കൊച്ചി: നഗരത്തിലെ ഹോട്ടൽ മുറിയിൽ യുവതി കുത്തേറ്റ് മരിച്ച സംഭവത്തില്‍ നിർണായക വിവരങ്ങൾ പുറത്ത്. ക്രൂരമായ ശാരീരിക പീഡനത്തിനും കുറ്റവിചാരണയ്ക്കുമൊടുവിലാണ് പ്രതി യുവതിയെ കുത്തിക്കൊന്നതെന്ന് പൊലീസ് വ്യക്തമാക്കി. യുവതിയുടെ മരണത്തിന് മിനിറ്റുകൾക്ക് മുൻപെടുത്ത വീഡിയോ ദൃശ്യങ്ങൾ പ്രതിയുടെ മൊബൈലിൽ നിന്ന് പൊലീസിന് ലഭിച്ചു. ഇതോടെയാണ് ഇക്കാര്യം വ്യക്തമായത്. കോട്ടയം ചങ്ങനാശേരി വാലുമ്മച്ചിറ ചീരംവേലിൽ രവിയുടെയും തങ്കമ്മയുടെയും മകൾ രേഷ്മ രവി(27)യാണ് ബുധനാഴ്ച രാത്രി ഒമ്പതരയോടെ കുത്തേറ്റു മരിച്ചത്. കേസുമായി ബന്ധപ്പെട്ട് കസ്റ്റഡിയിലെടുത്ത രേഷ്മയുടെ സുഹൃത്തും ഇതേ ഹോട്ടലിലെ കെയർടേക്കറുമായ കോഴിക്കോട് ബാലുശേരി സ്വദേശി പി എ നൗഷിദിന്റെ അറസ്റ്റ് നോർത്ത് പൊലീസ് രേഖപ്പെടുത്തി.
സൗഹൃദത്തിൽനിന്ന് പിൻമാറാൻ വിസമ്മതിച്ചാൽ രേഷ്മയെ കൊലപ്പെടുത്തണമെന്ന് നേരത്തേ തീരുമാനിച്ചിരുന്നെന്നും അതിനായി കത്തി വാങ്ങി സൂക്ഷിച്ചിരുന്നെന്നും പ്രതി പറഞ്ഞു. തന്നെ അപായപ്പെടുത്താൻ യുവതി ദുർമന്ത്രവാദം ചെയ്തെന്നും നൗഷിദ് വിശ്വസിച്ചിരുന്നു. ഇക്കാര്യങ്ങളെല്ലാം രേഷ്മയോട് ചോദിക്കുന്നതിന്റെ ഭാഗങ്ങളാണ് പ്രതി ഫോണിൽ റെക്കോഡ് ചെയ്തത്. താൻ ഇതൊന്നും ചെയ്തിട്ടില്ലെന്നും തന്നെ വിശ്വസിക്കണമെന്നും രേഷ്മ പറയുന്നുണ്ട്. തന്റെ ആരോഗ്യപ്രശ്നങ്ങൾ സുഹൃത്തുക്കളോട് പറഞ്ഞതും വൈരാഗ്യത്തിന് കാരണമായെന്ന് നൗഷിദ് ചോദ്യം ചെയ്യലിൽ പറഞ്ഞു.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
രേഷ്മയും നൗഷിദും സമൂഹമാധ്യമത്തിലൂടെയാണ് പരിചയപ്പെട്ടത്. തനിക്കൊപ്പം ലിവിങ് ടുഗദർ ജീവിതമാരംഭിക്കാൻ ഫ്ലാറ്റ് വാടകയ്ക്കെടുക്കാൻ ആവശ്യപ്പെട്ട് രേഷ്മ നൗഷിദിൽ സമ്മർദം ചെലുത്തിയിരുന്നു. ഇതിനു തയ്യാറാകാതെ വന്നതോടെയാണ് തന്നെപ്പറ്റി അപകീർത്തികരമായ പരാമർശങ്ങൾ രേഷ്മ നടത്തിയതെന്നാണ് പ്രതിയുടെ മൊഴി. തുടർന്ന് ബുധനാഴ്ച കൈപ്പിള്ളി അപാർട് ഹോട്ടലിന്റെ രണ്ടാം നിലയിലെ മുറിയിലേക്ക് രേഷ്മയെ നൗഷിദ് ഫോൺ ചെയ്ത് വിളിച്ചുവരുത്തുകയായിരുന്നു.
രേഷ്മ മുറിയിലെത്തിയ ഉടൻ കളിയാക്കിയതിനെച്ചൊല്ലി ചോദ്യം ചെയ്യലും മർദനവും ആരംഭിച്ചു. ഇതെല്ലാം മൊബൈലിൽ പകർത്തുകയും ചെയ്തു. മാനസിക–ശാരീരിക പീഡനം സഹിക്കാനാകാതെ ഒരു ഘട്ടത്തിൽ ‘തന്നെ കൊന്നേക്കാൻ’ രേഷ്മ ആവശ്യപ്പെട്ടെന്നും ഇതോടെ കയ്യിൽ കരുതിയ കത്തികൊണ്ട് രേഷ്മയുടെ കഴുത്തിൽ കുത്തിയന്നും നൗഷിദ് പറഞ്ഞു. പ്രതി തന്നെയാണ് ഹോട്ടൽ ഉടമയെ വിളിച്ച് രേഷ്മയെ താൻ കുത്തിയതായി അറിയിച്ചത്. വിവരം അറിഞ്ഞ് പൊലീസ് എത്തുമ്പോഴും രേഷ്മയ്ക്ക് ജീവനുണ്ടായിരുന്നു. ഉടൻ ആംബുലൻസിൽ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.