പാരീസ്: സൂപ്പര്‍ താരം കിലിയൻ എംബാപ്പെ പുതിയ കരാറിലൊപ്പുവെയ്ക്കണമെന്ന കര്‍ശന നിര്‍ദേശവുമായി പി.എസ്.ജി. പ്രസിഡന്റ് നാസര്‍ അല്‍ ഖെലൈഫി.അടുത്ത സീസണില്‍ പി.എസ്.ജിയ്ക്ക് വേണ്ടി കളിക്കണമെങ്കില്‍ എംബാപ്പെ നിര്‍ബന്ധമായും കരാറിലൊപ്പുവെയ്ക്കണമെന്ന് ഖെലൈഫി വ്യക്തമാക്കി.
‘ എംബാപ്പെയ്ക്ക് ഇവിടെ തുടരണമെങ്കില്‍ നിര്‍ബന്ധമായും കരാറിലൊപ്പുവെച്ചേ മതിയാകൂ. ലോകത്തിലെ ഏറ്റവും മികച്ച താരങ്ങളിലൊരാളായ എംബാപ്പെയെ കൈവിടാൻ ഞങ്ങള്‍ക്കാകില്ല. അദ്ദേഹത്തെ ഫ്രീ ഏജന്റായി റിലീസ് ചെയ്യില്ല. അത് ഒരിക്കലും സാധ്യമല്ല’ ഖെലൈഫി വ്യക്തമാക്കി. പി.എസ്.ജിയുമായി പുതിയ കരാറിലൊപ്പുവെയ്ക്കില്ലെന്ന് എംബാപ്പെ കഴിഞ്ഞ മാസം വെളിപ്പെടുത്തിയിരുന്നു. അതിനുപിന്നാലെയാണ് ക്ലബ്ബ് പ്രസിഡന്റ് നയം വ്യക്തമാക്കിയത്.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
അടുത്ത വര്‍ഷമാണ് എംബാപ്പെയും പി.എസ്.ജിയും തമ്മിലുള്ള കരാര്‍ അവസാനിക്കുന്നത്. അടുത്ത വര്‍ഷം വരെ പി.എസ്.ജിയില്‍ തുടരാൻ ആഗ്രഹിക്കുന്നുവെന്ന് എംബാപ്പെ നേരത്തേ പറഞ്ഞിട്ടുണ്ട്. എന്നാല്‍ പുതിയ കരാറിലൊപ്പുവെച്ചാല് മാത്രമേ അടുത്ത സീസണില്‍ എംബാപ്പെയ്ക്ക് കളിക്കാനാകൂ എന്ന സ്ഥിതി വന്നതോടെ താരത്തിന് മേല്‍ സമ്മര്‍ദ്ദമേറി.
താരത്തെ ഫ്രീ ഏജന്റായി റിലീസ് ചെയ്യില്ലെന്നും വമ്ബൻ തുകയ്ക്ക് മാത്രമേ വില്‍ക്കുകയുള്ളൂ എന്നും പി.എസ്.ജി. വ്യക്തമാക്കിയിട്ടുണ്ട്. 2017 ഓഗസ്റ്റിലാണ് എംബാപ്പെ മൊണോക്കോയില്‍ നിന്ന് പി.എസ്.ജിയിലെത്തിയത്.
അന്ന് 180 മില്യണ്‍ യൂറോ മുടക്കിയാണ് താരത്തെ പി.എസ്.ജി. സ്വന്തമാക്കിയത്. കഴിഞ്ഞ സീസണില്‍ പി.എസ്.ജിയ്ക്ക് വേണ്ടി 43 മത്സരങ്ങളില്‍ നിന്ന് 41 ഗോളുകളാണ് താരം നേടിയത്. 24 കാരനായ എംബാപ്പെ അടുത്ത സീസണിന് മുന്നോടിയായി ടീം വിടുമെന്ന അഭ്യൂഹങ്ങള്‍ ശക്തമാണ്. എംബാപ്പെയെ സ്വന്തമാക്കാൻ റയല്‍ മഡ്രിഡ് സജീവമായി രംഗത്തുണ്ട്.