പാമ്പാടിയിൽ നിന്നും
ജാഗ്രതാ ന്യൂസ്
പ്രത്യേക ലേഖകൻ
കോട്ടയം : പാമ്പാടി ഗ്രാമപഞ്ചായത്ത് കമ്മിറ്റിക്കിടയിൽ സമരവുമായി വാർഡ് മെമ്പർ. രണ്ടാം വാർഡ് മെമ്പർ അനീഷ് ഗ്രാമറ്റമാണ് പ്രതിഷേധവുമായി രംഗത്തെത്തിയത്. പാമ്പാടി ഗ്രാമപഞ്ചായത്ത് രണ്ടാം വാർഡിലെ ഗ്രാമറ്റം അങ്കണവാടിയുടെ കെട്ടിട നിർമ്മാണ പൂർത്തീകരണത്തിന് വേണ്ടി തുക അനുവദിക്കാത്തതിൽ പ്രതിഷേധിച്ചായിരുന്നു സമരം. വാർഡ് പ്രദേശത്തെ അംഗനവാടിയ്ക്കായി പഞ്ചായത്ത് തുക അനുവധിക്കണമെന്ന ആവശ്യവുമായി അനീഷ് കമ്മറ്റി ഹാളിൽ കുത്തിയിരുന്ന് പ്രതിഷേധിക്കുകയായിരുന്നു.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
2020- 21 കാലഘട്ടത്തിൽ വിവിധ ഫണ്ടുകളിൽ ഉൾപ്പെടുത്തി അംഗൻവാടിയുടെ നിർമ്മാണത്തിനായി 17 ലക്ഷം രൂപയുടെ പദ്ധതിയായിരുന്നു ഉണ്ടായിരുന്നത്. എന്നാൽ ടെൻഡർ നടപടി പൂർത്തീകരിച്ച പദ്ധതിയിൽ നിലവിൽ 850 സ്‌ക്വയർ ഫീറ്റിൽ കെട്ടിട നിർമ്മാണം തേപ്പ് അടക്കം പൂർത്തീകരിച്ച അവസ്ഥയിലാണ്. ബാക്കി അടിസ്ഥാന സൗകര്യങ്ങൾ കൂടി പൂർത്തിയാക്കേണ്ടതായുണ്ട്. ഇതിനായി 13 ലക്ഷം രൂപയാണ് ചിലവ് വരുന്നത്.എന്നാൽ ഈ തുക വകയിരുത്താൻ പദ്ധതി രൂപീകരണ ഘട്ടത്തിൽ പഞ്ചായത്ത് പ്രസിഡന്റ് അടക്കമുള്ളവർ ഉറപ്പ് നൽകിയെങ്കിലും പിന്നീട് അനുവദിക്കാതെ ഇരിക്കുകയായിരുന്നു. ഇതിൽ പ്രതിഷേധിച്ചാണ് അനീഷ് ഹാളിന്റെ നടുത്തളത്തിൽ കുത്തിയിരിപ്പ് സമരം നടത്തിയത്.
നിലവിൽ അംഗൻവാടിയിൽ 25 ഓളം വിദ്യാർത്ഥികൾ ആണ് പഠിക്കുന്നത്. എന്നാൽ ഇവർക്ക് നിലവിൽ അടുത്തുള്ള വീടിന്റെ ഷെഡിലാണ് അംഗന വാടി പ്രവർത്തിക്കുന്നത്. കുട്ടികൾക്കും അധ്യാപകർക്കുമുള്ള ഭക്ഷണ സാധനങ്ങൾ വരെ സരക്ഷിക്കാൻ പറ്റാത്ത അവസ്ഥയിലാണ് നിലവിൽ അംഗൻവാടി പ്രവർത്തിക്കുന്നത്. അംഗൻവാടിയുടെ പണി പൂർത്തീകരിക്കുവാൻ ആവശ്യമായ തുക അനുവധിക്കാം എന്ന പ്രസിഡന്റിന്റെ ഉറപ്പിലാണ് ഒടുവിൽ അനീഷ് സമരം അവസാനിപ്പിച്ചത്. എന്നാൽ ഉറപ്പ് ലഭിച്ചെങ്കിലും പണി പൂർത്തിയാകുന്നത് വരെ തുടർ സമരങ്ങളും പ്രതിഷേധങ്ങളുമായി വീണ്ടും രംഗത്തെത്തുമെന്ന് അനീഷ് ജാഗ്രതാ ന്യൂസിനോട് പറഞ്ഞു.