ട്രിനാഡാഡ് : ഏകദിന ടീമില്‍ സഞ്ജു സാംസണ് അവസരം കിട്ടാനുള്ള സാധ്യത കുറയുന്നു. ഫോമിലല്ലെങ്കിലും സൂര്യകുമാര്‍ യാദവിന് കൂടുതല്‍ അവസരം നല്‍കാനാണ് ഇന്ത്യൻ ടീം മാനേജ്മെന്റിന്റെ തീരുമാനം. ഏകദിന ലോകകപ്പിന് മുൻപ് കെട്ടുറപ്പുള്ള സംഘമായി മാറാനുള്ള ഒരുക്കത്തിലാണ് ടീം ഇന്ത്യ. ഇതിന്റെ ഭാഗമായാണ് വിൻഡീസിനെതിരായ രണ്ടാം മത്സരത്തില്‍ രോഹിത് ശര്‍മ്മയ്ക്കും വിരാട് കോലിക്കും വിശ്രമം നല്കി സഞ്ജു സാംസണും അക്സര്‍ പട്ടേലിനും അവസരം നല്‍കിയത്.
എന്നാല്‍ ഇരുവര്‍ക്കും പ്രതീക്ഷിച്ച മികവിലേക്ക് എത്താനായില്ല. ഇഷാൻ കിഷൻ അര്‍ധസെഞ്ചുറി നേടിയ കളിയില്‍ സഞ്ജു നേടിയത് ഒൻപത് റണ്‍സ് മാത്രം. വിരാട് കോലിയും രോഹിത് ശര്‍മ്മയും തിരികെ എത്തുന്നതോടെ മൂന്നാം ഏകദിനത്തില്‍ സഞ്ജുവിന് വീണ്ടും പുറത്തിരിക്കേണ്ടിവരും. ഇല്ലെങ്കില്‍ റണ്‍കണ്ടെത്താൻ പാടുപെടുന്ന സൂര്യകുമാര്‍ യാദവിന് പകരം പരിഗണിക്കണം. ഇതിന് സാധ്യതയില്ലെന്നും ടീമിന്റെ പൂര്‍ണ പിന്തുണ സൂര്യയ്ക്കാണെന്നും കോച്ച് രാഹുല്‍ ദ്രാവിഡ് സംശയത്തിനിടയില്ലാതെ വ്യക്തമാക്കുന്നു.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
രണ്ടാം ഏകദിനത്തില്‍ നിറംമങ്ങിയെങ്കിലും ഏകദിന ഫോര്‍മാറ്റില്‍ കിട്ടിയ അവസരങ്ങളിലെല്ലാം മികവ് തെളിച്ച താരമാണ് സഞ്ജു സാംസണ്. അവസാന ഏഴ് ഇന്നിംഗ്സില്‍ മൂന്നിലും നോട്ടൗട്ടായിരുന്നു താരം. 12 കളിയില്‍ രണ്ട് അര്‍ധസെഞ്ചുറിയോടെ സഞ്ജു ആകെ നേടിയത് 339 റണ്‍സ്. 66 റണ്‍സാണ് ബാറ്റിംഗ് ശരാശരി. ഉയര്‍ന്ന സ്കോര്‍ പുറത്താവാതെ നേടിയ 86 റണ്‍സും. ട്വന്റി 20യില്‍ തകര്‍ത്തടിക്കുന്ന സൂര്യകുമാര്‍ 25 ഏകദിനത്തില്‍ ആകെ നേടിയത് 476 റണ്‍സ്. അവസാന 16 ഇന്നിംഗ്സില്‍ നേടിയത് 209 റണ്‍സ് മാത്രവും.