തൃശൂർ: നെൽകർഷകർക്ക് നെല്ല് സംഭരിക്കുന്നതിനു കേന്ദ്ര സർക്കാർ നൽകുന്ന 20.40 രൂപ പി ആർ എസ് ലോണായി നൽകുന്നത് കർഷകരോടുള്ള വഞ്ചനയാണെന്നു കേരള കോൺഗ്രസ് ഡെപ്യൂട്ടി ചെയർമാൻ തോമസ് ഉണ്ണിയാടൻ പറഞ്ഞു. കർഷകർ വിളയിച്ചെടുത്ത നെല്ല് സംഭരിച്ച സംസ്ഥാന സർക്കാർ അത് വിറ്റ് പണമാക്കിയിട്ടും കർഷകർക്ക് സംഭരണ വിലയായ 28.32 രൂപ നൽകാതെ സംസ്ഥാന വിഹിതമായ 7.92 രൂപ മാത്രം നൽകുന്നത് കർഷകരോടുള്ള ക്രൂരതയാണ്. ഇതിനോടൊപ്പം നൽകേണ്ട കേന്ദ്രവിഹിതമായ 20.40 രൂപ സംസ്ഥാന സർക്കാരിന് കിട്ടിയിട്ടും കർഷകർക്ക് അത് ലോണയി നൽകുന്നത് വഞ്ചനയാണ്.
പണം ഉടൻ നൽകുമെന്ന് മന്ത്രി പറയാൻ തുടങ്ങിയിട്ട് നാല് മാസമായി. ഓണക്കാലമായിട്ടും ഇരുപത്തിനാലായിരത്തോളം വരുന്ന കർഷകർക്ക് കയ്യിൽ വന്ന പണം പോലും നൽകാതെ സർക്കാർ ചതിക്കുകയാണെന്നും ഉണ്ണിയാടൻ പറഞ്ഞു.