തിരുവനന്തപുരം: ദേശീയ കുടുംബാരോഗ്യ സര്‍വേ പ്രകാരം മദ്യപിക്കുന്നവരുടെ ദേശീയ ശരാശരിയേക്കാള്‍ കൂടുതല്‍ മദ്യ ഉപയോഗം കേരളത്തില്‍ നടക്കുന്നതായി കണ്ടെത്തല്‍.
കേരളത്തിലെ ഗ്രാമീണ മേഖലയില്‍ 18.7 ശതമാനം പുരുഷന്മാരും, നഗര മേഖലയില്‍ 21 ശതമാനം പുരുഷന്മാരും മദ്യപിക്കുന്നുവെന്നാണ് സര്‍വേ റിപ്പോർട്ട്.
ദേശീയ തലത്തില്‍ 15 വയസിന് മുകളിലുള്ള മദ്യപിക്കുന്നവരുടെ ശരാശരി എണ്ണം 18.8 ആണെങ്കില്‍ കേരളത്തില്‍ അത് 19.9 ആണ്. കേരളത്തിലെ പതിനാല് ജില്ലകളില്‍ മദ്യപിക്കുന്നവരുടെ എണ്ണത്തിൽ മുന്നിൽ ആലപ്പുഴ ജില്ലയാണ്. ജനസംഖ്യ അനുപാതത്തില്‍ നോക്കിയാല്‍ ആലപ്പുഴയിലാണ് മദ്യപാനികളുടെ എണ്ണം കൂടുതല്‍. പുരുഷന്മാര്‍ക്കിടയില്‍ 29 ശതമാനം പേര്‍ ആലപ്പുഴയില്‍ മദ്യപിക്കും എന്നാണ് കണക്കുകള്‍ വ്യക്തമാക്കുന്നത്. അതേ സമയം ആലപ്പുഴയിലെ സ്ത്രീകള്‍ക്കിടയില്‍ വെറും 0.2 ശതമാനത്തിന് മാത്രമേ മദ്യപാന ശീലം ഉള്ളുവെന്നും സര്‍വേയിൽ പറയുന്നു.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
മദ്യപാനികളുടെ എണ്ണത്തില്‍ രണ്ടാമത് കോട്ടയം ജില്ലയാണ് ഇവിടെ 27.4 ശതമാനമണ് മദ്യപാന ശീലം. സ്ത്രീകള്‍ക്കിടയില്‍ ഇത് 0.6 ശതമാനമാണ്. അതേ സമയം ബിവറേജ് കോര്‍പ്പറേഷന്‍റെ കണക്ക് പ്രകാരം ആലപ്പുഴയില്‍ കഴിഞ്ഞ മാസം വിറ്റത് 90,684 കൈസ് റം ആണ്. അതിന് പുറമേ ബീയര്‍ വിറ്റത് 1.4 ലക്ഷമാണ്. അതേ സമയം കോട്ടയത്ത് ബ്രാണ്ടിയാണ് പ്രിയപ്പെട്ട മദ്യം എന്നാണ് ബീവറേജ് കോര്‍പ്പറേഷന്‍ കണക്കുകള്‍ വ്യക്തമാക്കുന്നത്.
കേരളത്തിന്‍റെ മദ്യപാനികളുടെ എണ്ണത്തില്‍ മൂന്നാംസ്ഥാനത്ത് തൃശ്ശൂര്‍ ജില്ലയാണ്. ഇവിടെ ശരാശരി 26.2 ശതമാനം പുരുഷന്മാരും, 0.2 ശതമാനം സ്ത്രീകളും മദ്യപിക്കുന്നുണ്ടെന്നാണ് കുടുംബാരോഗ്യ സര്‍വേ പറയുന്നത്. അതേ സമയം കേരളത്തില്‍ ഏറ്റവും കുറവ് മദ്യപാനികള്‍ ഉള്ള ജില്ല മലപ്പുറമാണ് ഇവിടെ 7.7 ശതമാനം പുരുഷന്മാരാണ് മദ്യം ഉപയോഗിക്കുന്നത്. ഏറ്റവും കൂടുതല്‍ സ്ത്രീകള്‍ മദ്യപിക്കുന്ന ജില്ല വയനാടാണ് ഇവിടുത്തെ സ്ത്രീകള്‍ക്കിടയിലുള്ള ശരാശരി 1.2 ശതമാനമാണ്.