മലയാളി ക്രിക്കറ്റ് പ്രേമികളെ ഇനി പ്രതീക്ഷ വേണ്ട ; സഞ്ജു നമ്മെ പരാജയപ്പെടുത്തുകയാണ് ; രണ്ടാം ഏകദിനത്തിലും താരം വിക്കറ്റ് വലിച്ചെറിഞ്ഞത് അലക്ഷ്യമായി

ഗയാന : ഒരു ഉത്തരവാദിത്തവും കാട്ടുന്നില്ല എന്ന് വിമര്‍ശിക്കുന്ന ആരാധകരെ കുറ്റം പറയാനാവില്ല. വെസ്റ്റ് ഇന്‍ഡീസിന് എതിരായ രണ്ടാം ട്വന്‍റി 20യിലും അനാവശ്യമായി കളിച്ച്‌ വിക്കറ്റ് വലിച്ചെറിഞ്ഞിരിക്കുകയാണ് ടീം ഇന്ത്യയുടെ മലയാളി താരം സഞ്ജു സാംസണ്‍.ട്രിനിഡാഡിലെ ആദ്യ ടി20യില്‍ ഇല്ലാത്ത റണ്ണിനായി ഓടിയാണ് സഞ്ജു പുറത്തായത് എങ്കില്‍ രണ്ടാം മത്സരത്തില്‍ ക്രീസ് വിട്ടിറങ്ങി സിക്‌സിന് ശ്രമിച്ച്‌ സ്റ്റംപ് ചെയ്യപ്പെടുകയായിരുന്നു. ക്രീസില്‍ കാലുറപ്പിച്ചിട്ട് വേണ്ടേ സഞ്ജുവൊന്ന് തിളങ്ങാന്‍ എന്ന് സാമൂഹ്യമാധ്യമങ്ങളില്‍ വിമര്‍ശിക്കുകയാണ് ആരാധകര്‍. ഗയാനയിലെ രണ്ടാം ട്വന്‍റി 20യില്‍ ബാറ്റിംഗില്‍ സ്ഥാനക്കയറ്റം കിട്ടിയിട്ടും ഏറെ ഓവറുകള്‍ മുന്നിലുണ്ടായിരുന്നിട്ടും അമിതാവേശം കൊണ്ടുമാത്രം വിക്കറ്റ് നഷ്‌ടപ്പെടുത്തുകയായിരുന്നു സഞ്ജു.

Advertisements

ഇന്ത്യന്‍ ഇന്നിംഗ്‌സില്‍ 10-ാം ഓവറിലെ മൂന്നാം പന്തില്‍ ഇഷാന്‍ കിഷന്‍ പുറത്തായതോടെയാണ് സഞ്ജു സാംസണ്‍ ക്രീസിലെത്തിയത്. നേരിട്ട രണ്ടാം പന്തില്‍ റൊമാരിയോ ഷെഫേര്‍ഡിനെതിരെ ഫോര്‍ നേടിയെങ്കിലും ഒരോവറിന്‍റെ ഇടവേളയില്‍ സഞ്ജുവിന് ഡ്രസിംഗ് റൂമിലേക്ക് മടങ്ങേണ്ടിവന്നു. 12-ാം ഓവറിലെ ആദ്യ പന്തില്‍ അക്കീല്‍ ഹുസൈനെതിരെ റണ്‍ നേടാതിരുന്ന സഞ്ജു സാംസണ്‍ തൊട്ടടുത്ത ബോളില്‍ ക്രീസ് വിട്ടിറങ്ങി കൂറ്റനടിക്ക് ശ്രമിച്ചു. അക്കീലിന്‍റെ പന്ത് ടേണ്‍ ചെയ്‌തപ്പോള്‍ ഉന്നം പാളിയ സഞ്ജുവിനെ വിക്കറ്റ് കീപ്പര്‍ നിക്കോളാസ് പുരാന്‍ അനായാസം സ്റ്റംപ് ചെയ്യുകയായിരുന്നു. 7 പന്തില്‍ ഒരു ബൗണ്ടറിയോടെ ഏഴ് റണ്‍സേ സഞ്ജുവിനുള്ളൂ. ആദ്യ കളിയില്‍ സഞ്ജു 12 പന്തില്‍ 12 റണ്‍സുമായി കെയ്ല്‍ മെയേഴ്സിന്റെ ത്രോയില്‍ പുറത്തായിരുന്നു. ഇല്ലാത്ത റണ്ണിനായി ഓടിയായിരുന്നു അന്നത്തെ മടക്കം.

Hot Topics

Related Articles