനെയാണ് 546 റണ്‍സിന് ബംഗ്ലാ കടുവകള്‍ തകര്‍ത്തുവിട്ടത്. 662 റണ്‍സ് വിജയലക്ഷ്യവുമായി രണ്ടാം ഇന്നിങ്സില്‍ ബാറ്റിങ്ങിനിറങ്ങിയ അഫ്ഗാനിസ്താൻ 115 റണ്‍സിന് പുറത്തായതോടെയാണ് ആതിഥേയരായ ബംഗ്ലാദേശിന് ചരിത്രവിജയം സ്വന്തമായത്. രണ്ട് ഇന്നിങ്സിലും സെഞ്ച്വറി നേടിയ നജ്മുല്‍ ഹുസൈൻ ഷാന്റോ ആണ് കളിയിലെ താരം.
ടെസ്റ്റ് ക്രിക്കറ്റ് ചരിത്രത്തിലെ റണ്‍സ് അടിസ്ഥാനത്തിലുള്ള ഏറ്റവും വലിയ മൂന്നാമത്തെ ജയമാണ് ബംഗ്ലാദേശ് സ്വന്തമാക്കിയത്. 1928ല്‍ ആസ്ട്രേലിയക്കെതിരെ ഇംഗ്ലണ്ട് നേടിയ 675 റണ്‍സ് ജയത്തിനാണ് ഇക്കാര്യത്തില്‍ റെക്കോഡ്. 1934ല്‍ ഇംഗ്ലണ്ടിനെതിരെ ഓവലില്‍ ആസ്ട്രേലിയ നേടിയ 562 റണ്‍സ് ജയമാണ് രണ്ടാമത്. 2005ല്‍ ചിറ്റഗോങ്ങില്‍ സിംബാബ്വെക്കെതിരെ നേടിയ 226 റണ്‍സ് ജയമായിരുന്നു ബംഗ്ലാദേശിന്റെ ഇതിനു മുമ്ബുള്ള ഏറ്റവും വലിയ ജയം.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
ഒന്നാം ഇന്നിങ്സില്‍ 382 റണ്‍സ് അടിച്ച ബംഗ്ലാദേശിനുള്ള അഫ്ഗാനിസ്താന്റെ മറുപടി 146 റണ്‍സിലൊതുങ്ങിയിരുന്നു. രണ്ടാം ഇന്നിങ്സില്‍ നാലിന് 425 റണ്‍സെടുത്ത് ഡിക്ലയര്‍ ചെയ്ത് അഫ്ഗാന് മുമ്ബില്‍ 662 റണ്‍സെന്ന കൂറ്റൻ വിജയലക്ഷ്യം വെച്ചു. എന്നാല്‍, രണ്ടാം ഇന്നിങ്സില്‍ 115 റണ്‍സിന് സന്ദര്‍ശകര്‍ പുറത്താവുകയായിരുന്നു.
നാലാം ദിനം രണ്ടിന് 45 എന്ന നിലയിലാണ് അഫ്ഗാനിസ്താൻ ബാറ്റിങ് പുനരാരംഭിച്ചത്. രണ്ടു ദിവസവും എട്ട് വിക്കറ്റും ശേഷിക്കെ ജയത്തിലേക്ക് 617 റണ്‍സ് കൂടിയാണ് വേണ്ടിയിരുന്നത് വേണ്ടിയിരുന്നത്. എന്നാല്‍, 70 റണ്‍സ് കൂട്ടിച്ചേര്‍ക്കുന്നതിനിടെ അവരുടെ എല്ലാ ബാറ്റര്‍മാരും തിരിച്ചുകയറി. നാല് വിക്കറ്റ് നേടിയ ടസ്കിൻ അഹമ്മദ്, മൂന്നു വിക്കറ്റ് നേടിയ ഷോറിഫുല്‍ ഇസ്ലാം ഓരോ വിക്കറ്റ് വീതം നേടിയ മെഹിദി ഹസൻ മിറാസ്, ഇബാദത്ത് ഹുസൈൻ എന്നിവരാണ് രണ്ടാം ഇന്നിങ്സില്‍ അഫ്ഗാനിസ്താനെ എറിഞ്ഞിട്ടത്. പതിനൊന്നാമനായി ഇറങ്ങിയ അഫ്ഗാൻ ബാറ്റര്‍ സഹീര്‍ ഖാൻ റിട്ടയര്‍ ഹര്‍ട്ടായി. അഫ്ഗാൻ നിരയില്‍ റഹ്മത്ത് ഷാ (30), ക്യാപ്റ്റൻ ഹഷ്മത്തുള്ള ഷാഹിദി (13), കരീം ജനത്ത് (18) എന്നിവര്‍ മാത്രമാണ് രണ്ടക്കം കടന്നത്. ബംഗ്ലാദേശിനായി നജ്മുല്‍ ഹുസൈൻ ഷാന്റോ ആദ്യ ഇന്നിങ്സില്‍ 146 റണ്‍സെടുത്തപ്പോള്‍ രണ്ടാം ഇന്നിങ്സില്‍ 124 റണ്‍സ് അടിച്ചു കൂട്ടി. രണ്ടാം ഇന്നിങ്സില്‍ ആതിഥേയര്‍ക്കായി മോമിനുല്‍ ഹഖ് പുറത്താവാതെ 121 റണ്‍സും നേടിയിരുന്നു.