‘മനുഷ്യരല്ലേ… കിട്ടുമ്ബോള്‍ സന്തോഷം… കിട്ടാത്തപ്പോള്‍ വിഷമം’ : അവാർഡ് ലഭിച്ചതിൽ നിഷ്കളങ്കമായ പ്രതികരണവുമായി ഇന്ദ്രൻസ് 

കൊച്ചി : അറുപത്തിയൊമ്ബതാമത് ദേശീയ ചലച്ചിത്ര പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചപ്പോള്‍ പുഷ്പ സിനിമയിലൂടെ അല്ലു അര്‍ജുൻ മികച്ച നടനായി തെരഞ്ഞെടുക്കപ്പെട്ടു.ആലിയ ഭട്ടും കൃതി സനോണുമാണ് മികച്ച നടിമാര്‍. കേരളത്തിന് ഇത്തവണയും സന്തോഷിക്കാൻ വകയുണ്ട്. ഹോം സിനിമയിലൂടെ ഇന്ദ്രൻസ് പ്രത്യേക ജൂറി പുരസ്കാരം നേടിയതും മികച്ച മലയാള ചിത്രമായി റോജിൻ തോമസ് സംവിധാനം ചെയ്ത ഹോം തെരഞ്ഞെടുക്കപ്പെട്ടതുമാണ് മലയാളികളായ സിനിമപ്രേമികളെ ഏറെ സന്തോഷിപ്പിച്ചത്.

Advertisements

ഒട്ടും പ്രതീക്ഷിക്കാതെയാണ് ഇന്ദ്രൻസിനെ തേടി ദേശീയ തലത്തില്‍ നിന്നുള്ള അംഗീകാരം എത്തിയത്. ഷൂട്ടിങ് സെറ്റില്‍ വെച്ചാണ് തനിക്ക് ദേശീയ പുരസ്കാരം ലഭിച്ച വിവരം ഇന്ദ്രൻസ് അറിയുന്നത്. സന്തോഷം പങ്കിടാൻ ഭാര്യയും ഇന്ദ്രൻസിനൊപ്പം സെറ്റിലുണ്ടായിരുന്നു. സഹപ്രവര്‍ത്തകരെല്ലാം ഇന്ദ്രൻസിനെ പൊന്നാട അണിയിച്ചാണ് പുരസ്കാരം ലഭിച്ച സന്തോഷം ആഘോഷിച്ചത്. ‘മനുഷ്യരല്ലേ… കിട്ടുമ്ബോള്‍ സന്തോഷം… കിട്ടാത്തപ്പോള്‍ വിഷമം’ എന്നാണ് ഇന്ദ്രൻസ് പ്രതികരിച്ചത്. ‘അവാര്‍ഡ് ലഭിച്ചതില്‍ സന്തോഷമുണ്ട്. പ്രപഞ്ചത്തില്‍ ഒരു സത്യമുണ്ട്. മനുഷ്യരല്ലേ അവാര്‍ഡ് കിട്ടുമ്ബോള്‍ സന്തോഷം വരും കിട്ടാത്തപ്പോള്‍ വിഷമം തോന്നും. അവാര്‍ഡ് പ്രതീക്ഷിച്ചില്ല. സിനിമ ഇറങ്ങിയിട്ട് രണ്ട് വര്‍ഷമായല്ലോ ഇതൊക്കെ കഴിഞ്ഞുപോയി എന്നാണ് കരുതിയത്. പക്ഷെ ദേശീയ പുരസ്‌കാരം കഴിഞ്ഞില്ലെന്ന് എനിക്ക് അറിയില്ലായിരുന്നു.’


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

‘എന്നേക്കാള്‍ കഷ്ടപ്പെട്ടവരാണ് സിനിമയിലുള്ള മറ്റുള്ളവര്‍. അത് അംഗീകരിക്കാതെ പോയതില്‍ അന്ന് എല്ലാവര്‍ക്കും സങ്കടം ഉണ്ടായിരുന്നു. ഒരുവര്‍ഷത്തോളം തിയറ്റര്‍ തുറക്കാൻ കാത്തിരുന്ന് എന്നിട്ടും തുറക്കാതെ വന്നപ്പോഴാണ് ഒടിടിയില്‍ കൊടുത്തത്. പക്ഷെ അംഗീകാരം എല്ലാ പ്രേക്ഷകരില്‍ നിന്നും കിട്ടിയിരുന്നു. ഇപ്പോള്‍ ദേശീയതലത്തില്‍ അംഗീകാരം കിട്ടിയതില്‍ സന്തോഷമുണ്ടെന്ന്’, ഇന്ദ്രൻസ് പറയുന്നു.

നേരത്തെ മുതലുള്ള ഉത്തരവാദിത്വം തുടര്‍ന്നും ഉണ്ടാകുമെന്നും താരം കൂട്ടിച്ചേര്‍ത്തു. സിനിമാ മേഖലയിലെ താരത്തിന്റെ സഹപ്രവര്‍ത്തകരും ആരാധകരും അടക്കം ഇന്ദ്രൻസിന് ആശംസകള്‍‌ നേരുന്നുണ്ട്. കൊവിഡ് കാലത്ത് നിയന്ത്രണങ്ങള്‍ക്കുള്ളില്‍ നിന്ന് ചിത്രീകരിച്ച്‌ ഒടിടി വഴി പ്രേക്ഷകരിലേക്ക് എത്തിയ സിനിമയാണ് ഹോം.

സംസ്ഥാന പുരസ്കാരം പ്രഖ്യാപിച്ചപ്പോള്‍ ഇന്ദ്രൻസിന് വേണ്ട അംഗീകാരം ലഭിക്കാതെ പോയതില്‍ സിനിമാപ്രേമികള്‍ക്ക് എതിര്‍പ്പുണ്ടായിരുന്നു. വലിയ വിവാദങ്ങളും അതേ തുടര്‍ന്ന് ഉണ്ടായിരുന്നു. ഇപ്പോഴിതാ സംസ്ഥാനവും കടന്ന് ദേശീയ തലത്തില്‍ നിന്നുള്ള അംഗീകാരം ഇന്ദ്രൻസിന് ലഭിച്ചത് കേരളത്തിന് അഭിമാനിക്കാൻ വക നല്‍കുന്ന ഒന്നാണ്.

റോജിന്‍ തോമസാണ് ഹോം സംവിധാനം ചെയ്തത്. മാലയാള സിനിമയില്‍ 40 വര്‍ഷങ്ങള്‍ പൂര്‍ത്തിയാക്കുന്ന ഇന്ദ്രന്‍സിന്റെ 341-ാമത്തെ ചിത്രംകൂടിയായിരുന്നു ഹോം. റോജിന്‍ തോമസ് തന്നെ കഥയും തിരക്കഥയുമെഴുതിയ ഹോം സിനിമയിലെ ഓരോ രംഗങ്ങളും ഇപ്പോഴും യുട്യൂബില്‍ ഹിറ്റാണ്. മണിയന്‍ പിള്ള രാജു, വിജയ് ബാബു, ജോണി ആന്റണി, ശ്രീകാന്ത് മുരളി, എന്നിവരാണ് ചിത്രത്തിലെ മറ്റ് അഭിനേതാക്കള്‍.

കൊറോണക്കാലത്ത് സ്‌ക്രിപ്റ്റില്‍ മാറ്റങ്ങളൊന്നുമില്ലാതെ ചിത്രീകരിച്ച ആദ്യത്തെ സിനിമയായിരിക്കും ഇതെന്ന് നിര്‍മ്മാതാവ് വിജയ് ബാബു സിനിമയുടെ റിലീസിനോട് അനുബന്ധിച്ച്‌ പറഞ്ഞിരുന്നു. കോമേഡിയൻ എന്ന രീതിയില്‍ ഒതുക്കപ്പെട്ടുപോയ കഴിവുറ്റ പ്രതിഭകളില്‍ ഒരാളാണ് ഇന്ദ്രൻസ് എന്ന നടൻ. കുറച്ച്‌ വര്‍ഷങ്ങളെ ആയുള്ളു പ്രധാന വേഷങ്ങള്‍ ചെയ്ത് തുടങ്ങിയിട്ട്.

ആളൊരുക്കത്തിന്റെ റിലീസിന് ശേഷമാണ് ഇന്ദ്രൻസിലെ പ്രതിഭ മലയാള സിനിമ കൂടുതലായും ഉപയോഗിച്ച്‌ തുടങ്ങിയത്. തയ്യല്‍ക്കാരനില്‍ നിന്നും മെലിഞ്ഞ് നീണ്ട കഴുത്തും കൊടക്കമ്ബിയെന്ന ഓമന പേരുമായി സിനിമയില്‍ ചെറിയ ചെറിയ വേഷങ്ങളില്‍ മലയാള സിനിമയിലെ മാറ്റങ്ങള്‍ക്കൊപ്പം വളര്‍ന്ന നടനായിരുന്നു ഇന്ദ്രൻസ്.

സിനിമയില്‍ അരികുവല്‍ക്കരിക്കപ്പെട്ടുവെങ്കിലും മലയാളസിനിമയുടെ പരിണാമത്തിന്റെ സാക്ഷിയെന്ന നിലയില്‍ അദ്ദേഹം സിനിമയില്‍ ആടിത്തീര്‍ത്ത കഥാപാത്രങ്ങള്‍ നിരവധിയാണ്. കാടുപൂക്കുന്ന നേരം, ശുദ്ധരില്‍ ശുദ്ധൻ, മണ്‍റോതുരുത്ത്, അമീബ, കഥാവശേഷൻ, ഒറ്റമുറിവെളിച്ചം, ഹോം എന്ന സിനിമയിലെ ഒലിവര്‍ ട്വിസ്റ്റ് എന്നിവയെല്ലാം ഇന്ദ്രൻസിന്റെ മികച്ച പ്രകടനങ്ങള്‍ നിറഞ്ഞ സിനിമകളും കഥാപാത്രങ്ങളുമാണ്. ശരീരഭാഷയുടെ പരിമിതിക്കുള്ളില്‍ നിന്നുകൊണ്ട് തനിക്ക് ലഭിച്ച കഥാപാത്രങ്ങളോട് നീതിപുലര്‍ത്തിയ അപൂര്‍വ്വം നടന്മാരില്‍ ഒരാള്‍ കൂടിയാണ് ഇന്ദ്രൻസ്.

Hot Topics

Related Articles