ക്ഷീര കര്‍ഷകര്‍ക്ക് സബ്സിഡിക്കായി ഓണ്‍ലൈനില്‍ അപേക്ഷിക്കാം ; ക്ഷീരശ്രീ വെബ് പോര്‍ട്ടല്‍ ആദ്യഘട്ടം കറുകച്ചാലിൽ തുടക്കമായി

കോട്ടയം : ക്ഷീര കര്‍ഷകര്‍ക്ക്  ക്ഷീര വികസന വകുപ്പില്‍ നിന്നു ലഭ്യമാകുന്ന സാമ്പത്തിക സഹായങ്ങള്‍ക്ക് അപേക്ഷിക്കേണ്ട ക്ഷീരശ്രീ വെബ് പോര്‍ട്ടലിന്റെ പ്രവര്‍ത്തനം കറുകച്ചാല്‍ ഗ്രാമപഞ്ചായത്തില്‍ ആരംഭിച്ചു. സംസ്ഥാനത്ത് ക്ഷീരഗ്രാമം പദ്ധതിയ്ക്കായി തിരഞ്ഞെടുത്തിട്ടുള്ള 10 ഗ്രാമപഞ്ചായത്തുകളിലാണ് വെബ്പോര്‍ട്ടല്‍ വഴി ആദ്യഘട്ടത്തില്‍ അപേക്ഷകള്‍ സ്വീകരിക്കുക. ഇതില്‍ കറുകച്ചാല്‍ ഗ്രാമപഞ്ചായത്തും ഉള്‍പ്പെടും. 50 ലക്ഷം രൂപയാണ് ഓരോ പഞ്ചായത്തിനും ക്ഷീരഗ്രാമം പദ്ധതിയ്ക്കായി വകയിരുത്തിയിട്ടുള്ളത്. പദ്ധതിയ്ക്കായി അപേക്ഷിക്കുന്നതിന് കര്‍ഷകര്‍ ക്ഷീരസംഘങ്ങളിലോ ക്ഷീര വികസന വകുപ്പിന്റെ ഓഫീസുകളിലോ പോകേണ്ടതില്ല.
കറുകച്ചാല്‍ പഞ്ചായത്തിലെ സംഘങ്ങളില്‍ പാലളക്കുന്ന ക്ഷീരകര്‍ഷകര്‍ക്ക് ksheerasree.kerala.gov.in എന്ന പോര്‍ട്ടലില്‍ മൊബൈലിലൂടെയോ കംപ്യൂട്ടറിലൂടെയോ അക്ഷയയിലൂടെയോ ഡിസംബര്‍ 18  വരെ  അപേക്ഷിക്കാം.

Advertisements

പദ്ധതി പ്രകാരം രണ്ട് പശു അടങ്ങുന്ന 32 യൂണിറ്റുകള്‍ പഞ്ചായത്തില്‍ അനുവദിക്കും. ഓരോ യൂണിറ്റിനും 69,000 രൂപ ധനസഹായം ലഭിക്കും. 22 ലക്ഷം രൂപയാണ് ഇതിനായി മാത്രം മാറ്റി വച്ചിട്ടുള്ളത്. അഞ്ച് പശുക്കള്‍ അടങ്ങുന്ന നാല് യൂണിറ്റുകള്‍ക്ക് ധനസഹായമായി 7.36 ലക്ഷം രൂപയും നല്‍കും. ഒരു പശുവും ഒരു കിടാരിയും മൂന്നു പശുവും മൂന്നു കിടാരിയും അടങ്ങുന്ന യൂണിറ്റുകള്‍ക്കും ധനസഹായം നല്‍കും.
ശാസ്ത്രീയ തൊഴുത്ത് നിര്‍മ്മാണത്തിന് രണ്ട് ഗുണഭോക്താക്കള്‍ക്കായി ഒരു ലക്ഷം രൂപ ധനസഹായം നല്‍കും. ക്ഷീരഗ്രാമം പദ്ധതിയില്‍ സംഘത്തില്‍ പാലളക്കുന്ന 220 പേര്‍ക്ക് മിനറല്‍ മിക്ചര്‍ വിതരണം ചെയ്യുന്നതിനായി 22,000 രൂപ മാറ്റി വച്ചിട്ടുള്ളതായി വാഴൂര്‍ ക്ഷീരവികസന ഓഫീസര്‍ ടി.എസ് ഷിഹാബുദ്ദീന്‍ അറിയിച്ചു. വിശദ വിവരങ്ങള്‍ക്ക് 0481 2417722, 7907979874, 7025600574 എന്നീ നമ്പരുകളില്‍ വിളിക്കാം.

Hot Topics

Related Articles