ഈരാറ്റുപേട്ടയിൽ നിന്നും
ജാഗ്രതാ ന്യൂസ് ലൈവ്
പ്രത്യേക ലേഖകൻ
കോട്ടയം : പൂഞ്ഞാറിൽ കോടതി വിധി നടപ്പാക്കാനെത്തിയ ജീവനക്കാരിയെ ആക്രമിച്ച സംഭവത്തിൽ അച്ഛനെയും മകനെയും ഈരാറ്റുപേട്ട പൊലീസ് അറസ്റ്റ് ചെയ്തു. പൂഞ്ഞാർ തെക്കേക്കര വെട്ടിപ്പറമ്പ് കിഴക്കേത്തോട്ടം ജെയിംസ് ലൂക്കോസ് (60) , മകൻ നിഹാൽ ജെയിംസ് (24) എന്നിവരെയാണ് ഈരാറ്റുപേട്ട സ്റ്റേഷൻ ഹൗസ് ഓഫിസർ ഇൻസ്പെക്ടർ പ്രസാദ് എബ്രഹാം വർഗീസ് അറസ്റ്റ് ചെയ്തത്.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
കഴിഞ്ഞ ദിവസമായിരുന്നു കേസിനാസ്പദമായ സംഭവം. പാലാ കുടുംബകോടതിയിലെ കോടതിവിധികൾ നടപ്പാക്കാൻ നിയോഗിക്കുന്ന ഉദ്യോഗസ്ഥ പ്രോസസ് സെർവർ ആയ റിൻസിയ്ക്കു നേരെയാണ് ആക്രമണം ഉണ്ടായത്.
പൂഞ്ഞാർ സ്വദേശിനിയുടെയും തലയോലപ്പറമ്പ് സ്വദേശിയുടേയും വിവാഹമോചന കേസുമായി ബന്ധപ്പെട്ട്, ഇവരുടെ കുട്ടിയെ കേരളത്തിനു പുറത്തേയ്ക്കു കൊണ്ടു പോകുന്ന കേസിൽ ഇൻജക്ഷൻ ഓർഡർ പതിക്കുന്നതിനായി എത്തിയപ്പോഴായിരുന്നു ആക്രമണം ഉണ്ടായത്. കുട്ടിയുടെ മാതാവ് ജർമ്മിനിയിലാണ്. കുട്ടിയുടെ മാതാവിന് സമീപത്തേയ്ക്കു കുട്ടിയെ കൊണ്ടു പോകുമെന്നു വിവരം ലഭിച്ച പിതാവിന്റെ കുടുംബം, കുട്ടിയെ കൊണ്ടു പോകുന്നതു തടയുന്നതിനായി പാലാ കുടുംബക്കോടതിയിൽ നിന്നും ഇൻജക്ഷൻ ഓർഡർ വാങ്ങി.
ഈ ഓർഡർ കൈപ്പറ്റാൻ കുട്ടിയുടെ മാതാവിന്റെ വീട്ടുകാർ തയ്യാറായില്ല. ഈ സാഹചര്യത്തിൽ ഈ ഓർഡർ വീട്ടിൽ പതിക്കുന്നതിനായി എത്തിയ കോടതി ജീവനക്കാരിയ്ക്കു നേരെയാണ് ആക്രമണം ഉണ്ടായത്. പെൺകുട്ടിയുടെ അച്ഛൻ ജയിംസാണ് ആക്രമണത്തിന് നേതൃത്വം നൽകിയത്. ഗുമസ്തയെ കല്ലുകൊണ്ട് ഇടിക്കാനും ശ്രമിക്കാൻ ഇയാൾ ശ്രമിച്ചു. പെൺകുട്ടിയുടെ സഹോദരൻ നിഹാൽ ഗുമസ്തയെ കയ്യേറ്റം ചെയ്യാനും ശ്രമിച്ചു. ഇവരുടെ തിരിച്ചറിയൽ കാർഡ് കൈക്കലാക്കാനും അക്രമികൾ ശ്രമം നടത്തി.
സംഭവം വിവാദമായതോടെ സ്ത്രീത്വത്തെ അപമാനിക്കൽ, കയ്യേറ്റം, കൃത്യനിർവഹണം തടസപ്പെടുത്തി തുടങ്ങിയ വകുപ്പുകൾ ചുമത്തി കേസെടുക്കുകയായിരുന്നു. ജില്ലാ പൊലീസ് മേധാവി ഡി. ശില്പ , ഡിവൈ.എസ്.പി ഷാജു ജോസ് , എസ്.ഐ അനുരാജ് , സീനിയർ സിവിൽ പൊലീസ് ഓഫിസർ ജിനു എന്നിവർ ചേർന്നാണ് പ്രതികളെ അറസ്റ്റ് ചെയ്തത്. പ്രതികളെ രാത്രി തന്നെ മജിസ്ട്രേറ്റിന് മുന്നിൽ ഹാജരാക്കും.