ന്യൂഡല്‍ഹി: മുല്ലപ്പെരിയാര്‍ അണക്കെട്ടില്‍ നിന്ന് രാത്രികാലങ്ങളില്‍ മുന്നറിയിപ്പില്ലാതെ വെള്ളം തുറന്നുവിടുന്നത് തടയണമെന്ന് ആവശ്യപ്പെട്ടുള്ള കേരളത്തിന്റെ ഹരജിയില്‍ മറുപടി നല്‍കാന്‍ തമിഴ്നാടിന് സാവകാശം. കേസ് സുപ്രീം കോടതി 15ന് വീണ്ടും പരിഗണിക്കും. ജസ്റ്റിസ് എ എം ഖാന്‍വീല്‍ക്കര്‍ അധ്യക്ഷനായ ബഞ്ചാണ് കേസ് പരിഗണിക്കുന്നത്.രാത്രികാലങ്ങളില്‍ മുന്നറിയിപ്പില്ലാതെ വെള്ളം തുറന്നുവിടുന്നത് കാരണം പെരിയാര്‍ തീരത്തെ വീടുകളില്‍ വെള്ളം കയറുന്നതായി കേരളം ഹരജിയില്‍ വ്യക്തമാക്കിയിരുന്നു.
ജനജീവിതം അപകടത്തിലാക്കുന്ന തമിഴ്നാടിന്റെ നടപടി തടയുക, സ്പില്‍വേ ഷട്ടറുകള്‍ തുറക്കുന്നതിലും തുറന്നുവിടുന്ന വെള്ളത്തിന്റെ അളവിലും തീരുമാനമെടുക്കാന്‍ കേരളത്തിന്റെയും തമിഴ്നാടിന്റെയും പ്രതിനിധികള്‍ ഉള്‍പ്പെട്ട സാങ്കേതിക സമിതി രൂപവത്ക്കരിക്കുക തുടങ്ങിയ ആവശ്യങ്ങളും കേരളത്തിന്റെ ഹരജിയിലുണ്ട്. നിലവില്‍ 141.95 അടിയാണ് മുല്ലപ്പെരിയാര്‍ അണക്കെട്ടിലെ ജലനിരപ്പ്.