ചെന്നൈ: ‘തല’യെന്ന് ഇനിയാരും തന്നെ വിളിക്കരുതെന്നാവശ്യപ്പെട്ടു തമിഴ് സൂപ്പര്‍ താരം അജിത് രംഗത്ത്. അജിത്, അജിത് കുമാര്‍ അല്ലെങ്കില്‍ എകെ എന്നുമാത്രമേ വിളിക്കാവൂ എന്ന് താരം പുറത്തിറക്കിയ കുറിപ്പില്‍ ആവശ്യപ്പെടുന്നു. കേരളത്തിലും തമിഴ്നാട്ടിലും അജിത് ആരാധകര്‍ അദ്ദേഹത്തെ തല എന്നായിരുന്നു വിശേഷിപ്പിച്ചിരുന്നത്. പെട്ടെന്ന് ഇത്തരത്തിലുള്ള ഒരു നിര്‍ദ്ദേശം ആരാധകര്‍ക്ക് നല്കാന് കാരണമെന്താണെന്ന് കുറിപ്പില്‍ വ്യക്തമാക്കിയിട്ടില്ല.
എന്നാല്‍, ക്രിക്കറ്റ് താരം എം.എസ്.ധോണിയുടെ ആരാധകരും അജിത് ആരാധകരും തമ്മിലുള്ള ഓണ്‍ലൈന്‍ പോരുകളാണ് അജിത്തിന്റെ താരുമാനത്തിന് കാരണമെന്നാണ് അനുമാനം. എപിഎല്‍ ടീമായ ചെന്നൈ സൂപ്പര്‍ കിങ്സിന്റെ ‘തല’യെന്നാണ് ആരാധകര്‍ ധോണിയെ വിശേഷിപ്പിക്കുന്നത്. എ.ആര്.മുരുഗദോസ് സംവിധാനം ചെയ്ത് 2001 ല്‍ പുറത്തിറങ്ങിയ ‘ദീന’ എന്ന ചിത്രത്തിനു ശേഷമാണ് ആരാധകര്‍ അജിത്തിനെ ‘തല’ എന്നു വിളിക്കാന്‍ തുടങ്ങിയത്. സിനിമാ- ക്രിക്കറ്റ് പോരിലേക്ക് വരെ ആരാധകരുടെ ഓണ്‍ലൈന്‍ പോര് എത്തിയതോടെയാണ് കടുത്തതീരുമാനം എന്നാണ് അജിത്തുമായി അടുത്ത വൃത്തങ്ങള്‍ പറയുന്നത്.