ഡല്‍ഹി : ഇന്ത്യ ആതിഥേയത്വം വഹിക്കുന്ന 2023 ക്രിക്കറ്റ് ലോകകപ്പ് മത്സരങ്ങളുടെ തീയതികള്‍ പുനഃക്രമീകരിച്ച് ഐ.സി.സി.ക്രിക്കറ്റ് പ്രേമികള്‍ ആവേശത്തോടെ കാത്തിരിക്കുന്ന ഇന്ത്യ-പാക് പോരാട്ടമുള്‍പ്പെടെ ഒൻപത് മത്സരങ്ങളുടെ തീയതികളാണ് മാറ്റിയത്. മത്സരങ്ങളുടെ പുതുക്കിയ തീയതികള്‍ ഐ.സി.സി പുറത്തുവിട്ടു.
ഇന്ത്യയും പാകിസ്താനും തമ്മിലുള്ള ബ്ലോക്ക്ബസ്റ്റര്‍ പോരാട്ടം ഒക്ടോബര്‍ 14-ന് അഹമ്മദാബാദില്‍ വെച്ച് നടക്കും. നേരത്തേ ഒക്ടോബര്‍ 15-നാണ് മത്സരം നടത്താൻ നിശ്ചയിച്ചിരുന്നത്. ഇതിന്റെ പശ്ചാത്തലത്തില്‍ ഒക്ടോബര്‍ 14-ന് ഡല്‍ഹിയില്‍ വെച്ച് നടക്കേണ്ടിയിരുന്ന ഇംഗ്ലണ്ടും അഫ്ഗാനിസ്താനും തമ്മിലുള്ള മത്സരം ഒക്ടോബര്‍ 15-ന് നടക്കും.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
ഇംഗ്ലണ്ട്-ബംഗ്ലാദേശ്, പാകിസ്താൻ-ശ്രീലങ്ക മത്സരങ്ങള്‍ ഒക്ടോബര്‍ 10-നും ഓസ്ട്രേലിയയും ദക്ഷിണാഫ്രിക്കയും തമ്മിലുള്ള പോരാട്ടം ഒക്ടോബര്‍ 12-നും നടക്കും. ന്യൂസിലാൻഡും ബംഗ്ലാദേശും ഒക്ടോബര്‍ 13-ന് ഏറ്റുമുട്ടും.
നേരത്തേ മത്സരക്രമത്തില്‍ മാറ്റം ആവശ്യപ്പെട്ട് മൂന്ന് ക്രിക്കറ്റ് ബോര്‍ഡുകള്‍ ഐസിസിക്ക് കത്തെഴുതിയതിനെ തുടര്‍ന്ന് ഏകദിന ലോകകപ്പിന്റെ ഷെഡ്യൂളില്‍ മാറ്റം വരാൻ സാധ്യതയുണ്ടെന്ന് ബിസിസിഐ സെക്രട്ടറി ജയ് ഷാ പറഞ്ഞിരുന്നു. മത്സരങ്ങള്‍ തമ്മിലുള്ള ഇടവേള 4-5 ദിവസമാക്കി കുറയ്ക്കാൻ മത്സരങ്ങളുടെ തീയതികളും സമയവും മാറ്റുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തിരുന്നു. എന്നാല്‍ വേദികളുടെ കാര്യത്തില്‍ മാറ്റമുണ്ടാകില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
അതേസമയം നവരാത്രി ആഘോഷങ്ങള്‍ പ്രമാണിച്ച് സുരക്ഷാ കാരണങ്ങള്‍ മുൻനിര്‍ത്തി സുരക്ഷാ ഏജൻസികള്‍ മത്സരത്തിന്റെ തീയതി മാറ്റാൻ ബിസിസിഐയോട് ആവശ്യപ്പെടുകയും ചെയ്തിരുന്നു. നവരാത്രി ആഘോഷങ്ങളുടെ ആദ്യ ദിനത്തിലാണ് മത്സരം. ഗുജറാത്തിലെ പ്രധാന ആഘോഷങ്ങളിലൊന്നായതിനാല്‍ നഗരത്തിലെ തിരക്കും മറ്റും കണക്കിലെടുത്താണ് സുരക്ഷാ ഏജൻസികള്‍ ഇക്കാര്യം നിര്‍ദേശിച്ചിരിക്കുന്നത്.