ആലപ്പുഴ: ഹോംസ്റ്റേ നടത്തിപ്പിന് ലൈസൻസ് അനുവദിക്കാൻ രണ്ടായിരം രൂപ കൈക്കൂലി വാങ്ങുന്നതിനിടെ വിജിലൻസ് പിടിയിലായ ഉദ്യോഗസ്ഥൻ കേസ് അന്വേഷിക്കാൻ എത്തിയ വിജിലൻസ് ഉദ്യോഗസ്ഥനോടും കൈക്കൂലി ആവശ്യപ്പെട്ടു. ആലപ്പുഴയിൽ വെള്ളിയാഴ്ച രാവിലെ വിജിലൻസ് സംഘം പിടികൂടിയ ടൂറിസം ആന്റ് ഇൻഫർമേഷൻ ഓഫിസർ കെ.ജെ ഹാരിസാണ് കേസ് അന്വേഷിക്കാൻ ഇന്നലെ സ്ഥലത്ത് വേഷം മാറി എത്തിയ വിജിലൻസ് ഉദ്യോഗസ്ഥനോടും കൈക്കൂലി ആവശ്യപ്പെട്ടത്.
ആലപ്പുഴ സ്വദേശിയായ പരാതിക്കാരൻ ദിവസങ്ങളായി ഹോംസ്റ്റേയ്ക്കു ലൈസൻസ് ലഭിക്കുന്നതിനായി ഓഫിസിൽ കയറിയിറങ്ങി നടക്കുകയായിരുന്നു. ഇതിനിടെ ഇദ്ദേഹം കൈക്കൂലി ആവശ്യപ്പെട്ട് നിരന്തരം രംഗത്ത് എത്തുകയും ചെയ്തു. ഇതോടെ പരാതിക്കാരൻ വിജിലൻസിനെ സമീപിക്കുകയും, ഉദ്യോഗസ്ഥൻ കൈക്കൂലി ആവശ്യപ്പെടുന്നതിന്റെ വീഡിയോ സഹിതം വിജിലൻസ് എസ് പി വി.ജി വിനോദ്കുമാറിന് പരാതി നൽകുകയും ചെയ്തു.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
പരാതി ലഭിച്ചതോടെ പ്രാഥമിക അന്വേഷണം നടത്താൻ വിജിലൻസ് സംഘം ഇന്റലിജൻസ് വിഭാഗം ഉദ്യോഗസ്ഥനെ നിയോഗിച്ചു. ഇദ്ദേഹം വേഷം മാറി ഹാരീസിനെ സമീപിച്ച ശേഷം ഹോം്സ്റ്റേ ലൈസൻസ് ലഭിക്കാൻ വേണ്ട കാര്യങ്ങളെപ്പറ്റി അന്വേഷിച്ചു. ഇതോടെയാണ് ഇദ്ദേഹത്തോടും ഈ ഉദ്യോഗസ്ഥൻ കൈക്കൂലി ആവശ്യപ്പെട്ടത്. തുടർന്ന്, റിപ്പോർട്ട് തയ്യാറാക്കിയ ഈ ഉദ്യോഗസ്ഥൻ നടപടികളിലേയ്ക്കു കടക്കുകയായിരുന്നു.
ആലപ്പുഴ സ്വദേശിയായ യുവാവിന്റെ ഹോം സ്റ്റേയ്ക്കു ലൈസൻസ് അനുവദിക്കുന്നതിനായാണ് ഇദ്ദേഹം രണ്ടായിരം രൂപ കൈക്കൂലി വാങ്ങിയത്. വിജിലൻസ് എസ്.പി വി.ജി വിനോദ്കുമാറിന്റെ നേതൃത്വത്തിൽ ആലപ്പുഴ വിജിലൻസ് ഡിവൈഎസ്പി ഗിരീഷ് പി.സാരഥി, സിഐമാരായ പ്രശാന്ത്കുമാർ, രാജേഷ്, എസ്ഐമാരായ സ്റ്റാൻലി തോമസ്, സുരേഷ് കുമാർ, ബസന്ത്, എ.എസ്ഐ ജയലാൽ, പൊലീസ് ഉദ്യോഗസ്ഥരായ എസ്.ഡി ഷിജു, സനൽ സഹദേവൻ, ശ്യാം കുമാർ, ടി.പി രാജേഷ്, മനോജ് കുമാർ, ലിജു എന്നിവർ ചേർന്നാണ് ഇയാളെ പിടികൂടിയത്.