ബിർമ്മിംങ്ഹാം: ലോകടെസ്റ്റ് ചാമ്പ്യന്മാരായി ആഷസിനിറങ്ങിയ ഓസീസിനെ ബാസ് ബോളിലൂടെ പിടിച്ചുകെട്ടാമെന്ന ഇംഗ്ലീഷ് ആത്മവിശ്വാസത്തിന് തിരിച്ചടി. അവസാന രണ്ടു വിക്കറ്റിൽ അൻപത് റണ്ണിന്റെ കൂട്ടുകെട്ട് പടുത്തുയർത്തിയ പാറ്റ് കമ്മിൻസും നഥാൻ ലയോണും ചേർന്ന് ഓസീസിനെ വിജയത്തിലെത്തിച്ചു. എന്തുകൊണ്ട് ലോകചാമ്പ്യന്മാരായി എന്നതിന്റെ ഉത്തമ ഉദാഹരണമായിരുന്നു ഓസീസിന്റെ രണ്ടാം ഇന്നിംങ്‌സ്.
സ്‌കോർ
ഇംഗ്ലണ്ട് – 393-8 ഡി, 273
ഓസ്‌ട്രേലിയ – 386 , 282-8
രാത്രി കാവൽക്കാരൻ ബോളണ്ടിനെ കൂട്ട് നിർത്തി ഉസ്മാൻ ഖവാജയാണ് നാലാം ദിനം ഓസീസിന് പ്രതീക്ഷ നൽകി ക്രീസിലുണ്ടായിരുന്നത്. മൂന്നു വിക്കറ്റ് നഷ്ടത്തിൽ 107 റണ്ണാണ് ഓസീസിന്റെ അക്കൗണ്ടിലുണ്ടായിരുന്നത്. ഇതേ സ്‌കോറിൽ അഞ്ചാം ദിനം ബാറ്റിംങ് തുടങ്ങിയ ഓസീസിന് 121 ൽ ബോളണ്ടിനെ നഷ്ടമായി. 40 പന്തിൽ 20 റണ്ണാണ് ബോളണ്ട് പ്രതിരോധിച്ച് നേടിയത്. 143 ൽ ട്രാവിസ് ഹെഡ് (16), 192 ൽ കാറൂൺ ഗ്രീൻ (28), 209 ൽ ടോപ്പ് സ്‌കോറർ ഉസ്മാൻ ഖവാജ (65) എന്നിവർ വീണതോടെ കളി ഇംഗ്ലണ്ടിന്റെ കയ്യിലേയ്‌ക്കെന്നു കമന്റേറ്റർമാർ ഉറപ്പിച്ചു.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
മൂന്നു വിക്കറ്റ് കൂടി വീഴ്ത്തിയാൽ ഇംഗ്ലണ്ടിന് വിജയം എന്ന് സ്‌ക്രീനിൽ തെളിഞ്ഞു. ഒരു ഘട്ടത്തിലും ഓസീസിന് പ്രതീക്ഷയില്ലാത്ത നിലയിലേയ്ക്കു മത്സരം മാറി. എന്നാൽ, ഇവിടെ ഒന്നിച്ച് ചേർന്ന അലക്‌സ് കാരിയും, പാറ്റ് കമ്മിൻസും വീണ്ടും ഓസീസിന് പ്രതീക്ഷ നൽകി. മികച്ച രീതിയിൽ കളിച്ച അലക്‌സ് കാരി (20) റൂട്ടിന്റെ പന്തിൽ തിരികെ ക്യാച്ച് നൽകി മടങ്ങിയതോടെ വീണ്ടും ഓസീസ് പ്രതിരോധത്തിലായി. ഇവിടെ ക്യാപ്റ്റൻ പാറ്റ് കമ്മിൻസ് ആക്രമണം കടുപ്പിച്ചു. പ്രത്യാക്രമണത്തോടെ കമ്മിൻസ് കളം നിറഞ്ഞതോടെ ഇംഗ്ലീഷ് ആക്രമണം ഒന്നും ഏറ്റില്ല. രണ്ടു സിക്‌സറുകളും മൂന്നു ഫോറും പറത്തിയ കമ്മിൻസ് കളി ട്വന്റി 20യുടെ ആവേശത്തിലേയ്ക്കു കൊണ്ടു പോയി. ഒരു വശത്ത് ലയോണിനെ കൂട്ടുപിടിച്ചാണ് ക്യാപ്റ്റൻ ടീമിനെ മുന്നോട്ടു നയിച്ചത്.
ഇംഗ്ലണ്ടിന് ജയിക്കാൻ രണ്ടു വിക്കറ്റ് എന്ന ഘട്ടത്തിൽ നിന്ന്, ഓസീസിന് ജയിക്കാൻ അഞ്ചു റൺ എന്ന നിലയിലേയ്ക്കു കമ്മിൻസ് കളി എത്തിച്ചു. അവസാന പന്ത് ബൗണ്ടറിയിലേയ്ക്കു പറത്തി ആഷസിലെ ആദ്യ മത്സരം ഒടുവിൽ ഇംഗ്ലണ്ടിൽ നിന്നും ആസ്‌ട്രേലിയ തട്ടിയെടുത്തു. 73 പന്തിൽ 44 റണ്ണെടുത്ത പാറ്റ് കമ്മിൻസും, 28 പന്തിൽ 16 റണ്ണെടുത്ത് ക്യാപ്റ്റന് കൂട്ടു നിന്ന നഥാൻ ലയോണുമാണ് വിജയശില്പികൾ. ഇംഗ്ലണ്ടിനു വേണ്ടി ബോർഡ് മൂന്നും, റോബിൻസൺ രണ്ടും, മോയിൻ അലിയും ജോ റൂട്ടും ഓരോ വിക്കറ്റും വീഴ്ത്തി.