തമിഴ്‌നാട് സാമാന്യ മര്യാദ ലംഘിച്ചു; മുല്ലപ്പെരിയാറില്‍ കടുത്ത നിലപാടെന്ന് റവന്യൂമന്ത്രി; സംസ്ഥാനത്തിന്റെ നിര്‍ദ്ദേശങ്ങളെ കാറ്റില്‍ പറത്തി ഇന്ന് പുലര്‍ച്ചെയും ഡാമിന്റെ ഒന്‍പത് ഷട്ടറുകള്‍ തുറന്ന് തമിഴ്‌നാട്

തിരുവനന്തപുരം: മുന്നറിയിപ്പ് ഇല്ലാതെ രാത്രികാലങ്ങളിലും പുലര്‍ച്ചെയും തമിഴ്‌നാട് മുല്ലപ്പെരിയാര്‍ ഡാം തുറക്കുന്നതിനെതിരെ റവന്യൂമന്ത്രി കെ.രാജന്‍. ഒരു സംസ്ഥാനം ജനങ്ങളോട് കാണിക്കേണ്ട സാമാന്യ മര്യാദ തമിഴ്‌നാട് കാണിക്കുമെന്ന് കരുതി. അതുണ്ടായില്ല. പല തവണ ജനങ്ങളുടെ ബുദ്ധിമുട്ടുകള്‍ അടക്കം അറിയിച്ച് കേരളം, തമിഴ്‌നാട് സര്‍ക്കാരിനെ ബന്ധപ്പെട്ടു. എന്നാല്‍ തമിഴ്‌നാട് തല്‍സ്ഥിതി ആവര്‍ത്തിക്കുകയാണ്. ഇനി ശക്തമായ നടപടിയുമായി മുന്നോട്ട് പോകാനാണ് സംസ്ഥാന സര്‍ക്കാരിന്റെ തീരുമാനം- മന്ത്രി പറഞ്ഞു.

Advertisements

”തമിഴ്‌നാട് തോന്നും പടി ഷട്ടറുകള്‍ ഉയര്‍ത്തുന്നത് സാമാന്യ സീമകള്‍ ലംഘിച്ച നടപടിയാണിത്. ജനങ്ങളുടെ സുരക്ഷയാണ് സംസ്ഥാന സര്‍ക്കാരിന് പ്രധാനം. തമിഴ്‌നാടിന്റെ നടപടിയില്‍ ബുദ്ധിമുട്ടിലായ പെരിയാര്‍ തീരത്തെ ജനങ്ങള്‍ക്ക് എല്ലാ സഹായവും ഉറപ്പ് വരുത്തും. ദുരിതാശ്വാസ ക്യാമ്പുകള്‍ തയ്യാറാണ്. ഇതെല്ലാം സുപ്രീം കോടതിയെ ധരിപ്പിക്കും. റവന്യൂ വകുപ്പിന്റെ ഉദ്യോഗസ്ഥര്‍ പ്രദേശത്ത് ക്യാമ്പ് ചെയ്താണ് പ്രവര്‍ത്തനങ്ങള്‍ നടത്തുന്നതെന്നും മന്ത്രി അറിയിച്ചു.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

അതേ സമയം, ഇന്ന് സുപ്രീം കോടതിയില്‍ കേരളം വിഷയം ഉന്നയിക്കാനിരിക്കെ സംസ്ഥാനത്തിന്റെ നിര്‍ദ്ദേശങ്ങളെ കാറ്റില്‍ പറത്തി പുലര്‍ച്ചെ മുല്ലപ്പെരിയാര്‍ ഡാമിന്റെ ഒന്‍പത് ഷട്ടറുകള്‍ തമിഴ്‌നാട് തുറന്നു. 7140 ഘനയടി വെള്ളമാണ് തുറന്നുവിടുന്നത്. അതിനിടെ അണക്കെട്ട് മുന്നറിയിപ്പില്ലാതെ തുറക്കുന്നതിനെതിരെ സുപ്രീം കോടതിയില്‍ ഡോ. ജോ ജോസഫും സത്യവാങ്മൂലം നല്‍കിയിട്ടുണ്ട്. രാത്രി സമയങ്ങളില്‍ മുന്നറിയിപ്പ് പോലും നല്‍കാതെ തമിഴ്‌നാട് സര്‍ക്കാര്‍ വെള്ളം തുറന്നുവിടുന്നത് ജനങ്ങള്‍ക്കിടയില്‍ പരിഭ്രാന്തി ഉണ്ടാക്കുന്നതാണെന്നും തമിഴ്‌നാട് ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി സ്വീകരിക്കണമെന്നുമാണ് സത്യവാങ് മൂലത്തിലെ ആവശ്യം.

Hot Topics

Related Articles