ബംഗളുരു : സാഫ് കപ്പ് ഫുട്ബാളിലെ തങ്ങളുടെ രണ്ടാം മത്സരത്തില്‍ മറുപടിയില്ലാത്ത രണ്ട് ഗോളുകള്‍ക്ക് നേപ്പാളിനെ തോല്‍പ്പിച്ച് ഇന്ത്യ സെമിഫൈനല്‍ ഉറപ്പിച്ചു.ഗോള്‍ രഹിതമായ ആദ്യ പകുതിക്ക് ശേഷം സുനില്‍ ഛെത്രിയും നവോറെം മഹേഷ് സിംഗുമാണ് ഇന്ത്യയ്ക്ക് വേണ്ടി ഗോളുകള്‍ നേടിയത്. ഇതോടെ ചൊവ്വാഴ്ച കുവൈറ്റിനെതിരായ ഗ്രൂപ്പിലെ അവസാന മത്സരത്തില്‍ ജയിച്ചില്ലെങ്കിലും ഇന്ത്യയ്ക്ക് സെമിയിലെത്താനാവും.
ഇന്നലെ ആദ്യ പകുതിയില്‍ മലയാളിതാരം സഹല്‍ അബ്ദുസമദിന്റെ ചില മികച്ച ശ്രമങ്ങള്‍ കണ്ടെങ്കിലും അതൊന്നും ഗോളില്‍ കലാശിച്ചില്ല. 16-ാം മിനിട്ടിലായിരുന്നു സഹലിന്റെ ആദ്യത്തെ പരിശ്രമം.എന്നാല്‍ സത്തലിന്റെ ഷോട്ട് വലയ്ക്ക് പുറത്തേക്കാണ് പോയത്. ശ്രീകണ്ഠീരവ സ്റ്റേഡിയത്തില്‍ മഴയില്‍കുതിര്‍ന്ന മത്സരത്തില്‍ മഹേഷും ഉദാന്തയും സഹലുമൊക്കെ അവസരങ്ങള്‍ സൃഷ്ടിച്ചുകൊണ്ടേയിരുന്നു.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
രണ്ടാം പകുതിയില്‍ നായകൻ സുനില്‍ ഛെത്രിതന്നെ ഇന്ത്യയ്ക്ക് വേണ്ടി വലമുറിച്ചു. 61-ാം മിനിട്ടില്‍ മഹേഷിന്റെ ഒരു കിറുകൃത്യം പാസ് ഛെത്രി വലയ്ക്കുള്ളിലാക്കുകയായിരുന്നു. 70-ാം മിനിട്ടില്‍ അടുത്ത ഗോളും വീണു. ഇത്തവണ ഛെത്രിയുടെ ഒരു ഷോട്ട് നേപ്പാളി പ്രതിരോധത്തില്‍ തട്ടിത്തെറിച്ചത് മഹേഷിന്റെ കാലില്‍ തട്ടി വലയില്‍ കയറുകയായിരുന്നു. ഇന്ത്യയ്ക്ക് വേണ്ടി മഹേഷ് നേടിയ ആദ്യ ഗോളായിരുന്നു ഇത്.
ആദ്യ മത്സരത്തില്‍ ഇന്ത്യ പാകിസ്ഥാനെ 4-0ത്തിന് തോല്‍പ്പിച്ചിരുന്നു. ഇന്നലെ നടന്ന മറ്റൊരു മത്സരത്തില്‍ കുവൈറ്റ് 4-0ത്തിന് തന്നെ പാകിസ്ഥാനെ കീഴടക്കി. ആദ്യ മത്സരത്തില്‍ നേപ്പാളിനെയും കുവൈറ്റ് തോല്‍പ്പിച്ചിരുന്നു. ഇതോടെ ഗ്രൂപ്പ് എയില്‍ ആറുപോയിന്റ് വീതമുള്ള കുവൈറ്റ് ഒന്നാമതും ഇന്ത്യ രണ്ടാമതുമായി. ഒരു ഗ്രൂപ്പില്‍ നിന്ന് രണ്ട് പേര്‍ക്കാണ് സെമി ടിക്കറ്റ്.