സപ്ലൈകോ ഓണ്‍ലൈന്‍ വില്പനയ്ക്കും ഹോം ഡെലിവറിക്കും ഒരുങ്ങുന്നു; സംസ്ഥാനതല ഉദ്ഘാടനം ശനിയാഴ്ച

തൃശൂര്‍: സംസ്ഥാന സര്‍ക്കാര്‍ സപ്ലൈകോയില്‍ നടത്തിവരുന്ന നവീകരണത്തിന്റെ ഭാഗമായി 500ല്‍ അധികം സപ്ലൈകോ സൂപ്പര്‍ മാര്‍ക്കറ്റുകളിലൂടെ ഓണ്‍ലൈന്‍ വില്പനയും ഹോം ഡെലിവറിയും ആരംഭിക്കുന്നു. ഓണ്‍ലൈന്‍ വില്പനയുടെ സംസ്ഥാന തല ഉദ്ഘാടനം ശനിയാഴ്ച (ഡിസം. 11) ഉച്ചയ്ക്ക് 12ന് തൃശൂര്‍ കളക്റ്ററേറ്റ് പരിസരത്തെ പ്ലാനിങ്ങ് ഹാളില്‍ റവന്യൂ വകുപ്പ് മന്ത്രി കെ.രാജന്‍ നിര്‍വഹിക്കും. ഭക്ഷ്യ-പൊതുവിതരണ വകുപ്പ് മന്ത്രി അഡ്വ.ജി.ആര്‍. അനില്‍ അധ്യക്ഷത വഹിക്കും. പി.ബാലചന്ദ്രന്‍ എം.എല്‍.എ, ടി.എന്‍.പ്രതാപന്‍ എം.പി, എന്നിവര്‍ മുഖ്യാതിഥികളായിരിക്കും. മേയര്‍ എം.കെ.വര്‍ഗീസ് ആദ്യ ഓര്‍ഡര്‍ സ്വീകരിക്കും. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.കെ.ഡേവീസ് മാസ്റ്റര്‍, ജില്ലാ കളക്ടര്‍ ഹരിത വി.കുമാര്‍, ഡിവിഷന്‍ കൗണ്‍സിലര്‍ സുനിത വിനു, വിവിധ രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍ ആശംസ നേരും. സി.എം.ഡി അലി അസ്ഗര്‍ പാഷ സ്വാഗതവും ജനറല്‍ മാനേജര്‍ ടി.പി സലിം കുമാര്‍ നന്ദിയും പറയും.

Advertisements

ഓണ്‍ലൈന്‍ വിപണനം പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി നിരവധി ആനുകൂല്യങ്ങള്‍ സപ്ലൈകോ നല്‍കും. ഓണ്‍ലൈന്‍ വില്പനയുടെ ആരംഭം മുതല്‍ ഈ സാമ്പത്തിക വര്‍ഷാവസാനം വരെ ഓണ്‍ലൈന്‍ ഓര്‍ഡര്‍ വഴി ഉല്പന്നങ്ങള്‍ വാങ്ങുന്ന ഉപഭോക്താവിന് ബില്ലില്‍ അഞ്ചു ശതമാനം ഇളവ് നല്‍കും.1000 രൂപയ്ക്ക് മുകളിലുള്ള ബില്ലിന് അഞ്ചു ശതമാനം കിഴിവിനൊപ്പം ഒരു കിലോ ചക്കി ഫ്രഷ്‌ഹോള്‍ വീറ്റ് ആട്ടയായിരിക്കും നല്‍കുക. 2000 രൂപയ്ക്കു മുകളിലുള്ള ബില്ലിന് അഞ്ചു ശതമാനം കിഴിവിനൊപ്പം 250 ഗ്രാം ജാര്‍ ശബരി ഗോള്‍ഡ് തേയില നല്‍കും. 5000 രൂപയ്ക്ക് മുകളിലെ ബില്ലിന് അഞ്ച് ശതമാനം കിഴിവിനൊപ്പം ശബരി വെളിച്ചെണ്ണയുടെ ഒരു ലിറ്റര്‍ പൗച്ച് ലഭ്യമാകും. സൂപ്പര്‍ മാര്‍ക്കറ്റുകളുടെ 10 കിലോമീറ്റര്‍ ചുറ്റളവില്‍ ഹോം ഡെലിവറി നടത്താനാണ് ഉദ്ദേശിക്കുന്നത്.
നാലു കിലോമീറ്റര്‍ പരിധിയില്‍ അഞ്ചു കിലോ തൂക്കം വരുന്ന ഓര്‍ഡര്‍ വിതരണം ചെയ്യുന്നതിന് 35 രൂപയും ജിഎസ്ടി യുമാണ് ഈടാക്കുക. അധികം ദൂരത്തിനും ഭാരത്തിനും അനുസരിച്ച് വിതരണ നിരക്ക് വര്‍ധിക്കും.

Hot Topics

Related Articles