ന്യൂഡല്‍ഹി: സംയുക്ത സൈനിക മേധാവി ബിപിന്‍ റാവത്ത് കൊല്ലപ്പെട്ടുവെന്ന് ഔദ്യോഗിക സ്ഥിരീകരണം. ബിപിന്‍ റാവത്തിന്റെ ഭാര്യ മധുലിക റാവത്തും അപകടത്തില്‍ കൊല്ലപ്പെട്ടു. കൂനൂരിലെ സൈനിക ഹെലികോപ്ടര്‍ തകര്‍ന്ന അപകടത്തില്‍ 13 മരണമെന്ന് വാര്‍ത്താ ഏജന്‍സി എഎന്‍ഐ റിപ്പോര്‍ട്ട് ചെയ്തിരുന്നു. നിലവില്‍ ചികിത്സയിലുള്ളത് ക്യാപ്റ്റന്‍ വരുണ്‍ സിംഗാണ്.
രാജ്യത്തിന് നഷ്ടമായത് ധിരപുത്രനെയെന്ന് രാഷ്ട്രപതി രാംനാഥ് കോവിന്ദ് അനുശോചിച്ചു. അതിവിശിഷ്ട സേവനം രാജ്യം മറക്കില്ലെന്നായിരുന്നു പ്രധാനമന്ത്രി നരേന്ദ്രമോദി ട്വിറ്ററില്‍ കുറിച്ചത്. നികത്താനാകാത്ത നഷ്ടമെന്ന് പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗ് പറഞ്ഞു. രാജ്യം ഏകമനസ്സോടെ ദുഃഖിക്കുന്നുവെന്ന് രാഹുല്‍ ഗാന്ധിയും നഷ്ടമായത് ധീരപുത്രനെയെന്ന് അമിത് ഷായും പ്രതികരിച്ചു.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
പതിന്നാല് പേരില്‍ 13 പേരും മരണപ്പെട്ടുവെന്നും ഒരാള്‍ മാത്രമാണ് ജീവനയോടെയുള്ളതെന്നും ഏജന്‍സി പുറത്ത് വിട്ട റിപ്പോര്‍ട്ടില്‍ പറഞ്ഞിരുന്നു. ഇന്ത്യന്‍ വ്യോമസേനയാണ് വിവരം പുറത്ത് വിട്ടത്. ലക്ഷ്യസ്ഥാനത്തേക്ക് എത്തുന്നതിന് അഞ്ച് മിനിറ്റ് മുന്‍പായിരുന്നു അപകടം. നാല്‍പ്പത് വര്‍ഷത്തിലധികമായി രാജ്യത്തിന് വേണ്ടി ജീവിതം ഉഴിഞ്ഞ് വച്ച ആളായിരുന്നു ബിപിന്‍ റാവത്ത്. അടുത്ത വര്‍ഷം വിരമിക്കാനിരിക്കെയാണ് രാജ്യത്തെ ഞെട്ടിന്റെ ബിപിന്‍ റാവത്തിന്റെ അന്ത്യം.
ബിപിന്‍ റാവത്തിന് പുറമെ അദ്ദേഹത്തിന്റെ ഭാര്യ മധുലിക റാവത്ത്, ബ്രിഗേഡിയര്‍ എല്‍.എസ്. ലിഡര്‍, ലെഫ്.കേണല്‍ ഹര്‍ജീന്ദര്‍ സിങ്, എന്‍.കെ. ഗുര്‍സേവക് സിങ്, എന്‍.കെ. ജിതേന്ദ്രകുമാര്‍, ലാന്‍സ് നായിക്, വിവേക് കുമാര്‍, ലാന്‍സ് നായിക് ബി. സായ് തേജ, ഹവീല്‍ദാര്‍ സത്പാല്‍ എന്നിവരാണ് അപകടത്തില്‍ പെട്ട ഹെലിക്കോപ്ടറിലുണ്ടായിരുന്നത്. വെല്ലിങ്ടണ്‍ കന്റോണ്മെന്റില് ഒരു സെമിനാറില്‍ പങ്കെടുക്കുന്നതിനാണ് സൈനികമേധാവി യാത്ര പുറപ്പെട്ടതെന്നാണ് റിപ്പോര്‍ട്ട്. വ്യോമസേനയുടെ F Mi-17V5 എന്ന ഹെലികോപ്ടറിലാണ് ഇവര്‍ സഞ്ചരിച്ചിരുന്നത്. കുനൂരില്‍നിന്ന് വെല്ലിങ്ടണ്‍ കന്റോണ്‍മെന്റിലേക്കുള്ള യാത്രാമധ്യേ കോയമ്പത്തൂരിനും സുലൂരിനും ഇടയില്‍ കാട്ടേരി പാര്‍ക്കില്‍ ലാന്‍ഡിങ്ങിന് ശ്രമിക്കുമ്പോഴായിരുന്നു അപകടം. ജനവാസ മേഖലയോട് ചേര്‍ന്ന് കുന്നില്‍ ചെരിവാണ് ഈ മേഖല.
സംയുക്ത മേധാവി ബിപിന്‍ റാവത്ത് സഞ്ചരിച്ച ഹെലികോപ്ടര്‍ തകര്‍ന്ന സംഭവത്തില്‍ വാര്‍ത്ത ഞെട്ടലുണ്ടാക്കിയെന്നും എല്ലാവരുടേയും സുരക്ഷയ്ക്കായി പ്രാര്‍ത്ഥിക്കുന്നുവെന്നും കേന്ദ്ര മന്ത്രി നിതിന്‍ ഗഡ്കരി പറഞ്ഞു.ദുഖകരമായ വാര്‍ത്തയെന്നും എല്ലാവരുടേയും സുരക്ഷയ്ക്കായി പ്രാര്‍ത്ഥിക്കുന്നെന്നും അരവിന്ദ് കെജ്രിവാള് ട്വീറ്റ് ചെയ്തു. കുനൂര്‍ കട്ടേരിക്ക് സമീപമുള്ള ഫാമിലാണ് ഹെലികോപ്റ്റര്‍ തകര്‍ന്ന് വീണത്. വ്യോമസേനയുടെ എം.ഐ 17വി.5 ഹെലിക്കോപ്ടറാണ് അപകടത്തില്‍ പെട്ടതെന്ന് വ്യോമസേന ട്വീറ്റ് ചെയ്തു. കുനൂരില്‍ നിന്ന് വെല്ലിങ്ടണ്‍ കന്റോണ്‍മെന്റിലേക്കുള്ള യാത്രാമധ്യേയാണ് അപകടം സംഭവിച്ചത്.അപകടത്തെക്കുറിച്ച് അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ട്. ബ്ലാക്ക് ബോക്സ് കണ്ടെടുത്ത ശേഷം മാത്രമേ അപകടത്തിന്റെ വിശദവിവരങ്ങള്‍ അറിയാന്‍ കഴിയൂ എന്ന് ഔദ്യോഗിക വൃത്തങ്ങള്‍ അറിയിച്ചു.
രണ്ടാം ജന്മം
2015 ഫെബ്രുവരി മൂന്നിന് നാഗാലാന്‍ഡിലെ ദിമാപുരില്‍ ഒരു ഹെലികോപ്റ്റര്‍ അപകടത്തില്‍നിന്ന് അത്ഭുതകരമായാണ് റാവത്ത് രക്ഷപ്പെട്ടത്.1978 ല്‍ 11 ഗൂര്‍ഖാ റൈഫിള്‍സിന്റെ അഞ്ചാം ബറ്റാലിയനിലാണ് റാവത്ത് സൈനിക ജീവിതം ആരംഭിച്ചത്. അദ്ദേഹത്തിന്റെ പിതാവും അതേ യൂണിറ്റിലായിരുന്നു. ഉയര്‍ന്ന പ്രദേശങ്ങളിലെ യുദ്ധമുറകളില്‍ പ്രാഗത്ഭ്യം നേടിയിട്ടുള്ള അദ്ദേഹം യുഎന്‍ സൈനിക സംഘത്തിന്റെ ഭാഗമായി കോംഗോയില്‍ േസവനമനുഷ്ഠിച്ചിട്ടുണ്ട്. 2016 ഡിസംബര്‍ 31 നാണ് കരസേനാ മേധാവിയായി ചുമതലയേറ്റത്. 2020 ജനുവരി ഒന്നിന് സംയുക്ത സേനാ മേധാവിയായി. പരമവിശിഷ്ട സേവാ മെഡല്‍, അതിവിശിഷ്ട സേവാ മെഡല്‍, വിശിഷ്ട സേവാ മെഡല്‍, ഉത്തം യുദ്ധ് സേവാമെഡല്‍, യുദ്ധ് സേവാ മെഡല്‍, സേനാ മെഡല്‍ തുടങ്ങിയ സൈനിക ബഹുമതികള്‍ ലഭിച്ചിട്ടുണ്ട്.
ജീവിതരേഖ
ഉത്തരാഖണ്ഡിലെ പൗരിയില്‍ 1958 മാര്‍ച്ച് 16 നാണ് ബിപിന്‍ റാവത്ത് ജനിച്ചത്. സൈനിക പാരമ്പര്യമുള്ള കുടുംബമാണ് അദ്ദേഹത്തിന്റേത്. പിതാവ് ലക്ഷ്മണ് സിങ് റാവത്ത് കരസേനയിലെ ലഫ്റ്റനന്റ് ജനറലായിരുന്നു. ഡെറാഡൂണിലെ കാംബ്രിയന് ഹാള്‍ സ്കൂളിലും ഷിംലയിലെ സെന്റ് എഡ്വേഡ് സ്കൂളിലുമായി ആയിരുന്നു സ്കൂള്‍ വിദ്യാഭ്യാസം. പിന്നീട് നാഷനല്‍ ഡിഫന്‍സ് അക്കാദമിയിലും ഡെറാഡൂണിലെ ഇന്ത്യന്‍ മിലിട്ടറി അക്കാദമിയിലുമായി തുടര്‍ വിദ്യാഭ്യാസം. കുനൂരിലെ വെല്ലിങ്ടണിലുള്ള ഡിഫന്‍സ് സര്‍വീസ് സ്റ്റാഫ് കോളജില്‍നിന്ന് ബിരുദം നേടിയിട്ടുണ്ട്. അമേരിക്കയിലെ കന്‍സാസിലുള്ള യുണൈറ്റഡ് സ്റ്റേറ്റ്സ് ആര്‍മി കമാന്‍ഡ് ആന്‍ഡ് ജനറല്‍ സ്റ്റാഫ് കോളജില്‍ പരിശീലനം നേടിയിട്ടുണ്ട്. ഡിഫന്‍സ് സ്റ്റഡീസില്‍ എംഫിലും മാനേജ്മെന്റിലും കംപ്യൂട്ടര്‍ സ്റ്റഡീസിലും ഡിപ്ലോമയുമുണ്ട്. മിലിട്ടറി – മീഡിയ സ്ട്രാറ്റജിക് സ്റ്റഡീസില്‍ പിഎച്്ഡി നേടിയിട്ടുണ്ട്.