ആലപ്പുഴ: കെ.എസ്.ആര്.ടി.സി. ബസുകളില്‍ മാസ്ക് ധരിക്കാതെ യാത്രചെയ്യുന്നവര്‍ക്ക് പിടിവീഴും. യാത്രക്കാര്‍ മാത്രമല്ല, ബസിലെ ജീവനക്കാരും മുഖാവരണം ധരിക്കാന്‍ വിമുഖത കാണിക്കുന്നുവെന്നു കണ്ടെത്തിയതോടെയാണ് സ്ക്വാഡ് ഇന്‍സ്പെക്ടര്‍മാരെയാണു പരിശോധനയ്ക്കു നിയോഗിക്കുന്നത്. ഭൂരിഭാഗം യാത്രക്കാരും ജീവനക്കാരും ശരിയായരീതിയിലല്ല മാസ്ക് ധരിക്കുന്നത്. ബസില്‍ കയറിയാല്‍ മാസ്ക് ഊരിമാറ്റുകയോ താടിയിലേക്കു താഴ്ത്തിയിടുകയോ മടക്കി പോക്കറ്റില്‍ വെക്കുകയോ ചെയ്യുന്ന പ്രവണത കൂടിയതിനാലാണ് പരിശോധന കര്‍ശനമാക്കുന്നത്. ഇന്‍സ്പെക്ടര്‍മാര്‍ ഓരോദിവസവും അവരെ ചുമതലപ്പെടുത്തുന്ന നിശ്ചിതയെണ്ണം ബസുകളില്‍ പരിശോധന നടത്തും. ഇതു കര്‍ശനമായി നടക്കുന്നുണ്ടെന്ന് വിജിലന്‍സ് ഓഫീസര്‍ ഉറപ്പാക്കണമെന്നും കെ.എസ്.ആര്.ടി.സി. എക്സിക്യുട്ടീവ് ഡയറക്ടര്‍(ഓപ്പറേഷന്‍സ്) ഉത്തരവിട്ടു.
മാസ്ക് ധരിക്കണമെന്ന് ആവശ്യപ്പെട്ടതിനെ തുടര്‍ന്ന് കുറച്ചുദിവസംമുന്‍പ് യാത്രയ്ക്കിടെ അമ്പലപ്പുഴയില്വെച്ച് മുഖാവരണം വെക്കാന്‍ ആവശ്യപ്പെട്ട കണ്ടക്ടറെ യാത്രക്കാരന് മര്‍ദ്ദിച്ചിരുന്നു. രണ്ടുഡോസ് വാക്സിന് സ്വീകരിച്ചതും കോവിഡ് നിയന്ത്രണങ്ങളില്‍ അയവുവന്നതും കാരണം ബസ് യാത്രികരില്‍ ഒരുവിഭാഗം മുഖാവരണം ഉപയോഗിക്കാന്‍ കൂട്ടാക്കുന്നില്ലെന്നാണു പരാതി. ഇതുസംബന്ധിച്ച് മനുഷ്യാവകാശ കമ്മിഷനും പരാതികള്‍ ലഭിച്ചു. ഒമിക്രോണ്പോലുള്ള കോവിഡ് വകഭേദങ്ങള്‍ പടരുന്ന പശ്ചാത്തലത്തില്‍ ജനങ്ങളുടെ സുരക്ഷ ഉറപ്പാക്കാനാണു പരിശോധന ആരംഭിക്കുന്നതെന്ന് അധികൃതര്‍ അറിയിച്ചു.