ഡല്‍ഹി : ടെസ്റ്റ് ക്രിക്കറ്റില്‍ ഏറ്റവും കൂടുതല്‍ റണ്‍സ് നേടുന്ന അഞ്ചാമത്തെ ഇന്ത്യൻ ക്രിക്കറ്റ് താരമെന്ന വീരേന്ദര്‍ സെവാഗിന്റെ റെക്കോര്‍ഡ് മറികടന്ന് വിരാട് കോഹ്ലി.വ്യാഴാഴ്ച ട്രിനിഡാഡിലെ ക്വീൻസ് പാര്‍ക്ക് ഓവലില്‍ വെസ്റ്റ് ഇൻഡീസിനെതിരായ രണ്ടാം ടെസ്റ്റ് മത്സരത്തിനിടെയാണ് കോഹ്ലി ഈ നേട്ടം കൈവരിച്ചത്. സെവാഗിന്റെ 8586 റണ്‍സ് മറികടക്കാൻ 32 റണ്‍സ് വേണ്ടിയിരുന്ന വിരാട്, അദ്ദേഹത്തെ മറികടന്നതിനൊപ്പം ടെസ്റ്റ് ക്രിക്കറ്റില്‍ 8625 റണ്‍സ് നേടിയ മുൻ ഓസ്‌ട്രേലിയൻ താരം മാത്യു ഹെയ്ഡനെ പിന്നിലാക്കുകയും ചെയ്തു. ടെസ്റ്റ് ക്രിക്കറ്റില്‍ ഇന്ത്യയ്‌ക്കായി ഏറ്റവും കൂടുതല്‍ റണ്‍സ് നേടുന്ന അഞ്ചാമത്തെ താരമെന്ന റെക്കോര്‍ഡ് താരം ഇതോടെ തന്റെ പേരിലാക്കി. 111 ടെസ്റ്റുകളില്‍ നിന്ന് 49.38 ശരാശരിയോടെ 8642 റണ്‍സും 28 സെഞ്ച്വറികളും കോഹ്ലി നേടിയിട്ടുണ്ട്.
ഏറ്റവും കൂടുതല്‍ ടെസ്റ്റ് റണ്‍സ് നേടിയ താരങ്ങളുടെ പട്ടികയില്‍ ക്രിക്കറ്റ് ഇതിഹാസം സച്ചിൻ തെണ്ടുല്‍ക്കറാണ് മുന്നില്‍. 200 ടെസ്റ്റ് മത്സരങ്ങളില്‍ നിന്ന് 53.78 ശരാശരിയില്‍ 15,921 റണ്‍സാണ് താരത്തിന്റെ പേരിലുളളത്. 164 ടെസ്റ്റുകളില്‍ നിന്ന് 13288 റണ്‍സുമായി രാഹുല്‍ ദ്രാവിഡാണ് രണ്ടാം സ്ഥാനത്ത്. പട്ടികയില്‍ ടെസ്റ്റ് ക്രിക്കറ്റില്‍ 10,000 റണ്‍സ് തികയ്‌ക്കുന്ന ആദ്യ താരമായ സുനില്‍ ഗവാസ്‌കര്‍ 125 മത്സരങ്ങളില്‍ നിന്ന് 10122 റണ്‍സുമായി മൂന്നാം സ്ഥാനത്തും വിവിഎസ് ലക്ഷ്മണ്‍ 134 മത്സരങ്ങളില്‍ നിന്ന് 8781 റണ്‍സുമായി നാലാം സ്ഥാനത്തുമാണ്