തിരുവനന്തപുരം : റിസര്‍വ് ബാങ്ക് ഗവര്‍ണര്‍ ശശികാന്ത് ദാസിന് സഹകരണ വകുപ്പ് മന്ത്രി വി എൻ വാസവൻ കത്തയച്ചു. കേരളത്തിലെ സഹകരണ ബാങ്കുകളെ സംബന്ധിച്ച് റിസര്‍വ്വ് ബാങ്ക് ഓഫ് ഇന്ത്യ പുറത്തിറക്കിയ വാര്‍ത്താക്കുറിപ്പിലും പിന്നാലെ പ്രസിദ്ധീകരിച്ച പത്ര പരസ്യത്തിലും പരാമര്‍ശിച്ച ആശയകുഴപ്പം സംബന്ധിച്ച പരാമര്‍ശങ്ങള്‍ ഒഴിവാക്കാന്‍ വേണ്ട ഇടപെടല്‍ നടത്തണമെന്ന് അഭ്യര്‍ത്ഥിച്ചാണ് സഹകരണ മന്ത്രി കത്തയച്ചത്.
മന്ത്രി ഫേസ് ബുക്കിലൂടെയാണീ ഈ കാര്യം അറിയിച്ചത്. വാര്‍ത്തയിലെയും പരസ്യത്തിലെയും പരാമര്‍ശങ്ങള്‍ സംസ്ഥാനത്തെ സഹകരണ സംഘങ്ങളെ ബാധിക്കുന്നതല്ല. അംഗങ്ങളില്‍ നിന്നല്ലാതെ നിക്ഷേപം സ്വീകരിക്കരുതെന്നും ഇടപാടുകള്‍ നടത്തരുതെന്നും പരസ്യത്തില്‍ മുന്നറിയിപ്പ് നല്‍കുന്നു. സംസ്ഥാന സഹകരണ നിയമത്തില്‍ തന്നെ ഇക്കാര്യം വ്യക്തമാക്കുന്നുണ്ട്.സഹകരണ സംഘത്തിലെ ഇടപാടുകള്‍ അംഗങ്ങള്‍ക്കിടയില്‍ മാത്രമാണ്.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
ഇതിനു പുറമെ സഹകരണ സംഘം നിക്ഷേപകര്‍ക്ക് ഡെപ്പോസിറ്റ് ഇന്‍ഷ്വറന്‍സ് ആന്‍ഡ് ക്രെഡിറ്റ് ഗ്യാരന്റി കോര്‍പ്പറേഷന്‍ ( ഡിഐസിജിസി )നല്‍കുന്ന ഗ്യാരന്റി ലഭിക്കില്ലെന്നും പറയുന്നുണ്ട്. നാളിതുവരെ ഡിഐസിജിസിയുടെ ഇന്‍ഷുറന്‍സ് പരിരക്ഷ സഹകരണ സംഘങ്ങള്‍ക്കു ലഭിച്ചിട്ടില്ല. സഹകരണ സംഘങ്ങളെ ഇതിന്റെ പരിരക്ഷയില്‍ ഉള്‍പ്പെടുത്താനും തയ്യാറാകില്ല. എന്നാല്‍ സംസ്ഥാനത്ത് സഹകരണ നിയമ പ്രകാരം രൂപീകരിച്ച നിക്ഷേപ ഗ്യാരന്റി ബോര്‍ഡ് രൂപീകരിക്കുകയും രണ്ട് ലക്ഷം രൂപ പരിധി ഏര്‍പ്പെടുത്തുകയും ചെയ്തിട്ടുണ്ട്. ഈ പരിധി വര്‍ദ്ധിപ്പിക്കുന്ന കാര്യം പരിഗണനയിലാണ്.
ഈ സാഹചര്യത്തില്‍ വാര്‍ത്താക്കുറിപ്പിലെയും പരസ്യത്തിലെയും ഈ പരാമര്‍ശങ്ങള്‍ തെറ്റിദ്ധാരണാ ജനകവും പൊതു സമൂഹത്തില്‍ ആശങ്ക സൃഷ്ടിക്കുന്നതുമാണ്. ഈ വിവരങ്ങള്‍ ഉള്‍പ്പെടുത്തി സഹകരണ സംഘം രജിസ്ട്രാര്‍ ആര്‍ബിഐ ചീഫ് ജനറല്‍ മാനേജര്‍ ജോഗേഷ് ദയാലിന് കത്തയച്ചിരുന്നു. ഈ കത്തിലെ ആവശ്യങ്ങള്‍ പരിഗണിക്കണമെന്നും ആര്‍ബിഐ ഗവര്‍ണറോട് അഭ്യര്‍ത്ഥിച്ചതായി മന്ത്രി അറിയിച്ചു.
കേരളത്തിലെ സഹകരണ രംഗത്തെ പ്രാഥമിക കാര്‍ഷിക സഹകരണ സംഘങ്ങള്‍ താഴേതട്ടിലുള്ള കര്‍ഷകര്‍, ചെറുകിട സംരംഭകര്‍, ദുര്‍ബല വിഭാഗങ്ങള്‍ തുടങ്ങിയവരുടെ സാമ്പത്തികവും സാമൂഹ്യവുമായ ഉന്നമനത്തിനായാണ് രൂപീകരിക്കപ്പെട്ടതെന്നും കൃത്യമായ നിയമ ചട്ടക്കൂട്ടില്‍ സംസ്ഥാന സര്‍ക്കാരിന്റെ മേല്‍നോട്ടത്തില്‍ പ്രവര്‍ത്തിക്കുന്നതുമാണെന്നും കത്തില്‍ വ്യക്തമാക്കിയിട്ടുണ്ട്.
കേരള ബാങ്ക് രൂപീകരിക്കുന്നതിനായി ജില്ലാ സഹകരണ ബാങ്കുകളുടെ ലയനവുമായി ബന്ധപ്പെട്ട കാര്യങ്ങളില്‍ നല്‍കിയ പിന്തുണയ്ക്കും ഉപദേശത്തിനും നന്ദി അറിയിക്കുകയും ഇപ്പോള്‍ കേരള ബാങ്ക് മികച്ച രീതിയില്‍ പ്രവര്‍ത്തിക്കുകയാണെന്ന് ആര്‍ബിഐ ഗവര്‍ണറെ അറിയിക്കുകയും ചെയ്തു. കത്തില്‍ അനുകൂലമായ നിലപാട് സ്വീകരിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത് എന്ന് മന്തി വി എൻ വാസവൻ പറഞ്ഞു.