ലണ്ടൻ : മാഞ്ചസ്റ്റര്‍ യുണൈറ്റഡ് ക്ലബിനും ആരാധകര്‍ക്കും നഷ്ടമായ ഊര്‍ജ്ജം തിരികെ കിട്ടിയ രാത്രിയായി. ഓള്‍ഡ് ട്രാഫോര്‍ഡില്‍ മാഞ്ചസ്റ്റര്‍ യുണൈറ്റഡിന്റെ ഒരു ക്ലാസിക് കം ബാക്ക് കണ്ട മത്സരത്തില്‍ യുണൈറ്റഡ് നോട്ടിങ്ഹാം ഫോറസ്റ്റിനെ 3-2ന് തോല്‍പ്പിച്ച് 3 പോയിന്റ് സ്വന്തമാക്കി.
ആദ്യ നാലു മിനുട്ടില്‍ 2 ഗോളിന് പിറകില്‍ പോയ ശേഷം തിരിച്ചടിച്ചാണ് യുണൈറ്റഡ് ഈ വിജയം സ്വന്തമാക്കിയത്.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
ഇന്ന് ഓള്‍ഡ്ട്രാഫോര്‍ഡില്‍ ഒരു ദുരന്ത സമാനനായ തുടക്കമാണ് മാഞ്ചസ്റ്റര്‍ യുണൈറ്റഡിന് ലഭിച്ചത്. ആദ്യ നാലു മിനുട്ടില്‍ തന്നെ നോട്ടിങ്ഹാം ഫോറസ്റ്റ് 2 ഗോളുകള്‍ക്ക് മുന്നില്‍ എത്തി. മത്സരം ആരംഭിച്ച് ആദ്യ മിനുട്ടില്‍ തന്നെ ഫോറസ്റ്റ് ലീഡ് എടുത്തു. യുണൈറ്റഡിന്റെ ഒരു കോര്‍ണറില്‍ നിന്ന് കൗണ്ടര്‍ അറ്റാക്ക് നടത്തി മൈതാന മധ്യം മുതല്‍ ഒറ്റയ്ക്ക് കുതിച്ച ഫോറസ്റ്റ് സ്ട്രൈക്കര്‍ അവോനിയി അവര്‍ക്ക് ലീഡ് നല്കി.
ആ ഷോക്കില്‍ നിന്ന് യുണൈറ്റഡ് കരകയറും മുമ്ബ് രണ്ടാം ഗോളും ഫോറസ്റ്റ് നേടി. ഒരു കോര്‍ണറില്‍ നിന്ന് ഫ്രീ ഹെഡറിലൂടെ വിലി ബോളിയാണ് അവരുടെ രണ്ടാം ഗോള്‍ നേടിയത്. അഞ്ചു മിനുട്ടിനകം സന്ദര്‍ശകര്‍ 2-0നു മുന്നില്‍. പൊതുവെ ഗോളടിക്കാൻ പ്രയാസപ്പെടുന്ന മാഞ്ചസ്റ്റര്‍ യുണൈറ്റഡിന് മുന്നില്‍ വലിയ മലയായി ഈ 2-0 മാറി.
ഈ ഗോളിന് ശേഷം മാഞ്ചസ്റ്റര്‍ യുണൈറ്റഡ് പൂര്‍ണ്ണമായും അറ്റാക്കിലേക്ക് മാറി. 17ആം മിനുട്ടില്‍ റാഷ്ഫോര്‍ഡിന്റെ ഒരു പാസില്‍ നിന്ന് എറിക്സണിലൂടെ യുണൈറ്റഡ് ഒരു ഗോള്‍ മടക്കി. അവര്‍ സമനില ഗോളിനായുള്ള ശ്രമം തുടര്‍ന്നു എങ്കിലും ഫലം ഉണ്ടായില്ല. കസെമിറോക്ക് ഒരു നല്ല അവസരം കിട്ടിയെങ്കിലും അദ്ദേഹത്തിന്റെ ഹെഡര്‍ ടാര്‍ഗറ്റിലേക്ക് എത്തിയില്ല. ആദ്യ പകുതി 1-2ന് പിരിഞ്ഞു.
രണ്ടാം പകുതിയുടെ തുടക്കത്തില്‍ 52ആം മിനുട്ടില്‍ മനോഹരമായ ഒരു ഫ്രീകിക്കിന് ഒടുവില്‍ കസെമിറോ യുണൈറ്റഡിന് സമനില നല്കി. ബ്രൂണോയുടെ അസിസ്റ്റില്‍ നിന്ന് ഗോള്‍ വരയ്ക്ക് തൊട്ടു മുന്നില്‍ നിന്നായിരുന്നു കസെമിറോയുടെ ഫിനിഷ്. സ്കോര്‍ 2-2.
പിന്നെയും യുണൈറ്റഡ് ആക്രമണം തുടര്‍ന്നു. 54ആം മിനുട്ടില്‍ ആന്റണിയുടെ ഗോള്‍ എന്ന് ഉറപ്പിച്ച ഷോട്ട് ടര്‍ണര്‍ തടഞ്ഞത് സ്കോര്‍ സമനിലയില്‍ നിര്‍ത്തി. ബ്രൂണോയും വിജയ ഗോളിന് അടുത്ത് എത്തുന്നത് കാണാൻ ആയി. മാഞ്ചസ്റ്റര്‍ യുണൈറ്റഡ് അറ്റാക്ക് ശക്തമാക്കാനായി മാര്‍ഷ്യലിനെ പിൻവലിച്ചു സാഞ്ചോയെ അവര്‍ കളത്തില്‍ ഇറക്കി.
68ആം മിനുട്ടില്‍ ഫോറസ്റ്റിന്റെ വോറല്‍ ബ്രൂണോ ഫെര്‍ണാണ്ടസിനെ ഫൗള്‍ ചെയ്തതിനു ചുവപ്പ് കാര്‍ഡ് വാങ്ങി പുറത്തു പോയി. പിന്നെ യുണൈറ്റഡ് അറ്റാക്ക് മാത്രം ആയി. 75ആം മിനുട്ടില്‍ റാഷ്ഫോര്‍ഡിനെ ഡനിലോ വീഴ്ത്തിയതിന് മാഞ്ചസ്റ്റര്‍ യുണൈറ്റഡിന് പെനാള്‍ട്ടി ലഭിച്ചു. പെനാള്‍ട്ടി എടുത്ത ബ്രൂണോ ഫെര്‍ണാണ്ടസ് യുണൈറ്റഡിനെ മുന്നില്‍ എത്തിച്ചു. 0-2ല്‍ നിന്ന് യുണൈറ്റഡ് 3-2ലേക്ക് എത്തിയ നിമിഷം.
മൂന്നാം ഗോള്‍ നേടിയ ശേഷം മാഞ്ചസ്റ്റര്‍ യുണൈറ്റഡ് കളി നിയന്ത്രിക്കാൻ പാടുപെട്ടു എങ്കിലും അവസാനം അവര്‍ വിജയൻ ഉറപ്പിച്ചു. ഈ വിജയത്തോടെ മാഞ്ചസ്റ്റര്‍ യുണൈറ്റഡിന് മൂന്ന് മത്സരങ്ങളില്‍ നിന്ന് ആറ് പോയിന്റ് ആയി. ഫോറസ്റ്റിന് ഇത് സീസണിലെ രണ്ടാം പരാജയമാണ്.