ചെന്നൈ : ബീസ്റ്റി’ന്റെ പരാജയം കൊണ്ട് ഏറെ ട്രോൾ ചെയ്യപ്പെട്ട സംവിധായകനാണ് നെൽസൺ ദിലീപ്കുമാർ. വിജയ്‌യെ നായകനാക്കി ഒരു സിനിമ ഒരുക്കുമ്പോള്‍ ആരാധകരുടെ പ്രതീക്ഷ വാനോളമായിരുന്നു. എന്നാല്‍ തിരക്കഥയിലെ കെട്ടുറപ്പില്ലായ്മയും ആവര്‍ത്തന വിരസതയും കൊണ്ട് ശരാശരിക്കും താഴെ എന്നായിരുന്നു പ്രേക്ഷക പ്രതികരണം. സിനിമ സാമ്പത്തിക വിജയം നേടിയെങ്കിലും സമൂഹമാധ്യമങ്ങളിലും പൊതുവേദികളിലും നെൽസൺ പരിഹാസം നേരിട്ടു. ഇപ്പോൾ രജനികാന്തിനെ നായകനാക്കി ഒരുക്കിയ ‘ജയിലറി’ലൂടെ ഗംഭീര തിരിച്ചുവരവ് നടത്തിയിരിക്കുകയാണ് സംവിധായകൻ.
ബീസ്റ്റിന് ശേഷം വിജയുമായി സംസാരിച്ചിരുന്നോ എന്ന അവതാരകയുടെ ചോദ്യത്തിന് മറുപടി നൽകുകയാണ് നെൽസൺ. ‘ജയിലറി’ന് ലഭിക്കുന്ന മികച്ച പ്രതികരണങ്ങളിൽ ഏറ്റവുമധികം സന്തോഷിക്കുന്ന ഒരാളാണ് വിജയ് എന്നാണ് സംവിധായകൻ പറയുന്നത്. ‘വിജയ് സാറുമായി എപ്പോഴും സംസാരിക്കാറുണ്ട്. ‘ബീസ്റ്റും’ ഇതും തമ്മിൽ ഒരു ബന്ധവുമില്ല. ‘ബീസ്റ്റ്’ കുറച്ച് പേർക്ക് ഇഷ്ടപ്പെട്ടു, ചിലർക്ക് ഇഷ്ടപ്പെട്ടില്ല. സത്യസന്ധമായി പരിശ്രമിച്ചിരുന്നു. എന്നോട് എന്ത് പറഞ്ഞുവോ, ഞാൻ അത്ചെയ്തു. അതവിടെ തീർന്നു. ഇനി അടുത്ത തവണ ചെയ്യുമ്പോൾ ഇതിൽ നിന്നും മാറി ചെയ്യും,’
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
‘ഒരിക്കൽ ഞാൻ അദ്ദേഹത്തോടു ചോദിച്ചു, ‘സർ, നിങ്ങൾക്കും എന്നോട് ദേഷ്യമുണ്ടോ?’. ‘ഞാനെന്തിന് നിന്നോട് ദേഷ്യപ്പെടണ’മെന്ന് അദ്ദേഹം എന്നോട് സംശയത്തോടെ ചോദിച്ചു. അല്ല സർ പടത്തിന് സമ്മിശ്ര പ്രതികരണമാണ് വരുന്നത്. അതുകൊണ്ട് ചോദിച്ചതാണെന്നു പറഞ്ഞു. സർ ഇത് കേട്ട് ഒന്നും മിണ്ടാതെ പോയി. അതിനുശേഷം എന്നെ വിളിച്ചു വരുത്തി അദ്ദേഹം പറഞ്ഞു, ‘എനിക്കും നിനക്കും ഇടയിലുള്ള അടുപ്പം ഒരു സിനിമ മാത്രമാണോ? എന്നോട് ഇങ്ങനെ ചോദിച്ചതിൽ ഒരുപാട് വിഷമമുണ്ട്.’ അങ്ങനെയല്ല സർ, കുറേപേർ ഇങ്ങനെയൊക്കെ പറയുന്നു, അതുകൊണ്ട് ചോദിച്ചതാണെന്നു പറഞ്ഞു. ‘അത് വേറെ, ഇതു വേറെ. ഇത് വർക്കായില്ലെങ്കിൽ വേറൊരു സിനിമ ചെയ്യും.’ അതായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം,’ നെൽസൺ പറഞ്ഞു.
ജയിലർ കണ്ടശേഷം വിജയ് തനിക്ക് സന്ദേശമയച്ചതായും സംവിധായകൻ പറഞ്ഞു. ‘അഭിനന്ദനങ്ങൾ നെൽസൺ, നിന്നെ ഓർത്ത് ഒരുപാട് സന്തോഷിക്കുന്നു,’ എന്നായിരുന്നു സന്ദേശം. രാജ്യത്തിനകത്തും പുറത്തും മികച്ച പ്രതികരണങ്ങളുമായി 150 കോടി കടന്നാണ് ‘ജയിലർ’ പ്രദർശനം തുടരുന്നത്.